ടീം ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് ജയം

ടീം ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് ജയം

 

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ ടീം ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഇന്നിംഗ്‌സിനും 75 റണ്‍സിനുമാണ് ടീം ഇന്ത്യ വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 282 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ 207 എന്ന സ്‌കോറിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ടീം ഇന്ത്യ 4-0ത്തിന് സ്വന്തമാക്കി.

ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ 24.6 ഓവറില്‍ 48 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് വിജയം ടീം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. ടീം ഇന്ത്യയ്ക്ക് വേണ്ടി ഇശാന്ത് ശര്‍മ, ഉമേഷ് യാദവ്, അമിത് മിശ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മത്സരത്തിന്റെ അവസാന ദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് മികച്ച രീതിയിലാണ് തുടങ്ങിയത്. ഓപ്പണര്‍മാരായ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലൈസ്റ്റര്‍ കുക്കും കീറ്റണ്‍ ജെന്നിംഗ്‌സും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 103 റണ്‍സ് കൂട്ടിച്ചേര്‍ത്തത് മത്സരം സമനിലയില്‍ അവസാനിക്കുമെന്ന പ്രതീതിയുണ്ടാക്കി.

എന്നാല്‍ 49 റണ്‍സെടുത്ത അലൈസ്റ്റര്‍ കുക്കിന് പിന്നാലെ 54 റണ്‍സില്‍ നിന്ന ജെന്നിംഗ്‌സും പുറത്തായതോടെ ഇംഗ്ലണ്ടിന്റെ തകര്‍ച്ച തുടങ്ങുകയായിരുന്നു ഇരുവരെയും രവീന്ദ്ര ജഡേജയാണ് പറഞ്ഞയച്ചത്. തുടര്‍ന്നെത്തിയ ജോ റൂട്ട് (6), ജോണി ബെയര്‍സ്‌റ്റോ (1) എന്നിവര്‍ രണ്ടക്കം കാണാതെ പുറത്ത് പോവുകയും ചെയ്തു.

മൊയീന്‍ അലി 44 റണ്‍സുമായും 23 റണ്‍സുമായി ബെന്‍സ്‌റ്റോക്‌സും പൊരുതി നോക്കിയെങ്കിലും അധിക നേരം ക്രീസില്‍ തുടരാനായില്ല. പിന്നീട് ബാറ്റ് ചെയ്യാനെത്തിയ ബട്‌ലര്‍, റാഷിദ്, ബ്രോഡ് എന്നിവര്‍ യഥാക്രമം 6, 2, 1 റണ്‍സ് വീതമെടുത്ത് മടങ്ങിയപ്പോള്‍ ഡോവ്‌സണ്‍, ബെയ്ല്‍ എന്നിവര്‍ സംപൂജ്യരായാണ് മടങ്ങിയത്.

മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്‌സില്‍, മലയാളി താരം കരുണ്‍ നായരുടെ ട്രിപ്പിള്‍ സെഞ്ച്വറി മികവില്‍ ഏഴ് വിക്കറ്റിന് 759 റണ്‍സെടുത്ത് ടീം ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ ടീം ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറായിരുന്നു ഇത്. ടീം ഇന്ത്യയുടെ ഇതുവരെയുണ്ടായിരുന്ന ഉയര്‍ന്ന സാകോറായ 2009ല്‍ ശ്രീലങ്കക്കെതിരെ നേടിയ 726 റണ്‍സാണ് ഇതോടെ തിരുത്തപ്പെട്ടത്.

ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറി തന്നെ ട്രിപ്പിളാക്കിയാണ് കരുണ്‍ നായര്‍ ചരിത്രമെഴുതിയത്. 381 പന്തുകളില്‍ നിന്നും 32 ഫോറുകളും നാല് സിക്‌സറുകളും ഉള്‍പ്പെടെയായിരുന്നു കരുണ്‍ നായരുടെ ട്രിപ്പിള്‍ സെഞ്ച്വറി. ഇതോടെ, അന്താരാഷ്ട്ര ക്രിക്കറ്റില്‍ കന്നി സെഞ്ച്വറി തന്നെ ട്രിപ്പിളാക്കി മാറ്റിയ മൂന്നാമത്തെ ക്രിക്കറ്റ് താരം കൂടിയായി കരുണ്‍ നായര്‍.

ഒരു മലയാളി താരത്തിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറി കൂടിയാണ് കരുണിന്റേത്. കരുണ്‍ നായര്‍ ഇംഗ്ലണ്ടിനെതിരെ ഡബിള്‍ സെഞ്ച്വറി നേടിയപ്പോള്‍ നേരിട്ടത് 306 പന്തുകളായിരുന്നു. ഇതില്‍ 23 ഫോറുകളും ഒരു സിക്‌സും ഉള്‍പ്പെട്ടിരുന്നു. 185 പന്തുകളില്‍ നിന്നും എട്ട് ഫോറുകളും ഒരു സിക്‌സും ഉള്‍പ്പെടെയായിരുന്നു സെഞ്ച്വറി തികച്ചത്.

കരുണ്‍ നായരെ കൂടാതെ രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും അര്‍ധ സെഞ്ച്വറി സ്വന്തമാക്കി. അശ്വിന്‍ 67 റണ്‍സ് നേടിയപ്പോള്‍ പുറത്താകാതെ 51 റണ്‍സായിരുന്നു ജഡേജയുടെ സമ്പാദ്യം. മുരളി വിജയ് 29 റണ്‍സും നേടി. മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ ഒരു റണ്‍സിന് ഡബിള്‍ സെഞ്ച്വറി നഷ്ടപ്പെട്ട ലോകേഷ് രാഹുലാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് മികച്ച തുടക്കമിട്ടത്.

311 പന്തുകളില്‍ നിന്നും 16 ഫോറുകളും മൂന്ന് സിക്‌സും ഉള്‍പ്പെടെയായിരുന്നു രാഹുല്‍ 199 റണ്‍സെടുത്തത്. അദ്ദേഹത്തിന്റെ കരിയറിലെ നാലാം സെഞ്ച്വറി കൂടിയായിരുന്നു അത്. കളിയുടെ ആദ്യ ദിനങ്ങളില്‍ പാര്‍ത്ഥിവ് പട്ടേലും കരുണ്‍ നായരും ടീം ഇന്ത്യയ്ക്ക് വേണ്ടി അര്‍ധ സെഞ്ച്വറി നേടിയിരുന്നു. അതേസമയം, ചേതേശ്വര്‍ പൂജാര, ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി എന്നിവര്‍ യഥാക്രമം 16, 15 റണ്‍സ് വീതമാണ് നേടിയത്.

മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവാര്‍ട്ട് ബ്രോഡ്, ഡോസണ്‍ (രണ്ട് വീതം) മൊയീന്‍ അലി, ബെന്‍ സ്‌റ്റോക്‌സ്, ആദില്‍ റഷീദ് എന്നിവര്‍ വിക്കറ്റുകള്‍ നേടി. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ മൊയീന്‍ അലിയുടെയും അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയ ജോ റൂട്ട്, ഡോവ് സണ്‍, റാഷിദ് എന്നിവരുടെ ബലത്തില്‍ ഇംഗ്ലണ്ട് 477 റണ്‍സായിരുന്നു അടിച്ചെടുത്തത്.

Comments

comments

Categories: Slider, Top Stories

Related Articles