സ്റ്റീവ് കൊപ്പല്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങി

സ്റ്റീവ് കൊപ്പല്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങി

 

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ ഫൈനല്‍ വരെയെത്തിച്ച ഇംഗ്ലണ്ടിന്റെ സ്റ്റീവ് കൊപ്പല്‍ ഇന്ത്യയില്‍ നിന്നും നാട്ടിലേക്ക് മടങ്ങി. പ്രായമായ അമ്മയെ കാണുകയെന്നതും കുടുംബത്തോടൊപ്പം ക്രിസ്മസും പുതുവത്സരവും ആഘോഷിക്കുകയെന്നതുമാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ താരം കൂടിയായ കൊപ്പലിന്റെ അടുത്ത പദ്ധതികള്‍.

കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ഐഎസ്എല്‍ ഫൈനല്‍ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് സ്റ്റീവ് കൊപ്പല്‍ ആരാധകരോട് മാപ്പ് പറഞ്ഞിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍ മറക്കാനാകാത്ത അനുഭവമാണ് നല്‍കിയതെന്നും അവര്‍ക്ക് വേണ്ടി കിരീടം സമ്മാനിക്കാന്‍ സാധിക്കാത്തതില്‍ ഖേദമുണ്ടെന്നുമായിരുന്നു കൊപ്പല്‍ അറിയിച്ചത്.

ആയിരക്കണക്കിന് വരുന്ന ആരാധകര്‍രെ മാനേജ്‌മെന്റ് കൂടുതലായി ഗൗനിക്കണമെന്നും അതിനായി മികച്ച താരങ്ങളാല്‍ ടീമിനെ ശക്തിപ്പെടുത്തണമെന്നും കൊപ്പല്‍ ആവശ്യപ്പെട്ടിരുന്നു. അടുത്ത സീസണുകളില്‍ ടീമിനെ ശക്തിപ്പെടുത്താമെന്ന് മാനേജ്‌മെന്റ് ഉറപ്പുനല്‍കിയതായും കൊപ്പല്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് വെളിപ്പെടുത്തിയിരുന്നു.

അതേസമയം, ടീമിനെ ശക്തിപ്പെടുത്തുമെന്നത് അടുത്ത സീസണില്‍ കിരീടം നേടുമെന്ന ഉറപ്പല്ലെന്നറിയിച്ച സ്റ്റീവ് കൊപ്പല്‍ വരും വര്‍ഷങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കൊപ്പം ഉണ്ടാകുമോയെന്നറിയില്ലെന്നും ടീം മാനേജ്‌മെന്റിന്റെ നടപടികള്‍ക്കനുസരിച്ചായിരിക്കും തന്റെ തീരുമാനമെന്നും വ്യക്തമാക്കുകയും ചെയ്തു.

ഫൈനല്‍ മത്സരത്തില്‍ ഹോസു പ്രീറ്റോയുടെ സസ്‌പെന്‍ഷനും ആരോണ്‍ ഹ്യൂസ് നേരിട്ട പരിക്കും കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായെന്നും കൊപ്പല്‍ വ്യക്തമാക്കിയിരുന്നു. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത മികച്ച ടീമാണെന്നറിയിച്ച കൊപ്പല്‍ രണ്ടാം പാദ സെമി ഫൈനലില്‍ നിന്നും ഒന്‍പത് മാറ്റങ്ങളോടെ ഫൈനല്‍ മത്സരത്തിനിറങ്ങിയതാണ് അവരെ തുണച്ചതെന്നും മുമ്പ് പറഞ്ഞിരുന്നു.

എന്നാല്‍, കേരള ബ്ലാസ്റ്റേഴ്‌സിലെ ഒരു മാറ്റം പോലും ടീം ഘടനയെ പ്രതികൂലമായി ബാധിക്കുന്നതായിരുന്നുവെന്നും വ്യക്തമാക്കിയിരുന്നു. ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ മൂന്ന് മത്സരങ്ങള്‍ക്കിറങ്ങേണ്ടി വന്നത് കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായെന്നും പരിശീലകന്‍ മുമ്പ് പറഞ്ഞു. സെമി ഫൈനല്‍ മത്സരത്തിനായി ഡല്‍ഹിയിലേക്കുള്ള യാത്ര ടീംമംഗങ്ങളെ ക്ഷീണിപ്പിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

എങ്കിലും, ഇത്തരം സാഹചര്യങ്ങള്‍ പിന്നിട്ട് ഫൈനലില്‍ ടീം മികച്ച രീതിയില്‍ കളിച്ചെന്നും മത്സരത്തിന്റെ നിശ്ചിത സമയത്ത് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടാതെ സമനിലയിലായിരുന്നുവെന്നത് അഭിമാനകരമാണെന്നുമായിരുന്നു സ്റ്റീവ് കൊപ്പല്‍ പറഞ്ഞത്. കിരീടം സ്വന്തമാക്കാന്‍ സാധിച്ചില്ലെങ്കിലും മികച്ച അനുഭവമാണ് ടൂര്‍ണമെന്റ് സമ്മാനിച്ചതെന്നും കൊപ്പല്‍ പിന്നീട് വ്യക്തമാക്കിയിരുന്നു.

ഫൈനല്‍ മത്സരത്തിന്റെ നിശ്ചിത സമയത്തും അധിക സമയത്തും ഒരു ഗോളിന്റെ സമനില പാലിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഷൂട്ടൗട്ടില്‍ 4-3നാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയോട് പരാജയം വഴങ്ങിയത്. ഹോം ഗ്രൗണ്ടായ കൊച്ചിയില്‍ നിറഞ്ഞ ഗ്യാലറിക്ക് മുമ്പാകെ മലയാളി താരം മുഹമ്മദ് റാഫിയിലൂടെ മുന്നിലെത്തിയതിന് ശേഷമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരാജയം.

Comments

comments

Categories: Sports