അവയവദാന സന്ദേശം പ്രചരിപ്പിച്ച് മിര്‍ ഗ്രൂപ്പ്

അവയവദാന സന്ദേശം പ്രചരിപ്പിച്ച് മിര്‍ ഗ്രൂപ്പ്

 

കൊച്ചി: സംസ്ഥാനം കണ്ട ഏറ്റവും വലിയ അവയവദാന പ്രതിജ്ഞാ കൈമാറ്റത്തിന് തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് സാക്ഷ്യം വഹിച്ചു. കൊച്ചി ആസ്ഥാനമായുള്ള മിര്‍ ഗ്രൂപ്പ്, കേരള സര്‍ക്കാര്‍ സംരംഭമായ മൃതസഞ്ജീവനിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച പ്രതിജ്ഞ കൈമാറ്റച്ചടങ്ങില്‍ ഹൈബി ഈഡന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള 2000ലേറെപ്പേരുടെ അവയവദാന പ്രതിജ്ഞാപത്രങ്ങളാണ് ചടങ്ങ് ഉദ്ഘാടനം ചെയ്ത സംസ്ഥാന ഗതാഗതമന്ത്രി എ. കെ. ശശീന്ദ്രന്‍ ഏറ്റുവാങ്ങിയത്. ആദ്യമായാണ് ഇത്ര വലിയ തോതിലുള്ള അവയവദാന പ്രതിജ്ഞാ കൈമാറ്റം നടക്കുന്നതെന്ന് മന്ത്രി എ. കെ. ശശീന്ദ്രന്‍ പറഞ്ഞു. കൂടുതല്‍ സ്ഥാപനങ്ങള്‍ ഇത്തരത്തില്‍പ്പെട്ട അവയവദാന ബോധവല്‍ക്കരണം മാതൃകയാക്കണമെന്നും മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത് അവയവങ്ങള്‍ക്കായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇത് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിനു മുമ്പും ചടങ്ങില്‍ വെച്ചും സമാഹരിച്ച അവയവദാന പ്രതിജ്ഞാ പത്രങ്ങളാണ് മന്ത്രിക്ക് കൈമാറിയത്. ചടങ്ങില്‍വെച്ചാണ് ഹൈബി ഈഡന്‍ പ്രതിജ്ഞാപത്രത്തില്‍ ഒപ്പിട്ടത്. അവയവദാനത്തിന് പ്രചോദനം നല്‍കിക്കൊണ്ട് മിര്‍ ഗ്രൂപ്പിന്റെ ‘ഞാന്‍ ആഗ്രഹിക്കുന്നു’ എന്ന ഇതിവൃത്തം അടിസ്ഥാനമാക്കിയുള്ള 2017ലെ തീം കലണ്ടറിന്റെ പ്രകാശനത്തിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.

മാസങ്ങളുടെ ചെറിയ ഷീറ്റുകള്‍ മാറ്റാവുന്ന മിര്‍ ഗ്രൂപ്പ് കലണ്ടറിന്റെ പശ്ചാത്തലത്തിലുള്ള വലിയ ഷീറ്റില്‍ കലണ്ടര്‍ ലഭിക്കുന്ന ഓരോരുത്തര്‍ക്കും അവരവരുടെ അവയവദാന പ്രതിജ്ഞയില്‍ ഒപ്പിടാവുന്ന തരത്തിലാണ് രൂപകല്‍പ്പനയെന്ന് മിര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അരുണ്‍കുമാര്‍ പറഞ്ഞു. അങ്ങനെ, കാണുന്നവര്‍ക്കെല്ലാം ഒരു വര്‍ഷം മുഴുവന്‍ പ്രചോദനമാകാന്‍ ഈ കലണ്ടറിന് കഴിയും.

അവയവദാനമെന്ന ആശയത്തെ ആസ്പദമാക്കി മിര്‍ ഗ്രൂപ്പ് സംഘടിപ്പിച്ച മുദ്രാവാക്യ രചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അര്‍ച്ചന പി. സി.യ്ക്കുള്ള ക്യാഷ് അവാര്‍ഡ് ട്രോഫിയും മന്ത്രി സമ്മാനിച്ചു. സേക്രഡ് ഹാര്‍ട്ട് കോളേജ് പ്രിന്‍സിപ്പല്‍ ഫാ. പ്രശാന്ത് പാലയ്ക്കാപ്പിള്ളില്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ അസി. പോലീസ് കമ്മീഷണര്‍ ലാല്‍ജി, സേക്രഡ് ഹാര്‍ട്ട് കോളേജ് സ്റ്റാഫ് സെക്രട്ടറി സിബി മാത്യു, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അസിന്‍ ജോയ് എ്ന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മിര്‍ ഗ്രൂപ്പ് പ്ലാനിംഗ് ഡയറക്ടര്‍ ജിനരാജ് ടി. വി. കൃതജ്ഞത രേഖപ്പെടുത്തി.

 

Comments

comments

Categories: Branding