വിവാഹവും ഇന്ത്യയിലെ സ്ത്രീകളുടെ കുടിയേറ്റവും

വിവാഹവും ഇന്ത്യയിലെ  സ്ത്രീകളുടെ കുടിയേറ്റവും

ദേവനിക് സാഹ

ര്‍ണാടകയില്‍ നിന്നുള്ള ദമ്പതികള്‍ക്ക് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള 2016 ഒക്‌റ്റോബറിലെ വിധിയില്‍ സുപ്രീം കോടതി ഇങ്ങനെ ചൂണ്ടിക്കാട്ടി-വിവാഹം കഴിഞ്ഞതിനു ശേഷം വരന്‍ മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിയുന്നത് ഹിന്ദു ആചാര പ്രകാരം ഇന്ത്യയില്‍ സാധാരണമല്ല, പ്രത്യേകിച്ച് കുടുംബത്തിലെ പ്രധാന വരുമാന മാര്‍ഗം മകനാകുമ്പോള്‍. പൊതുവെ ഇന്ത്യക്കാര്‍ക്ക് പാശ്ചാത്യ ചിന്താഗതി അത്ര പഥ്യമല്ല. വിവാഹത്തിന് ശേഷം മകന്‍ മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിയുന്ന പാശ്ചാത്യ സംസ്‌കാരത്തെ അവര്‍ പാടെ അവഗണിക്കുന്നു.

സാധാരണഗതിയില്‍, ശക്തമായ ഒരു കാരണമില്ലാതെ, ഇന്ത്യയിലെ ഒരു വധു വിവാഹാനന്തരം തന്റെ ഭര്‍ത്താവ് മാതാപിതാക്കളില്‍ നിന്ന് പിരിഞ്ഞ് തന്റെയൊപ്പം ജീവിക്കണമെന്ന് ആവശ്യപ്പെടാറുമില്ല. ഈ നിരീക്ഷണം പുതിയ സെന്‍സസ് കണക്കുകളില്‍ പ്രതിഫലിക്കുന്നുണ്ട്. വിവാഹത്തിന് ശേഷം കുടിയേറിയ (സ്വന്തം നാടുവിട്ടു പോകല്‍) 224 മില്ല്യണ്‍ ഇന്ത്യക്കാരില്‍ 97 ശതമാനവും സ്ത്രീകളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

സെന്‍സസ് രേഖകള്‍ പ്രകാരം പത്തില്‍ നാല് ഇന്ത്യക്കാരും (451 മില്ല്യണ്‍) സ്വന്തം നാടുവിട്ട് താമസിക്കുന്നവരാണ്. യുഎസ്, ജര്‍മനി, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ മുഴുവന്‍ ജനസംഖ്യ പരിശോധിച്ചാല്‍ ഇതിനേക്കാള്‍ അധികമാണിത്. നാടിനെ ഉപേക്ഷിക്കുന്നതിന് പ്രധാന കാരണം വിവാഹമാണ്. വിവാഹത്തിനു വേണ്ടി നാടില്‍ നിന്ന് മാറിനില്‍ക്കല്‍ (49 ശതമാനം) ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ വീട് വിറ്റു പോകുന്നത്(15 ശതമാനം) രണ്ടാം സ്ഥാനവും ജോലി സ്ഥലങ്ങളിലേക്കുള്ള കുടിയേറ്റം (പത്ത് ശതമാനം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സ്ത്രീകള്‍ ഏറ്റവും കൂടുതല്‍  കുടിയേറി പാര്‍ക്കുന്നത് വിദ്യാഭ്യാസത്തിനു വേണ്ടി

