അസദിനെ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ട ഒബാമ

അസദിനെ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ട ഒബാമ

2017 ജനുവരി 20ന് ലോകം തയാറാക്കുന്നത് ഒരു പുതിയ രാഷ്ട്രീയ ഭൂപടമായിരിക്കും. സൂപ്പര്‍ പവറായ അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്കു ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കുന്നതു ജനുവരി 20-നാണ്. രണ്ട് തവണ യുഎസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചതിനു ശേഷം ബരാക് ഒബാമ ജനുവരി 20നു വൈറ്റ് ഹൗസില്‍നിന്നും പടിയിറങ്ങും. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം രൂപപ്പെട്ട ലോകക്രമം തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുമ്പോഴാണ് അമേരിക്കയില്‍ ഭരണമാറ്റം നടക്കുന്നത് എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. അമേരിക്ക രൂപം കൊടുത്ത ഏകധ്രുവ ലോകമെന്ന സങ്കല്‍പ്പത്തിന് ഇന്ന് ഭീഷണി നേരിടുന്നു. ഒബാമ പടിയിറങ്ങുമ്പോള്‍, അമേരിക്കയുടെ മുന്‍പ്രസിഡന്റുമാര്‍ കാലാവധി പൂര്‍ത്തിയാക്കി ഇറങ്ങിയപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ അസ്ഥിരമാണ് ലോകം. സിറിയന്‍ വിഷയത്തില്‍ ഒബാമയുടെ നയം അമ്പേ പരാജയപ്പെട്ടു. അലെപ്പോ നഗരം വീഴുമ്പോള്‍, ഒബാമയ്ക്ക് ഒരു ചെറുവിരല്‍ പോലും അനക്കാനാവാതെ വന്നിരിക്കുന്നു. നഗരത്തിന്റെ നിയന്ത്രണം റഷ്യ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയുള്ള സിറിയന്‍ ഭരണാധികാരിയായ അസദിന്റെ കൈകളിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ്.

സിറിയന്‍ സംഘര്‍ഷം

സിറിയയിലെ പൗരാണിക നഗരമാണു പാല്‍മിറ. കഴിഞ്ഞ വെള്ളിയാഴ്ച പാല്‍മിറയ്ക്കു സമീപം ഇസ്ലാമിക സ്റ്റേറ്റിനെ ലക്ഷ്യം വച്ച് നടത്തിയ വ്യോമാക്രമണത്തില്‍ 14 യുദ്ധ ടാങ്കുകളും ഒരു ആന്റി ക്രാഫ്റ്റും(ശത്രുവിമാനത്തെ ആക്രമിക്കാന്‍ ഉപയോഗിക്കുന്നത്) നശിപ്പിക്കപ്പെട്ടു. സമീപകാലത്ത് അലെപ്പോയിലേക്കു സിറിയന്‍ സേന ശ്രദ്ധപതിപ്പിച്ചതോടെ, പാല്‍മിറയുടെ നിയന്ത്രണം ജിഹാദികളുടെ കൈകളിലെത്തിച്ചേര്‍ന്നിരുന്നു. പാല്‍മിറയില്‍ ജിഹാദികള്‍ ആധിപത്യം ഉറപ്പാക്കുന്നത് തടയുന്നതിനു വേണ്ടിയാണു വ്യോമാക്രമണം നടത്തിയത്.
പാല്‍മിറയില്‍ കഴിഞ്ഞ വെള്ളിയാഴ്ച സംഭവിച്ചത്, കഴിഞ്ഞ വര്‍ഷം നടന്നതിന്റെ ആവര്‍ത്തനമായിരുന്നു എന്നതാണ് ഏറ്റവും രസകരം. ഒരു വര്‍ഷം മുന്‍പ് ഇറാന്റെ ജനറല്‍ ഖസെം സുലൈമാനിയുടെ നിര്‍ദേശപ്രകാരം സിറിയന്‍ ഭരണകൂടം പാല്‍മിറയില്‍നിന്നും സൈനിക ട്രൂപ്പുകളെ തന്ത്രപ്രധാനനഗരമായ അലെപ്പോയിലേക്ക് വിന്യസിച്ചിരുന്നു. എന്നാല്‍ പാല്‍മിറയില്‍നിന്നും അലെപ്പോയിലേക്കു സേനയെ വിന്യസിച്ച അതേ ദിവസം തന്നെ പാല്‍മിറയില്‍ വ്യോമാക്രമണം നടന്നു. പാല്‍മിറയില്‍ വ്യോമാക്രമണം നടത്തിയ വിമാനങ്ങളൊന്നും തന്നെ സിറിയയുടെയോ, റഷ്യയുടെയോ ആയിരുന്നില്ല. അവ യുഎസ് നേതൃത്വം കൊടുത്ത സഖ്യകക്ഷികളുടേതായിരുന്നു. ഇസ്ലാമിക സ്റ്റേറ്റിനെതിരേ നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് യുഎസ് ഇത്തരത്തില്‍ ആക്രമണം നടത്തിയത്.
പാല്‍മിറ, അസദിന് പ്രതീകാത്മ പ്രാധാന്യമുള്ള നഗരം മാത്രമാണ്. അലെപ്പോയുടെ നിയന്ത്രണം പിടിച്ചെടുക്കലായിരുന്നു അസദിന്റെ ലക്ഷ്യം. അസദിന്റെ ലക്ഷ്യത്തെ റഷ്യയും, ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡുകളും, ഹെസ്ബുള്ളയുടെ കൂലിപ്പട്ടാളവും, ഇറാഖിലെയും അഫ്ഗാനിലെയും പാകിസ്ഥാനിലെയും സായുധ പടയാളികളും പിന്തുണച്ചു. ഇതൊടൊപ്പം അമേരിക്കയുടെ അനാസ്ഥയും അസദിന് ഗുണകരമായി.
ഈ വര്‍ഷം ദി അറ്റ്‌ലാന്റിക് എന്ന മാസികയ്ക്കു വേണ്ടി ജെഫ്രി ഗോള്‍ഡ്‌ബെര്‍ഗിന് അനുവദിച്ച അഭിമുഖത്തില്‍ ഒബാമ പറയുകയുണ്ടായി, 2013ല്‍ സിറിയയന്‍ വിഷയത്തില്‍ ഇടപെടാതെ യുഎസ് ഭരണകൂടം മാറി നിന്നത് അഭിമാനാര്‍ഹമായ തീരുമാനമായിരുന്നെന്ന്. ഇത് പക്ഷേ, അസദിന് രക്ഷപ്പെടാനുള്ള അവസരമായി മാറുകയായിരുന്നു എന്നത് പില്‍ക്കാല ചരിത്രം. അസദിന്റെ നേതൃത്വത്തില്‍ രാസായുധ പ്രയോഗം നടത്തി 1,400 സിവിലിയന്‍മാരെ കൊന്നൊടുക്കിയ സമയം കൂടിയായിരുന്നു അപ്പോള്‍. ഇത്തരം ഗൗരവതരമായ പ്രശ്‌നത്തില്‍ അമേരിക്ക പുലര്‍ത്തിയ നിസംഗത റഷ്യയ്ക്കും ഇറാനും അനുകൂല സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു. 2014ല്‍ സിറിയന്‍ വിഷയത്തില്‍ ഒബാമ വീണ്ടും ഇടപെടാന്‍ തീരുമാനിച്ചപ്പോള്‍ കാര്യങ്ങള്‍ കൈയ്യില്‍നിന്നും വിട്ടു പോയിരുന്നു. രാസായുധങ്ങളുടെ പ്രയോഗത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഒബാമ ഏര്‍പ്പെടുത്തി. എന്നാല്‍ പ്രത്യക്ഷത്തില്‍ ഇത് നടപ്പിലായില്ലെന്നു മാത്രമല്ല, രാസായുധം പ്രയോഗിക്കാതെ സിവിലിയന്മാരെ കൊന്നൊടുക്കുന്ന രീതി പൂര്‍വ്വാധികം ശക്തിയാര്‍ജ്ജിക്കുകയും ചെയ്തു. ഒബാമയുടെ നീക്കം പാളിയതോടെ, സിറിയന്‍ ഭരണകൂടം തന്ത്രം മാറ്റി പരീക്ഷിക്കുകയും സംഘര്‍ഷാവസ്ഥ വര്‍ധിപ്പിക്കുകയും ചെയ്തു. രണ്ട് വര്‍ഷം പിന്നിടുമ്പോള്‍, 2014ല്‍ സിറിയയില്‍ രാസായുധത്തിലൂടെ കൊല്ലപ്പെട്ടതിനെക്കാള്‍ നാല് മടങ്ങ് പേര്‍ വ്യോമാക്രമണത്തിലൂടെ കൊല്ലപ്പെട്ടിരിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
2013ല്‍ ഒബാമ സിറിയന്‍ വിഷയത്തില്‍ നിന്നും അകലം പാലിച്ചത് സിറിയയിലെ പ്രതിപക്ഷത്തിനു വന്‍ തിരിച്ചടിയാണ് സമ്മാനിച്ചത്. അമേരിക്കയിലുള്ള അവരുടെ വിശ്വാസം നഷ്ടപ്പെടാന്‍ കാരണമായി. ഇതാകട്ടെ ഇസ്ലാമിസ്റ്റുകളെ കൂടുതല്‍ കരുത്താര്‍ജ്ജിപ്പിക്കാന്‍ പ്രേരിപ്പിച്ചു. ഐഎസ്‌ഐഎസ് എന്ന സംഘടന പ്രബല ശക്തിയായി ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിനും സാഹചര്യമൊരുക്കി. ഇസ്ലാമിക സ്റ്റേറ്റ് ശക്തിപ്പെട്ടതും, റഷ്യ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയോടെ അസദ് ഭരണകൂടം പോരാട്ടം ആരംഭിച്ചതും സിറിയന്‍ ജനതയെ കൂട്ടപലായനത്തിലേക്കാണു നയിച്ചത്. ജനസംഖ്യയുടെ പകുതിയിലധികം പേര്‍ രാജ്യം വിട്ട് പലായനം ചെയ്യുകയുണ്ടായി. പലായനം ചെയ്തവര്‍ കൂട്ടത്തോടെയെത്തിയത് യൂറോപ്പിലേക്കാണ്. അഭയാര്‍ഥികളായെത്തിയവര്‍ യൂറോപ്പിന് തലവേദന സൃഷ്ടിച്ചു. യൂറോപ്പില്‍ xenephobic (അപരിചിതരേയും വിദേശികളെയും വെറുക്കുന്നവര്‍) വികാരം വളര്‍ത്തി. പാശ്ചാത്യ നാടുകളില്‍ തീവ്രവലതു പക്ഷ രാഷ്ട്രീയത്തിന് സ്വീകാര്യത ലഭിച്ചതും അഭയാര്‍ഥി വിഷയം രൂക്ഷമായതിനു ശേഷമാണ്. സിറിയയിലെ പ്രശ്‌നത്തില്‍ നിന്നും ഒബാമ ഭരണകൂടത്തിന്റെ പിന്മാറ്റം സൃഷ്ടിച്ച പ്രത്യാഘാതകങ്ങള്‍ ഇനിയുമുണ്ട്. സിറിയന്‍ വിഷയത്തെത്തുടര്‍ന്ന് രൂപപ്പെട്ട അധികാര ശൂന്യത ഇറാനും റഷ്യയും മുതലെടുത്തു എന്നതാണ് മറ്റൊരു പ്രധാന കാര്യം. ഉക്രൈനിലും സിറിയയിലും സൈനിക നീക്കം പൂര്‍വ്വാധികം ശക്തിയോടെ നടത്താന്‍ പുടിനെ പ്രേരിപ്പിക്കുന്ന കാരണവും മറ്റൊന്നല്ല. അമേരിക്കയുടെയും പാശ്ചാത്യ ലോകത്തിന്റെയും സൈനിക, രാഷ്ട്രീയ ദൗര്‍ബല്യം പുടിന് ശരിക്കും മുതലെടുക്കാന്‍ സാധിച്ചിരിക്കുന്നു. യുകെയിലെ കോണ്‍വോള്‍ തീരത്ത് അനുവാദമില്ലാതെ ബോംബര്‍ വിമാനങ്ങള്‍ പറത്തിയതും യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ അനധികൃതമായി ഇടപെട്ടതും ചില ഉദാഹരണങ്ങളാണ്.

Comments

comments

Categories: World