പുതിയ നോട്ടുകള്‍: ആര്‍ബിഐ യുടെയും സര്‍ക്കാരിന്റെയും കണക്കുകളില്‍ പൊരുത്തമില്ലായ്മ

പുതിയ നോട്ടുകള്‍:  ആര്‍ബിഐ യുടെയും സര്‍ക്കാരിന്റെയും കണക്കുകളില്‍ പൊരുത്തമില്ലായ്മ

 

ന്യൂഡെല്‍ഹി: അസാധുവാക്കപ്പെട്ട നോട്ടുകള്‍ക്ക് പകരമായി പുതിയ നോട്ടുകള്‍ അച്ചടിക്കുന്നതിന്റെയും വിതരണം ചെയ്യുന്നതിന്റെയും കണക്കുകളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്കും കേന്ദ്ര സര്‍ക്കാരിനും ഭിന്നസ്വരം. കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിലും ആര്‍ബിഐ ഔദ്യോഗികമായും അറിയിച്ച വിവരങ്ങളിലാണ് പൊരുത്തക്കേടുകള്‍ പ്രകടമായിട്ടുള്ളത്. ഇതു കൂടാതെ ചില ദിവസങ്ങളില്‍ അസാധാരണമായ വിധം നോട്ടുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 11 ദിവസത്തോളം നോട്ടുകള്‍ വിതരണം ചെയ്യുന്നതിന് തടസം നേരിട്ടുണ്ടെന്ന് കാണിക്കുന്ന രേഖകള്‍ ഇതിന്റെ കാരണം വ്യക്തമാക്കുന്നില്ല.
നവംബര്‍ 29ന് ആര്‍ ബി ഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പ്രകാരം 2.16 ലക്ഷം കോടിരൂപയുടെ പുതിയ നോട്ടുകളാണ് എടിഎമ്മുകളിലൂടെയും ബാങ്ക് എക്കൗണ്ടുകളിലൂടെയും നവംബര്‍ 28 വരെ പൊതുജനങ്ങളിലേക്കത്തിയത്. അതായത് നോട്ട് അസാധുവാക്കല്‍ നടപടിയുടെ 17 ദിവസങ്ങള്‍ കൊണ്ട് നല്‍കാനായത് അത്രയും തുകയാണ്. ഡിസംബര്‍ 6ന് കേന്ദ്ര ധനസഹമന്ത്രി അര്‍ജുന്‍ രാംമേഘ് വാള്‍ പാര്‍ലമെന്റില്‍ രേഖാമൂലം നടത്തിയ പ്രസ്താവന പ്രകാരം നവംബര്‍ 29 വരെ 3.29 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ വിതരണം ചെയ്തിട്ടുണ്ട് ഈ രണ്ടുകണക്കുകളും ശരിയാകണമെങ്കില്‍ നവംബര്‍ 28, 29 തീയതികളിലായി 1.13 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ വിതരണം ചെയ്യാന്‍ ആര്‍ബിഐ ക്ക് സാധിച്ചിട്ടുണ്ടായിരിക്കണം. 17 ദിവസം കൊണ്ട് സാധ്യമായ നോട്ട് വിതരണത്തിന്റെ പകുതി രണ്ട് ദിവസത്തിനുള്ളില്‍ സാധ്യമായി എന്നു കരുതേണ്ടി വരും അപ്പോള്‍. ഇതു കൂടാതെ 2000 രൂപ, 500 രൂപ മൂല്യമുള്ള പുതിയ നോട്ടുകളുടെ കാര്യം മാത്രമാണ് കേന്ദ്ര സഹമന്ത്രി പറഞ്ഞതെങ്കില്‍ ആര്‍ബിഐ വ്യക്തമാക്കിയിരുന്നത് എല്ലാ മൂല്യത്തിലുമുള്ള പുതിയ നോട്ടുകള്‍ വിതരണം ചെയ്ത കാര്യമാണ്. ഇതു കൂടി കണക്കിലെടുത്താല്‍ കണക്കുകളിലെ വൈരുധ്യം പിന്നെയും വര്‍ധിക്കും.
കേന്ദ്ര സഹമന്ത്രിയുടെ പാര്‍ലമെന്റിലെ മറുപടിയുടെ അടുത്ത ദിവസം ആര്‍ബി ഐ ധനനയം പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍. ഗാന്ധി നല്‍കിയ കണക്കുകള്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി.കഴിഞ്ഞ ദിവസം വരെ നാലു ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍ അസാധു നോട്ടുകള്‍ക്ക് പകരമായി വിതരണം ചെയ്തിട്ടുണ്ടെന്നാണ് ഗാന്ധി പറഞ്ഞത്. 1.06 ലക്ഷം കോടി രൂപയുടേത് കുറഞ്ഞ മൂല്യത്തിലുള്ള നോട്ടുകളാണെന്നും വ്യക്തമാക്കി. അപ്പോള്‍ പുതിയ 500 രൂപ ,2000 രൂപ നോട്ടുകളായി ഡിസംബര്‍ 6 വരെ വിതരണം ചെയ്തതായി ആര്‍ബിഐ വ്യക്തമാക്കിയത് 2.94 ലക്ഷം കോടി രൂപ മാത്രം. നവംബര്‍ 29വരെ 3.29 ലക്ഷം കോടി രൂപയുടെ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ വിതരണം ചെയ്‌തെന്ന് പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞ സ്ഥാനത്താണിത്.
ഡിസംബര്‍ 12ന് ആര്‍. ഗാന്ധി വ്യക്തമാക്കിയത് ഡിസംബര്‍ 10 വരെ ഉയര്‍ന്ന മൂല്യത്തിലുള്ള( 200, 500) 1.7 ബില്യണിലധികെ നോട്ടുകളാണ് പുറത്തിറക്കിയത് എന്നായിരുന്നു. എന്നാല്‍ നവംബര്‍ 29 ലെ പാര്‍ലമെന്റിലെ പ്രസ്താവനയില്‍ തന്നെ ഉയര്‍ന്ന മൂല്യമുള്ള 1.76 ബില്യണ്‍ നോട്ടുകള്‍ പുറത്തിറക്കി എന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടത്. അതായത് ഇതു രണ്ടും സത്യമാണെങ്കില്‍ ആര്‍ബിഐ 11 ദിവസത്തോളം ഉയര്‍ന്ന മൂല്യത്തിലുള്ള പുതിയ നോട്ടുകളൊന്നും വിതരണം ചെയ്യാതിരുന്നു എന്നു മനസിലാക്കേണ്ടി വരും.
സാമ്പത്തിക സെക്രട്ടറിയുടെയും മറ്റുമായി പിന്നീട് വന്ന പ്രസ്താവനകളും അവകാശ വാദങ്ങളും കണക്കുകളിലെ ഈ വൈരുധ്യത്തെ വര്‍ധിപ്പിക്കുകയാണ് ചെയ്തത്.

Comments

comments

Categories: Slider, Top Stories