കാടറിഞ്ഞ് കാനന വകുപ്പ്

കാടറിഞ്ഞ്  കാനന വകുപ്പ്

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സംസ്ഥാനമാണ് കേരളം. കാടും മലയും കാട്ടാറും കടലും കായലുമായി സൗന്ദര്യമേറെയുള്ള നാട്. 16 വന്യജീവി സങ്കേതങ്ങളും ആറ് നാഷ്ണല്‍ പാര്‍ക്കുകളും കൊച്ചു കേരളത്തിലുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയിലും പരിസ്ഥിതി സംരക്ഷണത്തിലും നിര്‍ണായക പ്രാധാന്യമുള്ളതാണ് കേരള വനം വന്യജീവി വകുപ്പ്.
അനുദിനം കുറഞ്ഞുവരുന്ന വനസമ്പത്ത് വര്‍ധിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് ഭാവിയുടെ നിലനില്‍പ്പിന് അനിവാര്യമാണ്. വനസംരക്ഷണത്തിന്റെ പ്രസക്തി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജന പങ്കാളിത്തത്തോടെ വനംവകുപ്പ് നടത്തുന്ന പദ്ധതികള്‍ ഏറെ പ്രസക്തമാണ്. ഇതില്‍ എടുത്തുപറയേണ്ട ഒന്നാണ് സാമൂഹ്യവനവല്‍ക്കരണം. വനം-വന്യജീവി വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ 40 ശതമാനത്തോളം ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതികളാണ്. ഇതിന്റെ ഭാഗമായി പൊതു ജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി പ്രകൃതി പഠന ക്യാംപുകളും വനംവകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കാറുണ്ട്. വരുംതലമുറയെ വനവല്‍ക്കരണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താന്‍ ഇത്തരം പദ്ധതികള്‍ ഏറെ പ്രയോജനകരമാകും.
ആഗോളതാപനവും അന്തരീക്ഷ മലിനീകരണവും വര്‍ധിക്കുമ്പോള്‍ നമുക്കുവേണ്ടത് കാടുകള്‍ സംരക്ഷിക്കുകയെന്നതാണ്. ചൂടു കൂടിയാല്‍ മഞ്ഞുരുകുമെന്നും ഇത് കടലിലെ ജലനിരപ്പുയര്‍ത്തുമെന്നും ഇത് വെള്ളപ്പൊക്കത്തിനു കാരണമാകുമെന്നും എല്ലാവര്‍ക്കുമറിയാം. ഇതിനെയെല്ലാം സന്തുലിതമായി നിലനിര്‍ത്തുന്നത് വനങ്ങളാണ്. അതുകൊണ്ടുതന്നെ വനങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇന്ന് വനം വകുപ്പ് മുന്നോട്ടുവയ്ക്കുന്നത്.
”വനവല്‍ക്കരണത്തിന്റെ പ്രചാരണത്തിനായി വനം വകുപ്പ് ഹരിത കേരളം പദ്ധതിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. ജലാശയങ്ങള്‍ സംരക്ഷിച്ചും മരങ്ങള്‍ വച്ചുപിടിപ്പിച്ചും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാനാവുന്ന പദ്ധതിയാണ് ഹരിതകേരളം. ആഗോളതാപനം ചെറുക്കാനും കേരളത്തിന്റെ ഹരിതാഭ നിലനിര്‍ത്താനും ഇതിലൂടെ കഴിയും,” കേരള സംസ്ഥാന വനം വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററും ഹെഡ് ഓഫ് ദി ഫോറസ്റ്റ് ഫോഴ്‌സുമായ ഡോ. എസ് സി ജോഷി ഐഎഫ് എസ് പറയുന്നു.
