കേരളീയ പൈതൃകത്തെ ടൂറിസവുമായി കൂട്ടിയിണക്കണം : മുഖ്യമന്ത്രി

കേരളീയ പൈതൃകത്തെ ടൂറിസവുമായി കൂട്ടിയിണക്കണം : മുഖ്യമന്ത്രി

 
കോഴിക്കോട്: കേരളത്തിന്റെ പൈതൃകവും സംസ്‌കാരവും വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെടുത്തേണ്ടണ്‍തിന്റെ ആവശ്യകത ഓര്‍മിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ സംസ്ഥാന ടൂറിസം അവാര്‍ഡുകള്‍ വിതരണം ചെയ്തു.

മികച്ച ടൂറിസം സേവനദാതാക്കള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ വര്‍ഷത്തെ ടൂറിസം അവാര്‍ഡുകള്‍ വടകര ഇരിങ്ങല്‍ സര്‍ഗാലയ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ നടന്ന ചടങ്ങിലാണ് സമ്മാനിച്ചത്.

കേരളീയ ഉല്‍പ്പന്നങ്ങളുടെയും പൈതൃകത്തിന്റെയും സംസ്‌കാരത്തിന്റെയും സമ്പൂര്‍ണമായ അനുഭവം നേടാന്‍ ഇവിടെയെത്തുന്ന ആഭ്യന്തര, വിദേശ ടൂറിസ്റ്റുകള്‍ക്കു കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ പരമ്പരാഗത വ്യവസായങ്ങള്‍ ടൂറിസവുമായി ബന്ധപ്പെടുത്തിയാല്‍ മാത്രമേ ഇതു സാധ്യമാകൂ. കേരളത്തിന്റെ ചരിത്രം ലോകഭൂപടത്തിലെത്തിക്കാനുള്ള കവാടമാണ് വിനോദസഞ്ചാരമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

നവീകരിച്ച കോഴിക്കോട് വിമാനത്താവളവും നിര്‍മാണത്തിലിരിക്കുന്ന കണ്ണൂര്‍ വിമാനത്താവളവും മലബാര്‍ മേഖലയിലെ ടൂറിസം മുന്നേറ്റത്തിനു കുതിപ്പു പകരുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

ടൂറിസം മേഖലയില്‍ അടുത്ത അഞ്ചു വര്‍ഷത്തില്‍ നാലു ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് ചടങ്ങില്‍ അധ്യക്ഷനായ ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഒട്ടേറെ നൂതന സംരംഭങ്ങളിലൂടെ ലോക ടൂറിസം ഭൂപടത്തില്‍ കേരളം സ്ഥാനം നേടിക്കഴിഞ്ഞു. കൂടുതല്‍ മാതൃകാ വിനോദസഞ്ചാര ഗ്രാമങ്ങള്‍ സൃഷ്ടിക്കുന്നതിനു പുറമെ 79 ടൂറിസം സങ്കേതങ്ങള്‍ വികസിപ്പിക്കാനും സര്‍ക്കാരിനു പദ്ധതിയുണ്ട്. ഇതു സഹകരണ മേഖലയുടെ കൂടി സഹായത്തോടെയായിരിക്കും നിര്‍വഹിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

എക്‌സൈസ്‌തൊഴില്‍ മന്ത്രി ശ്രീ. ടി.പി. രാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. എംഎല്‍എ കെ.ദാസന്‍ സ്വാഗതമാശംസിച്ചു. ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു വി., ടൂറിസം ഡയറക്ടര്‍ ശ്രീ.യു.വി.ജോസ് എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി നേതൃത്വം നല്‍കിയ ഉന്നതാധികാര സമിതിയാണ് ടൂറിസം സേവനദാതാക്കളിലെ 27 അവാര്‍ഡ് ജേതാക്കളെ കണ്ടെത്തിയത്.

Comments

comments

Categories: Slider, Top Stories

Write a Comment

Your e-mail address will not be published.
Required fields are marked*