വ്യാപാരികളുടെ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് 30 % നികുതിയിളവ് അനുവദിക്കും: ജയ്റ്റ്‌ലി

വ്യാപാരികളുടെ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് 30 % നികുതിയിളവ് അനുവദിക്കും: ജയ്റ്റ്‌ലി

 

ന്യൂഡെല്‍ഹി: ചെറുകിട വ്യാപാരികള്‍ക്കും ബിസിനസുകാര്‍ക്കും ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് 30 ശതമാനത്തിലധികം നികുതിയിളവ് ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. രണ്ട് കോടിയിലധികം വിറ്റുവരവ് നേടുന്ന വ്യാപാരികള്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ വഴിയുള്ള ഇപാടുകള്‍ അനുവദിക്കുകയാണെങ്കില്‍ നികുതി ആനുകൂല്യം നല്‍കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഡിജിറ്റല്‍വല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള നികുതിയിളവാണിതെന്ന് അരുണ്‍ ജയ്റ്റ്‌ലി പ്രതികരിച്ചു.

റെയ്ല്‍വേ ബജറ്റ് പൊതുബജറ്റില്‍ ലയിപ്പിക്കുന്നതോടെ റെയ്ല്‍വേയ്ക്കു വേണ്ടിയുള്ള ജനപ്രിയ പദ്ധതികള്‍ ഇത്തവണ ഒഴിവാക്കുമെന്നും ജയ്റ്റ്‌ലി വ്യക്തമാക്കിയിട്ടുണ്ട്. ഉപയോഗപ്പെടുത്തുന്ന സേവനത്തിന് പണം നല്‍കികൊണ്ടുള്ള റെയ്ല്‍വേ സംവിധാനത്തിന്റെ പ്രവര്‍ത്തന രീതിയാണ് വിജയകരമാണെന്നും ജയ്റ്റ്‌ലി പറഞ്ഞു. ‘ഇന്ത്യന്‍ റെയ്ല്‍വേയിലെ പരിഷ്‌കരണ നയങ്ങള്‍’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപയോക്താക്കളില്‍ നിന്നും നിരക്ക് ഈടാക്കാതെ സേവനം ലഭ്യമാക്കുക എന്നത് ഏറ്റവും വലിയ ഗതാഗത സംവിധാനമെന്ന നിലയില്‍ റെയ്ല്‍വേക്ക് സാധ്യമല്ലെന്നും ധനമന്ത്രി പറയുന്നു. ഒരു സര്‍വീസ് ഓര്‍ഗനൈസേഷന്‍ എന്ന നിലയില്‍ നിന്നും ഇന്ത്യന്‍ റെയ്ല്‍വേയെ മാറ്റനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ സ്ഥിരത നിലനിര്‍ത്താനും റെയ്ല്‍വേയ്ക്ക് കഴിയണം. ഇതിനുപുറമെ ലോകോത്തര നിലവാരവും അടിസ്ഥാനസൗകര്യങ്ങളും ഉറപ്പുവരുത്തുകയും വേണമെന്നും അരുണ്‍ ജയ്റ്റ്‌ലി വിശദീകരിച്ചു.

മറ്റ് ഗതാഗത സംവിധാനങ്ങളുമായുള്ള മത്സരം നഷ്ടപ്പെടുന്നതിന്റെ അപകടം ഇന്ത്യന്‍ റെയ്ല്‍വേയുടെ കണക്കുപുസ്തകത്തില്‍ പ്രതിഫലിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഈ സമ്മര്‍ദം കാരണമാണ് റെയ്ല്‍വേ ബജറ്റ് ധനമന്ത്രാലയം ഏറ്റെടുത്തതെന്നും ധനമന്ത്രി വ്യക്തമാക്കി. ഈ വര്‍ഷം ആദ്യമാണ് റെയ്ല്‍വേ ബജറ്റ് പൊതുബജറ്റില്‍ ലയിപ്പിക്കുന്നതിനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

Comments

comments

Categories: Slider, Top Stories