പൊലീസിനെതിരേ വിഎസിന്റെ രൂക്ഷ വിമര്‍ശനം

പൊലീസിനെതിരേ വിഎസിന്റെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് വി.എസ്. അച്യുതാനന്ദന്‍. പൊലീസിന്റെ മനോവീര്യം നിലനിര്‍ത്തേണ്ടത് ജനങ്ങളെ ഭീതിയിലാഴ്ത്തിയല്ലെന്നു വിഎസ് പറഞ്ഞു. എഴുത്തുകാരന്‍ കമല്‍ സി. ചവറയെ കസ്റ്റഡിയില്‍ മര്‍ദിച്ച സംഭവത്തിലും ഫോര്‍ട്ട്‌കൊച്ചിയില്‍ കടല്‍ത്തീരത്ത് വിശ്രമിക്കാനെത്തിയ ദമ്പതികളെ പൊലീസ് മര്‍ദിച്ച സംഭവത്തിലുമാണു വി.എസിന്റെ പ്രതികരണം.
ഫാസിസ്റ്റ് ഭരണകൂടത്തിന്റെ മര്‍ദനോപാധിയല്ല പൊലീസ്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍, ഭരണകൂടം ഫാസിസത്തിലേക്ക് നീങ്ങുന്നുവെന്ന തോന്നല്‍ ജനങ്ങളിലുളവാക്കും. ദമ്പതികളെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ വധശ്രമത്തിന് കേസെടുത്ത് സര്‍വിസില്‍ നിന്നു പിരിച്ചുവിടണം. ഇത്തരം ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുകയാണു വേണ്ടത്. അങ്ങനെ ചെയ്താല്‍ മാത്രമേ പൊലീസ് സേനയുടെ മനോവീര്യം നിലനിര്‍ത്താനാകുകയുള്ളൂവെന്നും വി എസ് പ്രസ്താവനയില്‍ പറഞ്ഞു. ദലിതരും ആദിവാസികളും എഴുത്തുകാരും, കലാകാരന്മാരും സ്വതന്ത്രമായും നിര്‍ഭയമായും കഴിയുന്ന സംസ്ഥാനമാണു കേരളം. കല്‍ബുര്‍ഗിയുടേയും പന്‍സാരയുടേയും ഗതി കേരളത്തിലെ എഴുത്തുകാര്‍ക്കുണ്ടാകില്ല എന്നുറപ്പ് വരുത്താന്‍ നിയുക്തരാണ് കേരളത്തിലെ പൊലീസെന്നും വിഎസ് ഓര്‍മ്മിപ്പിച്ചു.

Comments

comments

Categories: Politics, Slider

Related Articles