”വര്‍ധിച്ചുവരുന്ന താപനിലയില്‍ പിടിച്ചുനില്‍ക്കാന്‍ കൃത്രിമ ശീതീകരണത്തിന് പകരം സ്വാഭാവിക തണുപ്പും മറ്റും ലഭ്യമാക്കണം. തടി ഉപയോഗിച്ചുള്ള റൂഫും മറ്റു സാധനങ്ങളും കെട്ടിടത്തിന് സ്വാഭാവികത നല്‍കും. അതേസമയം മറുവശത്ത് വനവല്‍ക്കരണം വ്യാപിപ്പിക്കുകയും വേണം, ” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
വനംവകുപ്പിന്റെ മികവുറ്റ ഓരോ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലും കരുതലോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനാണ് ഡോ. ജോഷി. വകുപ്പിലെ എല്ലാ ജീവനക്കാര്‍ക്കും ഒരുപോലെ പ്രിയങ്കരനായ ഐഎഫ്എസുകാരന്‍. ഡല്‍ഹിയിലെ കോണ്‍ക്രീറ്റ് വനങ്ങള്‍ക്കിടയില്‍ ജിവിച്ച ഡോ. ജോഷി ഐഎഫ്എസിന് കാടുകളോടുള്ള പ്രണയം തുടങ്ങിയത് ബിരുദ പഠനത്തിനു ശേഷമാണ്. വനം വകുപ്പില്‍ 38 വര്‍ഷത്തെ സേവന പരിചയമുണ്ട് അദ്ദേഹത്തിന്. 1978-ല്‍ സര്‍വീസില്‍ പ്രവേശിച്ച ഡോ. ജോഷി 1982-ലാണ് കേരളത്തിലെത്തിയത്. തിരുവനന്തപുരം ഉള്ളൂരിലുള്ള സെന്റര്‍ ഫോര്‍ ഡെലവപ്‌മെന്റ് സ്റ്റഡീസില്‍ നിന്ന് എംഫിലും കരസ്ഥമാക്കി. ഈ സമയത്താണ് ഭോപ്പാലില്‍ വിഷവാതകം ചോര്‍ന്ന് ലോകത്തെ തന്നെ നടുക്കിയ ദുരന്തമുണ്ടായത്.
ഭോപ്പാലിലെ വിഷവാതക ചോര്‍ച്ചയില്‍ മരിച്ചവരോടുള്ള ആദരസൂചകമായി അനുശോചനം രേഖപ്പെടുത്താനും ഉത്തരവാദികളായവര്‍ക്കെതിരേ പ്രതിഷേധിച്ചും കേരളത്തിലെ പ്രബുദ്ധജനത തെരുകളിലിറങ്ങിയപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഡോ. ജോഷി കേരളത്തെ തിരിച്ചറിയാന്‍ തുടങ്ങുകയായിരുന്നു. സാംസ്‌കാരിക കൂട്ടായ്മയിലും പൊതു അവബോധത്തിലും മലയാളികള്‍ ഏറെ മുന്നിലാണെന്ന് ഈ ഐഎഫ്എസുകാരന്‍ അഭിപ്രായപ്പെടുന്നു.
വരാനിരിക്കുന്ന ലോകമഹായുദ്ധം ആയുധങ്ങള്‍ക്കും അതിര്‍ത്തികള്‍ക്കും വേണ്ടിയല്ല ജലത്തിനു വേണ്ടിയുള്ളതായിരിക്കുമെന്നാണ് വിലയിരുത്തല്‍. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ജലക്ഷാമം നാമമാത്രമാണ്. അയല്‍സംസ്ഥാനങ്ങളെല്ലാം വറുതിയിലായപ്പോള്‍ കേരളത്തിലെ ചില ജില്ലകളിലെങ്കിലും ജനങ്ങള്‍ വെള്ളത്തിനായി നെട്ടോട്ടമോടിയിരുന്നു. അതുകൊണ്ടുതന്നെ ജല -ജൈവവൈവിധ്യ സംരക്ഷണത്തിന് വനംവകുപ്പ് മികച്ച പ്രാധാന്യം നല്‍കുന്നുണ്ട്. ജല ദൗര്‍ലഭ്യം കുറയ്ക്കാനും വൃക്ഷങ്ങള്‍ നടുന്നതിന്റെ പ്രാധാന്യവും കാട് നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയും പൊതുജനങ്ങളെ ബോധ്യപ്പെടുത്താനായി ഫോറസ്റ്റ് ഫോര്‍ വാട്ടര്‍ എന്ന പദ്ധതി രൂപീകരിച്ചിരിക്കുകയാണിപ്പോള്‍ വകുപ്പ് .
കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും തങ്ങളുടെ പല പ്രവര്‍ത്തനങ്ങളും അഞ്ച് വര്‍ഷത്തെ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് പ്രാവര്‍ത്തികമാക്കാറ്. എല്ലാ വകുപ്പുകളിലും ഈ രീതിയാണ് പിന്തുടരുന്നത്. വനം വന്യജീവി വകുപ്പിന്റെ അടുത്ത അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ ഈ വകുപ്പില്‍ നിന്ന് നേരിട്ട് പ്രയോജനം ലഭിക്കാത്ത മേഖലകളിലേക്കുകൂടി പ്രയോജനങ്ങള്‍ എത്തിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് 2017 ഏപ്രില്‍ മുതല്‍ വരുന്ന അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളോടൊപ്പം മുന്നോട്ടുവയ്ക്കുന്നത്. ജല സംരക്ഷണത്തിനു സഹായകമാകുന്ന പ്രവര്‍ത്തനങ്ങളും അതോടൊപ്പം തന്നെ മറ്റ് ആവാസവ്യവസ്ഥകളിലേക്കും വകുപ്പിന്റെ പ്രയോജനങ്ങള്‍ എത്തിക്കാനായിരിക്കും മുന്‍ഗണന നല്‍കുന്നത്. തടിയുടെ ലഭ്യത അതില്‍ നിന്നുള്ള ആദായം എന്നിവയില്‍ മാത്രമായി ഈ വകുപ്പ് ഒതുങ്ങിപ്പോകാതെ ജൈവവൈവിധ്യങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ സ്ഥാനം പിടിക്കേണ്ടതുണ്ട്. അതില്‍ പ്രധാനമാണ് ജല സംരക്ഷണം.
”മറ്റു വകുപ്പുകള്‍ പോലെ മാധ്യമങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളല്ല ഈ വകുപ്പിലുള്ളത്. ഞങ്ങള്‍ക്ക് സംരക്ഷിക്കേണ്ടത് വനവും വന്യജീവികളുമടങ്ങുന്ന വിപുലമായ ജൈവസമ്പത്താണ്. കൃത്യതയോടെയും അതീവശ്രദ്ധയോടെയുമാണ് വനങ്ങള്‍ പരിപാലിക്കുന്നത്. കാടിറങ്ങിയ വന്യമൃഗങ്ങളെ കൊല്ലുന്നുവെന്നത് മാധ്യമങ്ങളില്‍ പലപ്പോഴും കാണുന്ന വാര്‍ത്തകളാണ്. ഒരിക്കലും കൊട്ടിഘോഷിച്ച് ആഘോഷിക്കേണ്ട വാര്‍ത്തകളല്ല ഇവയൊന്നും. വാര്‍ത്തകള്‍ ജനങ്ങള്‍ അറിയണമെങ്കിലും അത് വന്യമൃഗങ്ങളുടെ ജീവന്‍ അപഹരിക്കുന്നതിനെ ആഘോഷിച്ചുകൊണ്ടാവരുത്. അവരുടെ വാസസ്ഥലം മനുഷ്യരാണ് കൈയേറിയിരിക്കുന്നത്. നല്ല വാര്‍ത്തകളും ജനങ്ങളറിയണം. വനത്തെയും വന്യ മൃഗങ്ങളെയും സംരക്ഷിക്കുന്നവരെക്കൂടി സമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടണം. മുന്‍കാലങ്ങളിലേതിനേക്കാള്‍ കാര്യങ്ങള്‍ കുറച്ചുകൂടി മെച്ചപ്പെട്ടിട്ടുണ്ട്. സമൂഹത്തിനുവേണ്ടിയുള്ള നിരവധി പദ്ധതികള്‍ ഇവിടെ നടപ്പാക്കുന്നുണ്ട്. അവയെല്ലാം ജനങ്ങളെ അറിയിക്കുന്നതില്‍ മാധ്യമങ്ങള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്, ” ഡോ. ജോഷി പറയുന്നു.
”നിയമങ്ങളില്‍ വെള്ളം ചേര്‍ക്കുന്ന ഉദ്യോഗസ്ഥര്‍ ചിലരെങ്കിലും ഉണ്ടെങ്കിലും നിയമങ്ങളെല്ലാം കര്‍ശനമായിത്തന്നെ നടപ്പിലാക്കാന്‍ വകുപ്പ് പരിശ്രമിക്കുന്നുണ്ട്. പക്ഷേ വനംവകുപ്പിനെ സംശയത്തിന്റെ നിഴലില്‍ മാത്രം നോക്കിക്കാണുകയും കുറവുകള്‍ മാത്രം പ്രചരിപ്പിക്കാന്‍ ആളുകള്‍ ശ്രമിക്കുകയും ചെയ്യുന്നത് ഖേദകരമാണ്, ” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ജൈവവൈവിധ്യത്തോടൊപ്പം തന്നെ സംരക്ഷിക്കപ്പെടേണ്ടതാണ് ഗോത്രവിഭാഗങ്ങള്‍. കാടിന്റെ മക്കളെ സംരക്ഷിക്കാന്‍ പ്രത്യേക വകുപ്പുതന്നെ സംസ്ഥാന സര്‍ക്കാരിനു കീഴിലുണ്ട്. എങ്കിലും വനംവകുപ്പിനു കൂടി ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ട്. ഗോത്രവര്‍ഗങ്ങളെപ്പോലെ കാടിന്റെ സ്പന്ദനമറിയുന്നവരാണ് വനപാലകരും. അടുത്തിടെയാണ് നിലമ്പൂര്‍ കാടുകളില്‍ മാവോവാദികളെ പോലീസ് വധിച്ചത്. ”വനംവകുപ്പിന്റെ കൃത്യസമയത്തുള്ള ഇടപെടലുകളിലൂടെയാണ് സായുധ വിപ്ലവകാരികളെ നിയന്ത്രിക്കാന്‍ കഴിയുന്നത്. എന്നാല്‍ വനംവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ അവഗണിക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നുണ്ടെന്നും, ”ജോഷി അഭിപ്രായപ്പെടുന്നു.
വന്യജീവികളുടെയും ഇഴജന്തുക്കളുടെയും ആക്രമണമുണ്ടായാല്‍ ആളുകള്‍ ആദ്യം വിളിക്കുക വനം വകുപ്പിനെത്തന്നെയാണ്. ജനങ്ങള്‍ക്കു ജീവഹാനി സംഭവിക്കാതിരിക്കാന്‍ ഏതുസമയവും ജാഗരൂകരായി പ്രവര്‍ത്തിക്കുന്ന വനപാലകര്‍ ആക്രമണങ്ങള്‍ക്കിരയാകുന്ന സംഭവങ്ങളില്‍ ഉദാസീനത കാട്ടുന്നത് ലജ്ജാകരമാണ്. സുഗതകുമാരി ടീച്ചറുമായുള്ള സൗഹൃദമാണ് കേരളത്തെ കൂടുതല്‍ അടുത്തറിയാന്‍ ഇദ്ദേഹത്തെ സഹായിച്ചത്. പരിസ്ഥിതി വിഷയങ്ങളില്‍ കൃത്യമായി ഇടപെട്ടും മലയാളത്തിന് സമഗ്രസംഭാവനകള്‍ നല്‍കിയും കേരളത്തിന്റെ സ്വന്തം ടീച്ചറായ സുഗതകുമാരി ഇദ്ദേഹത്തിനെന്നും ഗുരുസ്ഥാനീയയാണ്. അതുപോലെ തന്നെയാണ് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും. സാധാരണക്കാര്‍ക്കു വേണ്ടി സാധാരണക്കാരനായി നിലകൊണ്ട വ്യക്തിയാണ് അച്യുതാനന്ദന്‍. കേരളത്തിനു ലഭിച്ച അനുഗ്രഹങ്ങളാണ് ഇത്തരം വ്യക്തിത്വങ്ങളെന്നും ഡോ. ജോഷി അഭിപ്രായപ്പെടുന്നു. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ എക്കാലത്തേയും മികച്ച ഓഫീസര്‍മാരിലൊരാളായ ഡോ. ചൂലാഴി തെക്കേതൊടി സി വശങ്കരന്‍ നായര്‍ എന്ന സിടിഎസ് നായര്‍ , കെ ജെ ജോസഫ് എന്നിവര്‍ ഡോ. എസ് സി ജോഷി ഐഎഫ്എസിന്റെ പ്രവര്‍ത്തനമേഖലയിലെ ഗുരു സ്ഥാനീയരാണ്.
