ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം വര്‍ധിച്ചെങ്കിലും ആകെ ഇടപാടുതുക കുറഞ്ഞു

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം വര്‍ധിച്ചെങ്കിലും ആകെ ഇടപാടുതുക കുറഞ്ഞു

മുംബൈ : നോട്ട് അസാധുവാക്കല്‍ രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡുകള്‍ ഇടപാടുകള്‍ വര്‍ധിക്കുന്നതിനിടയാക്കിയെങ്കിലും കാര്‍ഡുവഴി നടത്തുന്ന ആകെ ഇടപാടുകളുടെ തുക കുറഞ്ഞതായി ബാങ്കുകളുടെ കണക്ക് വ്യക്തമാക്കുന്നു. വിപണിയിലെ കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സിന്റെ അളവുകോലായാണ് ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളെ പരിഗണിക്കുന്നത്.

ഡിസംബര്‍ പകുതിക്കുശേഷം ആളുകള്‍ ഇന്ധനം നിറയ്ക്കുന്നതിനും വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനും കൂടുതലായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു തുടങ്ങുന്നതോടെ ഇടപാടുകളുടെ മൂല്യം വര്‍ധിക്കുമെന്നാണ് വിവിധ ബാങ്ക് അധികൃതര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. നോട്ട് അസാധുവാക്കലിന്റെ പശ്ചാത്തലത്തില്‍ ആഭരണങ്ങള്‍, കാറുകള്‍, ഗാര്‍ഹികോപകരണങ്ങള്‍ തുടങ്ങിയവ വാങ്ങുന്നതിന് ആളുകള്‍ സ്വയം നിയന്ത്രണം പാലിച്ചതോടെ ക്രെഡിറ്റ് കാര്‍ഡ് വഴി ചെറിയ തുകയുടെ ഇടപാടുകളാണ് കൂടുതലായി നടക്കുന്നതെന്ന് രാജ്യത്തെ രണ്ടാമത്തെ വലിയ ക്രെഡിറ്റ് കാര്‍ഡ് വിതരണക്കാരായ എസ്ബിഐയുടെ കാര്‍ഡ്‌സ് വിഭാഗം എംഡി വിജയ് ജസൂജ ചൂണ്ടിക്കാട്ടി.
അതേസമയം ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളുടെ എണ്ണത്തില്‍ 30-35 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പലചരക്ക് സാധനങ്ങളും മറ്റും വാങ്ങുന്നതിനാണ് ആളുകള്‍ ഇപ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് കൂടുതലായി ഉപയോഗിക്കുന്നത്. ഇതിനിടെ ഇഎംഐ ബിസിനസ് പതിനഞ്ച് ശതമാനത്തോളം കുറഞ്ഞതായി ജസൂജ വ്യക്തമാക്കി. ഇഎംഐ വില്‍പ്പനയിലും ഗാര്‍ഹികോപകരണങ്ങള്‍ തുടങ്ങിയ ഡിസ്‌ക്രെഷനെറി പര്‍ച്ചേസുകളിലും വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നതെന്ന് റീട്ടെയ്ല്‍ സ്റ്റോറുകള്‍ക്കുവേണ്ടി പേമെന്റ്‌സ് പ്രോസസ്സിംഗ് നടത്തുന്ന ഇന്നോവിറ്റിയുടെ എംഡി രാജീവ് അഗ്രവാള്‍ പറഞ്ഞു.

ഡെബിറ്റ് കാര്‍ഡുകളുടെയും ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. നേരത്തെ ഡെബിറ്റ് കാര്‍ഡുകള്‍ എടിഎമ്മുകളില്‍ മാത്രം ഉപയോഗിച്ചിരുന്നവര്‍ ഇപ്പോള്‍ സാധനസാമഗ്രികള്‍ വാങ്ങുന്നതിന് സാധ്യമായ ഇടങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.
പഴയ നോട്ടുകള്‍ ഉപയോഗിക്കാന്‍ അനുവദിച്ചിരുന്ന പെട്രോള്‍ പമ്പുകളിലും മറ്റും കാര്‍ഡ് ഉപയോഗം കുറവായിരുന്നു. ഇന്ധനം നിറയ്ക്കുന്നതിന് പഴയ നോട്ടുകള്‍ ഉപയോഗിക്കാനുള്ള കാലാവധി തീര്‍ന്നതും കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം നിറയ്ക്കുന്നതിന് ഇന്‍സെന്റീവ് ലഭിക്കാനും തുടങ്ങിയതോടെ പമ്പുകളില്‍ കാര്‍ഡ് ഇടപാടുകള്‍ വര്‍ധിച്ചിട്ടുണ്ട്. കാര്‍ഡ് ഉപയോഗം ആഴ്ചതോറും വര്‍ധിക്കുകയാണെങ്കിലും നടത്തുന്ന ഇടപാടുകളുടെ ആകെ മൂല്യം കുറഞ്ഞുതന്നെയാണിരിക്കുന്നത്.

Comments

comments

Categories: Slider, Top Stories