ചരക്ക് നീക്കം മെച്ചപ്പെടുത്തുന്നത് കര്‍ഷകര്‍ക്ക് ഗുണം ചെയ്യും: അശോക് ഗജപതി രാജു

ചരക്ക് നീക്കം മെച്ചപ്പെടുത്തുന്നത്  കര്‍ഷകര്‍ക്ക് ഗുണം ചെയ്യും: അശോക് ഗജപതി രാജു

പനാജി: ചരക്ക് നീക്കം മെച്ചപ്പെടുത്തുന്നത് കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്ന് വ്യോമയാന മന്ത്രി അശോക് ഗജപതി രാജു. സിവില്‍ ഏവിയേഷന്‍ വകുപ്പ് ഇതിന് തന്ത്രപരമായി ശ്രദ്ധചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് ആഗ്രഹമുണ്ട്. ഇതിന് പ്രധാന പങ്കുവഹിക്കാന്‍ കാര്‍ഗോയ്ക്കാകും. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ വളരെയേറെ ആവശ്യകതയുണ്ട്. ഗതാഗത സ്തംഭനം മൂലം ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്താതിരിക്കരുത്. ഈ സാഹചര്യം മെച്ചപ്പെടുത്താന്‍ കാര്‍ഗോ, വിമാന സേവനങ്ങള്‍ക്ക് കഴിയും- അശോക് ഗജപതി രാജു പറഞ്ഞു.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) സഹസ്ഥാപനം സ്ഥാപിച്ചിട്ടുണ്ട്. വിമാനത്തിലൂടെ ചരക്കു നീക്കം എങ്ങനെ വികസിപ്പിക്കാമെന്നതില്‍ എഎഐ ശ്രദ്ധ പുലര്‍ത്തും. ഇന്ത്യയില്‍ യാത്രക്കാരുടെ വിഭാഗത്തില്‍ സിവില്‍ ഏവിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പരിധിയുണ്ട്. ഇതിന് മാറ്റം വരുത്തേണ്ടത് ആവശ്യമാണ്. നിലവില്‍ രാജ്യത്ത് വിമാനത്തിലൂടെയുള്ള കാര്‍ഗോ നീക്കം വളരെ പ്രയാസമേറിയതാണ്. മറ്റു രാജ്യങ്ങളിലെ നൂറോളം വിമാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യക്ക് കാര്‍ഗോ സേവനങ്ങള്‍ക്കായി രണ്ടു വിമാന കമ്പനികളും മൂന്ന് വിമാനങ്ങളും മാത്രമേ ഉള്ളൂ. വിമാനക്കമ്പനികളെ ഉപയോഗപ്പെടുത്തി കാര്‍ഗോ നീക്കം വിപുലീകരിക്കേണ്ടതുണ്ടെന്ന് ഗജപതി രാജു ചൂണ്ടിക്കാട്ടി.
കാര്‍ഗോ സര്‍വീസ് മെച്ചപ്പെടുത്തുന്നതിന് വ്യാപാര, വ്യവസായ മേഖലകള്‍ താല്‍പര്യം കാട്ടണം. ഇതിന്റെ ആവശ്യകതയെക്കുറിച്ച് മന്ത്രാലയം എല്ലാ മേഖലയ്ക്കും പ്രചോദനം നല്‍കും. നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ ഏവിയേഷന്‍ മേഖലയില്‍ 20 ശതമാനത്തിലധികം വളര്‍ച്ച പ്രതീക്ഷിക്കുന്നു. വ്യോമയാന രംഗത്ത് ലോകത്തില്‍ ഏറ്റവും വലിയ വളര്‍ച്ച നേടിയ രാജ്യം ഇന്ത്യയാണ്. ഉദാന്‍ പദ്ധതിയുടെ ഭാഗമായി ഗ്രാമീണ വിമാന യാത്രാ ശൃംഖലയില്‍ പുതിയ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും രാജു കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy