റെയ്ല്‍വേ നിരക്ക് നിശ്ചയിക്കാന്‍ സ്വതന്ത്ര ഏജന്‍സി രൂപീകരിക്കും

റെയ്ല്‍വേ നിരക്ക് നിശ്ചയിക്കാന്‍ സ്വതന്ത്ര ഏജന്‍സി രൂപീകരിക്കും

ന്യൂഡെല്‍ഹി: റെയ്ല്‍ യാത്രാ, ചരക്ക് നിരക്കുകള്‍ തീരുമാനിക്കുന്നതിന് സ്വതന്ത്ര ഏജന്‍സി രൂപീകരിക്കാന്‍ റെയ്ല്‍വേ മന്ത്രാലയം ഒരുങ്ങുന്നു. ഇതുസംബന്ധിച്ച ശുപാര്‍ശ മന്ത്രിസഭാ അനുമതിക്കായി റെയ്ല്‍ മന്ത്രാലയം ഈയാഴ്ച തന്നെ സമര്‍പ്പിക്കും. അടുത്തയാഴ്ചയോടെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഏജന്‍സി രൂപീകരിക്കുന്നതോടെ നിരക്ക് വര്‍ധനയെ രാഷ്ട്രീയ തീരുമാനത്തില്‍ നിന്ന് വിമുക്തമാക്കാമെന്നും റെയ്ല്‍വേ മന്ത്രാലയം കരുതുന്നു.

മന്ത്രിസഭയുടെ അനുമതി ലഭിച്ചാല്‍, റെയ്ല്‍വേ ബജറ്റ് പൊതു ബജറ്റില്‍ ലയിപ്പിച്ചശേഷം റെയ്ല്‍വേയുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനമായി ഇതിനെ കണക്കാക്കാം. യാത്രാ നിരക്കുകളിലെ സബ്‌സിഡി സംബന്ധിച്ച പുനഃപരിശോധനയും നിര്‍ദ്ദിഷ്ട സമിതി നടത്തിയേക്കും. യാത്രാ നിരക്കുകളുടെ സബ്‌സിഡി ഇനത്തില്‍ റെയ്ല്‍വേയ്ക്ക് പ്രതിവര്‍ഷം 33,000 കോടി രൂപ ചെലവ് വരുന്നതായാണ് കണക്കാക്കുന്നത്.

ചെയര്‍മാന്‍, നാല് അംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് നിരക്ക് നിശ്ചയിക്കുന്നതിനുള്ള റെയ്ല്‍വേ ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ രൂപീകരിക്കുന്നത്. ഏജന്‍സിയെ നിയമിക്കുന്നത് സംബന്ധിച്ച് നീതി ആയോഗ്, വിവിധ മന്ത്രാലയങ്ങള്‍ എന്നിവയില്‍നിന്ന് റെയ്ല്‍വേ മന്ത്രാലയം അഭിപ്രായം തേടിയിരുന്നു. പുതിയ സമിതി സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി റെയ്ല്‍വേ മന്ത്രി സുരേഷ് പ്രഭു സംസാരിച്ചിരുന്നു. ഇവരില്‍നിന്ന് അനുകൂല മറുപടിയാണ് ലഭിച്ചിരിക്കുന്നത്. യാത്രാ, ചരക്കുകടത്ത് നിരക്കുകള്‍ ശുപാര്‍ശ ചെയ്യുന്നതിന് നിര്‍ദ്ദിഷ്ട അതോറിറ്റിക്ക് സ്വതന്ത്രാധികാരമുണ്ടായിരിക്കും. റെയ്ല്‍വേയുടെ നിരക്ക് ഘടനയൊന്നാകെ സമിതി അഴിച്ചുപണിയുമെന്ന് സുരേഷ് പ്രഭു പറഞ്ഞു.

ഈയിടെയായി യാത്രാ വരുമാനത്തിലെ കുറവ് നികത്തുന്നതിന് ചരക്കുകടത്ത് കൂലി വര്‍ധിപ്പിക്കുകയാണ് റെയ്ല്‍വേ ചെയ്യുന്നത്. നിലവില്‍ രാജ്യത്തെ റെയ്ല്‍ ചരക്കുകടത്ത് കൂലി ചൈന, വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയേക്കാള്‍ കൂടുതലാണ്. ചരക്കുകടത്തലുമായി ബന്ധപ്പെട്ട് റോഡ്, ജലഗതാഗത മാര്‍ഗ്ഗങ്ങളില്‍നിന്ന് റെയ്ല്‍വേ നേരിടുന്ന വെല്ലുവിളികളും നിര്‍ദ്ദിഷ്ട സമിതി പരിശോധിക്കും.

Comments

comments

Categories: Slider, Top Stories