ജീവനക്കാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ റിയല്‍ ടൈമില്‍ അറിഞ്ഞ് ടെക് കമ്പനികള്‍

ജീവനക്കാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ റിയല്‍ ടൈമില്‍ അറിഞ്ഞ് ടെക് കമ്പനികള്‍

 

പൂനെ: ജനറേഷന്‍ നെക്സ്റ്റ് ജീവനക്കാരെ വേണ്ടവിധം ഉപയോഗിക്കുന്നതിന് അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ റിയല്‍ ടൈമില്‍ തിരിച്ചറിഞ്ഞ് ഇക്കാലത്ത് ടെക് കമ്പനികള്‍ സ്മാര്‍ട്ടാവുകയാണ്. ഉദാഹരണത്തിന്, ആഴ്ച്ചകള്‍ക്കുമുമ്പ് നഗരത്തിന്റെ പ്രത്യേക പ്രദേശത്ത് താമസിക്കുന്ന ജീവനക്കാര്‍ വളരെയധികം അസ്വസ്ഥത പ്രകടിപ്പിക്കുന്നതായി സെന്‍സാര്‍ ടെക്‌നോളജീസിലെ എച്ച്ആര്‍ വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. ജീവനക്കാരെ കൊണ്ടുവരുന്നതിനും പോകുന്നതിനുമായി വാടകയ്‌ക്കെടുത്ത കാബ് സര്‍വീസ് കമ്പനിയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ജീവനക്കാരെ ബാധിച്ചതെന്നാണ് സെന്‍സാര്‍ ടെക്‌നോളജീസ് മാനവവിഭവശേഷി വിഭാഗം കണ്ടെത്തിയത്.
കമ്പനിയുടെ പോര്‍ട്ടലായ സെന്‍വേഴ്‌സിലൂടെ ജീവനക്കാര്‍ നടത്തിയ പ്രതികരണങ്ങളാണ് പ്രശ്‌നം കണ്ടെത്താനും പരിഹരിക്കാനും തങ്ങളെ സഹായിച്ചതെന്ന് സിഇഒ സന്ദീപ് കിശോര്‍ പറഞ്ഞു. വാര്‍ഷികാടിസ്ഥാനത്തില്‍ സര്‍വേ നടത്തി ജീവനക്കാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിയുന്നതിന് പകരം റിയല്‍ ടൈമില്‍ കാര്യങ്ങള്‍ മനസിലാക്കി തിരുത്തുകയാണ് സെന്‍സാര്‍ ടെക്‌നോളജീസ് പോലുള്ള ടെക് കമ്പനികള്‍.

ജീവനക്കാരുടെ ഫീഡ്ബാക്ക് അറിയുന്നതിനുള്ള സംവിധാനം മെച്ചപ്പെടുത്തുകയാണ് പെര്‍സിസ്റ്റന്റ് സിസ്റ്റംസ്. ജീവനക്കാര്‍ക്ക് തങ്ങളുടെ ഫീലിംഗ് പ്രകടിപ്പിക്കുന്നതിനും സ്റ്റാറ്റസ് മാറ്റുന്നതിനും മൂഡ് ഇന്‍ഡിക്കേറ്റര്‍ സംവിധാനമുണ്ടെന്ന് പെര്‍സിസ്റ്റന്റ് സിസ്റ്റംസ് പൂനെ സെന്റര്‍ മേധാവി സിദ്ധേഷ് ഭോബെ വ്യക്തമാക്കി. എല്ലാ മൂഡ് അപ്‌ഡേറ്റുകളും ഭോബെയ്ക്കും ബന്ധപ്പെട്ട എച്ച്ആര്‍ ടീം അംഗങ്ങള്‍ക്കും നേരിട്ട് ചെല്ലുന്നവിധമാണ് ക്രമീകരിച്ചിരിക്കുന്നത്. നെഗറ്റീവ് ഫീലിംഗ് ഉളളവര്‍ക്കുമുന്നില്‍ ഭോബെ തന്നെ നേരിട്ട് പ്രത്യക്ഷപ്പെടും.
ജീവനക്കാര്‍ക്ക് തങ്ങളുടെ വികാരങ്ങള്‍ പങ്കുവെക്കുന്നതിനും ഇവ ജോലിയുമായി കൂട്ടിക്കുഴയ്ക്കാതിരിക്കുന്നതിനും സൗകര്യമൊരുക്കുകയാണ് ടെക് കമ്പനികള്‍. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ റിയല്‍ ടൈമില്‍ അറിയാന്‍ ശ്രമിക്കുന്നതിലൂടെ അവരുമായുള്ള അകല്‍ച്ച കുറയ്ക്കാന്‍ കഴിയുമെന്ന് സിദ്ധേഷ് ഭോബെ വ്യക്തമാക്കുന്നു. ഹാപ്പിയായിരിക്കുന്ന ജീവനക്കാര്‍ സന്തോഷം പ്രദാനം ചെയ്യുന്ന ഉപയോക്താക്കളെ സമ്മാനിക്കുമെന്ന ആപ്തവാക്യമാണ് ടെക് കമ്പനികളെ നയിക്കുന്നത്.

ടെക് കണ്‍സല്‍ട്ടിംഗ് ആന്‍ഡ് സൊലൂഷന്‍സ് കമ്പനിയായ ബ്രില്ലിയോ ഓഫീസ് പരിസരത്ത് വാട്ട്‌സ്അപ് ബോര്‍ഡ് തന്നെ സ്ഥാപിച്ചിട്ടുണ്ട്. ലീഡര്‍ഷിപ്പ്, എച്ച്ആര്‍, കമ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലകളെ സംബന്ധിച്ച് ജീവനക്കാര്‍ക്ക് ഇവിടെ അഭിപ്രായം കുറിക്കാമന്ന് ബ്രില്ലിയോ ഇന്ത്യ ഓപ്പറേഷന്‍സ് എംഡി മനു ലാവണ്യ വ്യക്തമാക്കി. എച്ച്‌സിഎല്‍ ടെക്‌നോളജീസ് ഹാപ്പിനെസ് ഇന്‍ഡെക്‌സ് അവതരിപ്പിക്കാനാണ് തയാറെടുക്കുന്നത്.

Comments

comments

Categories: Business & Economy