ബ്ലാസ്‌റ്റേഴ്‌സ് ആരാധകരോട് ക്ഷമ ചോദിച്ച് സ്റ്റീവ് കൊപ്പല്‍

ബ്ലാസ്‌റ്റേഴ്‌സ് ആരാധകരോട് ക്ഷമ ചോദിച്ച് സ്റ്റീവ് കൊപ്പല്‍

 

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണിലെ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്‌ക്കെതിരായ ഫൈനല്‍ മത്സര തോല്‍വിയില്‍ ക്ഷമ ചോദിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ പരിശീലകനും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പ്രമുഖ ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ താരവുമായിരുന്ന സ്റ്റീവ് കൊപ്പല്‍. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത്സരത്തിന്റെ നിശ്ചിത സമയത്ത് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടാതെ സമനിലയിലായിരുന്നുവെന്നത് അഭിമാനകരമായിരുന്നുവെന്നും അതേസമയം, ജേതാക്കളായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ അഭിനന്ദിക്കുന്നുവെന്നും സ്റ്റീവ് കോപ്പല്‍ പറഞ്ഞു. ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ മൂന്ന് മത്സരങ്ങള്‍ക്കിറങ്ങേണ്ടി വന്നത് കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായെന്നും പരിശീലകന്‍ വ്യക്തമാക്കി.

സെമി ഫൈനല്‍ മത്സരത്തിനായി ഡല്‍ഹിയിലേക്കുള്ള യാത്ര കേരള ബ്ലാസ്റ്റേഴ്‌സ് ടീമംഗങ്ങളെ ക്ഷീണിപ്പിച്ചെന്നും അവിടെ നടന്ന മത്സരത്തിന് ശേഷം വിമാനം കിട്ടാത്തതിനാല്‍ ഒരു ദിവസം കൂടി വൈകി അഞ്ച് സംഘങ്ങളായാണ് താരങ്ങള്‍ കൊച്ചിയില്‍ തിരിച്ചെത്തിയതെന്നും സ്റ്റീവ് കോപ്പല്‍ പറഞ്ഞു. എന്നാല്‍, ഇത്തരം സാഹചര്യങ്ങള്‍ പിന്നിട്ട് ഫൈനലില്‍ ടീം മികച്ച രീതിയില്‍ കളിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിരീടം സ്വന്തമാക്കാന്‍ സാധിച്ചില്ലെങ്കിലും മികച്ച അനുഭവമാണ് ടൂര്‍ണമെന്റ് സമ്മാനിച്ചതെന്ന് പറഞ്ഞ സ്റ്റീവ് കൊപ്പല്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് നന്ദിയും അറിയിച്ചു. ഫൈനല്‍ മത്സരത്തിന്റെ നിശ്ചിത സമയത്തും അധിക സമയത്തും സമനില പാലിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഷൂട്ടൗട്ടില്‍ 4-3നാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയോട് പരാജയം വഴങ്ങിയത്.

Comments

comments

Categories: Sports