7500 ജീവനക്കാരുള്ള വനം വന്യജീവി വകുപ്പിന് എല്ലാ ജില്ലകളിലുമായി അമ്പതില്‍പ്പരം ഡിവിഷനുകളാണുള്ളത്. ഇവയ്ക്കുപുറമേ ഗവേഷണ വിഭാഗവും വകുപ്പിന് കീഴിലുണ്ട്. സ്വന്തം തൊഴിലിനോട് എപ്പോഴും ആത്മാര്‍ഥതയുണ്ടായാല്‍ തൊഴില്‍ മേഖലയിലെ പ്രതിസന്ധികള്‍ തരണം ചെയ്യാനാവുമെന്നാണ് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ ഈ ഐഎഫ്എസുകാരന്‍ പറയുന്നത്.
ജല ദൗര്‍ലഭ്യമാണ് നമുക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി. ജലലഭ്യത ഉറപ്പാക്കാനുള്ള നടപടികളാണ് വനം വകുപ്പ് ലക്ഷ്യമിടുന്നത്. ‘ഫോറസ്റ്റ് ഫോര്‍ വാട്ടര്‍’ എന്ന വാചകം പോലും അര്‍ഥപൂ
ര്‍ണമാക്കുകയാണിവര്‍. ഒപ്പം ആവാസ വ്യവസ്ഥയുടെ ഈറ്റില്ലമായ കാടിനെ കേടുകൂടാതെ സംരക്ഷിക്കാനുള്ള കൂടുതല്‍ പദ്ധതികള്‍ ജനകീയ പങ്കാളിത്തോടെ നടപ്പലാക്കാനുള്ള ശ്രമങ്ങളിലാണിപ്പോള്‍ സംസ്ഥാന വനംവകുപ്പ്.
വനം സംരക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടേയും ചുമതലയാണ്. അതിലുപരി വനം വകുപ്പിന്റെ ഉത്തരവാദിത്വവുമാണ്. വരുംനാളുകളില്‍ കാട് ജീവജാലങ്ങള്‍ക്കെന്ന പോലെ നമുക്കും ആശ്രയമാകണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ മാനിക്കേണ്ടത് അനിവാര്യമാണ്. കാട് ഭൂമിയുടെ നിലനില്‍പ്പാണെന്ന തിരിച്ചറിവുണ്ടാകണം. ഓരോ മഴത്തുള്ളിയും ഭൂമിയിലേക്കിറങ്ങണം. നമ്മളെപ്പോലെ വരുംതലമുറയും ഈ ഭൂമിയുടെ അവകാശികളാണ്. അവര്‍ക്കുവേണ്ടി നാളെയുടെ കരുതലായി നമുക്കു ചെയ്യാനാവുന്ന കാര്യങ്ങള്‍ പരമാവധി ചെയ്യണം. ഇൗ ദൗത്യത്തിനായി വനം വകുപ്പുമായി കൈകോര്‍ക്കാം.

Comments

comments

Categories: FK Special

Write a Comment

Your e-mail address will not be published.
Required fields are marked*