സ്പാനിഷ് ലീഗ്: ബാഴ്‌സലോണയ്ക്ക് ജയം

സ്പാനിഷ് ലീഗ്:  ബാഴ്‌സലോണയ്ക്ക് ജയം

 

 

ബാഴ്‌സലോണ: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ കരുത്തരായ ബാഴ്‌സലോണയ്ക്ക് ജയം. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് എസ്പാന്യോളിനെയാണ് ബാഴ്‌സലോണ പരാജയപ്പെടുത്തിയത്. ബാഴ്‌സലോണയ്ക്ക് വേണ്ടി ഉറുഗ്വായ് താരം ലൂയി സുവാരസ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ലയണല്‍ മെസ്സി, ജോര്‍ഡി ആല്‍ബ എന്നിവര്‍ ഓരോ തവണ എസ്പാന്യോളിന്റെ വല കുലുക്കി.

മത്സരത്തിന്റെ പതിനെട്ടാം മിനുറ്റില്‍ തന്നെ ലൂയി സുവാരസിന്റെ ഗോളിലൂടെ ബാഴ്‌സലോണ മുന്നിലെത്തി. കളിയുടെ 67-ാം മിനുറ്റിലായിരുന്നു ലൂയി സുവാരസിന്റെ രണ്ടാം ഗോള്‍. തൊട്ടടുത്ത മിനുറ്റിലായിരുന്നു സ്പാനിഷ് താരം ജോര്‍ഡി ആല്‍ബ ഗോള്‍ നേടിയത്. അധിക സമയത്തിന്റെ ഒന്നാം മിനുറ്റില്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയും ഗോള്‍ നേടിയതോടെ ബാഴ്‌സലോണയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയായി.

കളിയുടെ എഴുപത്തൊന്‍പതാം മിനുറ്റില്‍ സ്പാനിഷ് താരം ഡേവിഡ് ലോപ്പസാണ് എസ്പാന്യോളിന്റെ ആശ്വാസ ഗോള്‍ നേടിയത്. ബാഴ്‌സലോണ 4-3-3 ശൈലിയില്‍ കളത്തിലിറങ്ങിയപ്പോള്‍ എസ്പാന്യോള്‍ സ്വീകരിച്ചത് 4-4-2 ഫോര്‍മാറ്റായിരുന്നു. സ്പാനിഷ് ലീഗിലെ മറ്റൊരു മത്സരത്തില്‍ ഡിപോര്‍ട്ടീവോ ലാ കൊരുണ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഒസാസുനയെ പരാജയപ്പെടുത്തി.

എസ്പാന്യോളിനെതിരായ മത്സര വിജയത്തോടെ പതിനാറ് കളികളില്‍ നിന്നും 34 പോയിന്റായ ബാഴ്‌സലോണ സ്പാനിഷ് ലീഗ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. പതിനഞ്ച് മത്സരങ്ങളില്‍ നിന്നും 37 പോയിന്റുള്ള റയല്‍ മാഡ്രിഡാണ് ഒന്നാമത്. 16 മത്സരങ്ങളില്‍ നിന്നും 33 പോയിന്റുള്ള സെവിയ്യയാണ് മൂന്നാം സ്ഥാനത്ത്.

ഇത്രയും മത്സരങ്ങളില്‍ നിന്നും 29 പോയിന്റ് വീതമുള്ള വിയ്യാറയല്‍, റയല്‍ സോസിദാദ് ടീമുകള്‍ യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിലാണ്. കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡ് പതിനാറ് മത്സരങ്ങളില്‍ നിന്നും 28 പോയിന്റുമായി ആറാമതാണ്. സ്പാനിഷ് ലീഗില്‍ ഡിപോര്‍ട്ടീവോ ലാ കൊരുണ പതിനാറാമതും ഒസാസുന ഏറ്റവുമൊടുവില്‍ ഇരുപതാം സ്ഥാനത്തുമാണ്.

Comments

comments

Categories: Sports

Related Articles