ചത്തീസ്ഗഡില്‍ സ്റ്റീല്‍ പ്ലാന്റിനായി എന്‍എംഡിസിയുടെ 1,222 കോടി നിക്ഷേപം

ചത്തീസ്ഗഡില്‍ സ്റ്റീല്‍ പ്ലാന്റിനായി എന്‍എംഡിസിയുടെ 1,222 കോടി നിക്ഷേപം

 

മുംബൈ: പൊതുമേഖല ഇരുമ്പയിര് ഖനന കമ്പനിയായ എന്‍എംഡിസി ചത്തീസ്ഗഡിലെ ബസ്തര്‍ ജില്ലയിലെ നഗര്‍നറില്‍ പ്രതിവര്‍ഷം 3 മില്ല്യണ്‍ ടണ്‍ ശേഷിയുള്ള സ്റ്റീല്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനായി 1,222 കോടി രൂപ നിക്ഷേപിച്ചു. അടുത്തവര്‍ഷം പകുതിയോടെ പ്ലാന്റില്‍ പരീക്ഷണ ഉല്‍പ്പാദനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2016 സെപ്റ്റംബര്‍ വരെ മൂലധന ചെലവ് ഇനത്തില്‍ കമ്പനി 1,434.55 കോടി രൂപയുടെ നിക്ഷേപം നടത്തി. ഇതില്‍ 1,222.65 കോടി രൂപ നഗര്‍നര്‍ സ്റ്റീല്‍ പ്ലാന്റില്‍ നിക്ഷേപിച്ചു. കൂടാതെ ദൊനിമലൈയിലെ പല്ലറ്റ് പ്ലാന്റില്‍ 17.39 കോടിയും കെകെ ലൈന്‍ ഇരട്ടിപ്പിക്കുന്നതിനായി 75 കോടിയും കുമാരസ്വാമി മൈനിന് 7.21 കോടിയും ബൈലാദില ഡിപ്പോസിറ്റില്‍ 4.76 കോടി രൂപയും കമ്പനി നിക്ഷേപിച്ചുവെന്ന് അടുത്തവൃത്തങ്ങള്‍ അറിയിച്ചു.

കുദ്രമുഖ്, ദൊനിമലൈ, ബാബബുദന്‍, കുമാരസ്വാമി, രാമന്‍ദുര്‍ഗ് തുടങ്ങി കര്‍ണ്ണാടകയിലെ വിവിധ പ്രദേശങ്ങളില്‍ ഇരുമ്പരയിര് ഖനികള്‍ വികിസിപ്പിക്കുന്നതിനായി എന്‍എംഡിസി പര്യവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. കമ്പനിയുടെ ദൊനിമലയിലെ ഖനന കേന്ദ്രത്തില്‍ നിന്ന് ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്ക് ഇരുമ്പയിര് കയറ്റുമതി ചെയ്യുന്നുണ്ട്. അഡീഷന്‍, മോഡിഫിക്കേഷന്‍, നിലവിലെ ആസ്തികള്‍ പുനര്‍സ്ഥാപിക്കുക തുടങ്ങി മറ്റു പദ്ധതികള്‍ക്കായി കമ്പനി 72.50 കോടി രൂപ സംഭാവനയും നല്‍കുന്നുണ്ട്.
ബൈലാദിലയില്‍ നിന്ന് നഗര്‍നറിലേക്ക് ദ്രാവകരൂപത്തിലുള്ള മിശ്രിതത്തിന്റെ പൈപ്പ്‌ലൈനിനായി ചത്തീസ്ഗഡ് സര്‍ക്കാരും എന്‍എംഡിസിയും ധാരണയായി.
നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ എന്‍എംഡിസിയുടെ വിറ്റുവരവ് 3, 460 കോടി രൂപ വര്‍ധിച്ചെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 3,406 കോടി രൂപയായിരുന്നിത്. അതേസമയം അറ്റലാഭം മുന്‍വര്‍ഷത്തെ 1,892 കോടി രൂപയില്‍ നിന്ന് 19 ശതമാനം ഇടിഞ്ഞ് 1,482 കോടിരൂപയായി.

Comments

comments

Categories: Branding

Related Articles