ജോലി സംബന്ധമായി 46.4 മില്ല്യണ്‍ ഇന്ത്യക്കാര്‍ കുടിയേറുമ്പോള്‍, അതില്‍ 7.4 മില്ല്യണ്‍ (16 ശതമാനം) പേര്‍ സ്ത്രീകളാണ്. ഇന്ത്യയുടെ ആകെയുള്ള തൊഴില്‍ ശക്തിയില്‍ 27 ശതമാനം പേര്‍ മാത്രമാണ് സ്ത്രീകള്‍ ഉള്ളത്. ദക്ഷിണേഷ്യയിലെ തൊഴില്‍ ശക്തിയിലെ സ്ത്രീകളുടെ ഏറ്റവും കുറഞ്ഞ പങ്കാളിത്തമാണ് ഇന്ത്യയിലേതെന്ന് 2016 ഏപ്രിലില്‍ ഇന്ത്യസ്‌പെന്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.വേതനമില്ലാതെ തൊഴില്‍ ചെയ്യുന്ന സ്ത്രീകളെ ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഉദാഹരണത്തിന് രോഗികളുടെയും വൃദ്ധരുടെയും സംരക്ഷണം, വീട്ടുജോലികള്‍, സന്നദ്ധ സേവനങ്ങള്‍ എന്നിവയെല്ലാം ഇതില്‍പ്പെടും. തൊഴിലിനേക്കാള്‍ കൂടുതല്‍ ബിസിനസുമായി ബന്ധപ്പെട്ടാണ് സ്ത്രീകള്‍ കൂടുതലും അന്യ ദേശങ്ങളിലേക്ക് ചേക്കേറുന്നത്. ബിസിനസുമായി ബന്ധപ്പെട്ട് 4.3 മില്ല്യണ്‍ ഇന്ത്യക്കാര്‍ കുടിയേറുമ്പോള്‍ ഇതില്‍ 1.1 മില്ല്യണ്‍ (11 ശതമാനം) പേര്‍ വനിതകളാണ്. രാജ്യത്തെ 14 ശതമാനം ബിസിനസ് സ്ഥാപനങ്ങളും നടത്തുന്നത് വനിതാ സംരംഭകരാണെന്ന് ഇന്ത്യസ്‌പെന്‍ഡ് വ്യക്തമാക്കിയിരുന്നു.

ഇന്ത്യയില്‍ വിദ്യാഭ്യാസവുമായി അനുബന്ധിച്ചുള്ള കുടിയേറ്റങ്ങളില്‍ 40 ശതമാനവും സ്ത്രീകളാണ് നടത്തുന്നത്. രാജ്യ വ്യാപകമായി നിലനില്‍ക്കുന്ന പുരുഷ മേധാവിത്വത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. 1000 പുരുഷന്മാര്‍ക്ക് വിദ്യാഭ്യാസം ലഭിക്കാതെ വരുമ്പോള്‍ 1403 സ്ത്രീകള്‍ക്ക് തങ്ങളുടെ ജീവിതകാലത്തൊരിക്കലും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പടിപോലും ചവിട്ടാന്‍ ഭാഗ്യം ലഭിക്കാറില്ലെന്ന് 2015 നവംബറില്‍ ഇന്ത്യസ്‌പെന്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗ്രാമീണ മേഖലയിലുള്ള 78 ശതമാനം സ്ത്രീകളും തങ്ങളുടെ വിവാഹത്തിന് ശേഷം ഭര്‍ത്താവിന്റെ നാട്ടിലേക്കോ മറ്റിടങ്ങളിലോ കുടിയേറുന്നു.

ഗ്രാമീണ മേഖലയില്‍ നിന്നുള്ള 228 മില്ല്യണ്‍ സ്ത്രീകളും കുടിയേറി പാര്‍ക്കുന്നവരാണ്. ഇതില്‍, 179 മില്ല്യണ്‍ (78 ശതമാനം) പേരും വിവാഹവുമായി ബന്ധപ്പെട്ട് കുടിയേറുന്നവരും. നഗര പ്രദേശത്തു നിന്നുള്ള സ്ത്രീകളുടെ കണക്കെടുക്കുമ്പോള്‍ ഇത് ഏകദേശം 46 ശതമാനം വരും. നഗരങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ സമപ്രായക്കാരെ ഗ്രാമീണ സ്ത്രീകളുമായി തട്ടിച്ചു നോക്കുമ്പോള്‍ ശരാശരി രണ്ട് വര്‍ഷം താമസിച്ചാണ് വിവാഹത്തിന് തയാറാകുന്നതെന്ന് 2015ല്‍ ഇന്ത്യസ്‌പെന്‍ഡ് വെളിപ്പെടുത്തുകയുണ്ടായി.

2005-06ലെ ദേശീയ കുടുംബാരോഗ്യ സര്‍വെ പ്രകാരം നഗര പ്രദേശത്തെ സ്ത്രീകളുടെ ശരാശരി വിവാഹപ്രായം 18.8 ആണെങ്കില്‍ ഗ്രാമങ്ങളില്‍ ഇത് 16.4 ആണ്. പതിനഞ്ച് വയസിനും 49 വയസിനും ഇടയില്‍ പ്രായമുള്ള 25 ശതമാനത്തോളം സ്ത്രീകള്‍ വിവാഹ ജീവിതം തെരഞ്ഞെടുക്കുന്നില്ലെങ്കില്‍ ഗ്രാമങ്ങളില്‍ ഇത് 17 ശതമാനമാണ്.

(സസ്സക്‌സ് സര്‍വകലാശാലയ്ക്ക് കീഴിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസിലെ എംഎ വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

കടപ്പാട്: ഐഎഎന്‍എസ്‌

Comments

comments

Categories: FK Special