ഇന്ത്യന്‍ വിപണിയില്‍ വളര്‍ച്ച ലക്ഷ്യമിട്ട് മാന്‍ ട്രക്ക് &ബസ് എജി

ഇന്ത്യന്‍ വിപണിയില്‍ വളര്‍ച്ച ലക്ഷ്യമിട്ട് മാന്‍ ട്രക്ക് &ബസ് എജി

 

ന്യൂഡെല്‍ഹി: മാന്‍ സെ കോര്‍പ്പറേഷന്റെ അനുബന്ധ കമ്പനിയായ മാന്‍ ട്രക്ക് &ബസ് എജിയുടെ പ്രധാനപ്പെട്ട അഞ്ച് യൂറോപ്യന്‍ ഇതര വിപണികളിലൊന്നായി 2020ഓടെ ഇന്ത്യ മാറുമെന്ന്കമ്പനി ഗ്ലോബല്‍ സിഇഒ ജോച്ചിം ഡ്രീസ്. ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണ നയങ്ങള്‍ വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിലും 2017ന്റെ രണ്ടാം പകുതിയോടെ സ്ഥിതി മെച്ചപ്പെട്ടു തുടങ്ങുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മാന്‍ ട്രക് & ബസിന്റെ പ്രധാന വിപണികളിലൊന്നാണ് ഇന്ത്യ. ഇന്ത്യന്‍ വിപണിയില്‍ കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും ജോച്ചിം ഡ്രീംസ് പറഞ്ഞു. ഈ വര്‍ഷമാദ്യം ഇന്ത്യയുടെ സിഎംഡിയായി ചുമതലയേറ്റ ജോര്‍ഗ് മൊമ്മേര്‍ട്‌സ് വര്‍ഷങ്ങളായി കമ്പനിക്കൊപ്പമുള്ള വ്യക്തിയാണെന്നും അദ്ദേഹത്തിന് കമ്പനിയെ അറിയാവുന്ന പോലെ തന്നെ ഉപഭോക്താക്കളെയും ഇന്ത്യന്‍ വിപണിയുടെ ആവശ്യകതയെയും സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ വിപണിയില്‍ കമ്പനിയുടെ മൂല്യം വര്‍ധിപ്പിക്കുന്നതിനും, ഇന്ത്യയ്ക്കു പുറത്ത് കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുമായി കമ്പനിയുടെ പരിചയസമ്പന്നരായ മാനേജര്‍മാരില്‍ ഒരാളെ കൂടി നിയമിക്കുമെന്നും ജോച്ചിം അഭിപ്രായപ്പെട്ടു.

തങ്ങളുടെ എതിരാളികളായ ഇന്ത്യന്‍ കമ്പനികള്‍ക്ക് ബജറ്റ് വിഭാഗത്തില്‍ വ്യക്തമായ സ്വാധീനമുണ്ടെന്നും, അത് ശക്തമാണെന്നും അദ്ദേഹം വിലയിരുത്തുന്നു. പക്ഷെ, അത്യാധൂനിക സാങ്കേതിക സംവിധാനങ്ങള്‍ അടിസ്ഥാനമാക്കികൊണ്ട് പ്രവര്‍ത്തിക്കുന്ന മേഖലയെന്ന നിലയില്‍ ആഗോള ട്രക് കമ്പനികള്‍ക്ക് വലിയ സാധ്യതകളാണ് ഇന്ത്യയിലുള്ളത്. ഇന്ത്യന്‍ വിപണിയിലെ ഈ അവസരങ്ങളെ ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് തങ്ങള്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും മാന്‍ ട്രക് & ബസ് സിഇഒ പറഞ്ഞു.

രാജ്യത്ത് ഏകീകൃത ചരക്ക് സേവന നികുതി നടപ്പിലാക്കുന്നതും, നോട്ട് അസാധുവാക്കല്‍ നടപടിയും ഉള്‍പ്പടെയുള്ള പരിഷ്‌കരണ നയങ്ങള്‍ ബിസിനസ് മോഡലുകളുടെ മാറ്റത്തിന് കാരണമായേക്കാം. കമ്പനിയുടെ ട്രക്കുകള്‍ പ്രാദേശികവല്‍ക്കരിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ വിപണിയിലെ മാറ്റങ്ങളെ നേരിടുന്നതിനുള്ള തയാറെടുപ്പുകള്‍ കമ്പനി നടത്തിയിട്ടുണ്ടെന്നും ജോച്ചിം വിശദീകരിച്ചു.

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തോടെ നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ കമ്പനിക്ക് തിരിച്ചടി നേരിട്ടുണ്ട്. പക്ഷെ വളരെ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വിപണിയാണ് ഇന്ത്യയെന്നാണ് കമ്പനിയുടെ വാദം. ധീരമായ ഈ നയപരിഷ്‌കരണം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുമെന്നും മാന്‍ ട്രക് & ബസ് സാരഥി അഭിപ്രായപ്പെടുന്നു.

Comments

comments

Categories: Auto