പേടിഎം ലേഗോക്കെതിരെ പേപാലിന്റെ പരാതി

പേടിഎം ലേഗോക്കെതിരെ പേപാലിന്റെ പരാതി

ബെംഗളൂരു: ഇന്ത്യന്‍ ഡിജിറ്റല്‍ വാലറ്റ് കമ്പനിയായ പേടിഎം തങ്ങളുടെ ലോഗോ രജിസ്റ്റര്‍ ചെയ്യുന്നതിനെതിരെ ആഗോള പേമെന്റ്‌സ് കമ്പനിയായ പേപാല്‍ ഉയര്‍ത്തുന്ന എതിര്‍പ്പില്‍ അനാരോഗ്യകരമായ വിപണി മത്സരമാണ് നിഴലിക്കുന്നതെന്ന് നിയമ വിദഗ്ധര്‍.

ഇരു ബ്രാന്‍ഡുകളുടെയും ലോഗോ തമ്മില്‍ സമാനതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി നവംബര്‍ 18 ന് ട്രേഡ്മാര്‍ക് രജിസ്ട്രാര്‍ക്ക് പേപാല്‍ പരാതി നല്‍കിയിരുന്നു. ഇലോണ്‍ മസ്‌ക്, പീറ്റര്‍ തിയെല്‍ എന്നിവര്‍ ചേര്‍ന്ന് 1998 ലാണ് കാലിഫോര്‍ണിയ ആസ്ഥാനമായി പേപാല്‍ സ്ഥാപിച്ചത്.

പ്രവര്‍ത്തനം തുടങ്ങി ആറ് വര്‍ഷം പിന്നിട്ട പേടിഎം ട്രേഡ്മാര്‍ക് അപേക്ഷ സംബന്ധിച്ച് ജൂലൈ 18 ന് പരസ്യം നല്‍കിയിരുന്നു. ഈ അപേക്ഷയ്‌ക്കെതിരെ പരാതികളുണ്ടെങ്കില്‍ അറിയിക്കുന്നതിന് സാധാരണ നാല് മാസത്തെ സമയ പരിധിയാണ് ട്രേഡ്മാര്‍ക് രജിസ്ട്രാര്‍ അനുവദിക്കുന്നത്. ഈ സമയ പരിധി തീരുന്നതിന്റെ അവസാന ദിവസമാണ് പേപാല്‍ പരാതിയുമായി രംഗത്തെത്തിയത്.

പേടിഎം വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിച്ചുവരികയാണെന്നും പേപാല്‍ ഇപ്പോള്‍ ഇത്തരമൊരു പരാതിയുമായി രംഗത്തെത്തിയത് പേടിഎമ്മിനെതിരായ വിപണി മത്സരത്തിന്റെ ഭാഗമായി വേണം കരുതാനെന്ന് നിയമ സ്ഥാപനമായ ഖെയ്താന്‍ ആന്‍ഡ് കമ്പനിയിലെ ഇന്‍ട്വലക്ച്ചല്‍ പ്രോപ്പര്‍ട്ടി മേധാവി സാമുവല്‍ നിരഞ്ജന്‍ നിരീക്ഷിക്കുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലും തുടര്‍ന്ന് ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രചാരണവുമെല്ലാം ഈയിടെ പേടിഎമ്മിന് വളരെയധികം ഗുണം ചെയ്തിരുന്നു. അതുകൊണ്ടാവാം അവസാന ദിവസം ഓടിക്കിതച്ചുവന്ന് ഇത്തരമൊരു പരാതി ഉന്നയിക്കാന്‍ പേപാലിനെ പ്രേരിപ്പിച്ചതെന്നും സാമുവല്‍ നിരഞ്ജന്‍ വിലയിരുത്തി.

പേ ടിഎമ്മിന്റെ മത്സരക്ഷമതയുമായി ബന്ധപ്പെട്ട ആശങ്കയാണ് പേപാലിനെ ബാധിച്ചിരിക്കുന്നതെന്ന് നിശിത് ദേശായ് അസ്സോസിയേറ്റ്‌സ് പാര്‍ട്ണര്‍ വൈഭവ് പരീഖ് ചൂണ്ടിക്കാട്ടി. ലോഗോയില്‍ കടും, ഇളം നീല നിറങ്ങള്‍ ഉപയോഗിക്കുന്നതും ഇരു ബ്രാന്‍ഡുകളുടെയും പേര് ‘പേ’യില്‍ തുടങ്ങുന്നതുമാണ് പേപാല്‍ പ്രധാനമായും പരാതിയില്‍ ഉന്നയിക്കുന്നത്. ഇത് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പേപാല്‍ വാദിക്കുന്നു.

Comments

comments

Categories: Branding