മസാല ബോണ്ടിലൂടെ ധനസമാഹരണത്തിന് എച്ച്ഡിഎഫ്‌സിക്ക് അനുമതി

മസാല ബോണ്ടിലൂടെ  ധനസമാഹരണത്തിന്  എച്ച്ഡിഎഫ്‌സിക്ക് അനുമതി

 

മുംബൈ: ധനകാര്യസേവനദാതാക്കളായ എച്ച്ഡിഎഫ്‌സി ബാങ്കിന് മസാല ബോണ്ടിലൂടെ (രാജ്യത്തിനു പുറത്ത് ഇഷ്യു ചെയ്യുന്ന ബോണ്ട്. ഇന്ത്യന്‍ രൂപയിലാണ് അത് മാറിയെടുക്കുന്നത്) 3,000 കോടിയിലധികം രൂപ സമാഹരിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) അനുമതി.
നിക്ഷേപം സമാഹരിക്കാന്‍ ആര്‍ബിഐ അനുമതി നല്‍കി. എന്നാല്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചതിനുശേഷമേ അതുമായി മുന്നോട്ടുപോകുകയുള്ളു- എച്ച്ഡിഎഫ്‌സി ബാങ്ക് വൈസ് ചെയര്‍മാന്‍ കെകി മിസ്ത്രി പറഞ്ഞു. മസാല ബോണ്ടിലൂടെ നാലു ഘട്ടങ്ങളിലായി ബാങ്ക് ഇതിനകം 5,000 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. ആദ്യത്തെ പണ സമാഹരണത്തിന്റെ പലിശ നിരക്ക് 8.3 ശതമാനമായിരുന്നു. അവസാനത്തേില്‍ പലിശ നിരക്ക് 7.25 ശതമാനത്തിലെത്തിയിരുന്നു. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയതിനാലും ഭാവിയിലും സമാന നടപടികള്‍ പ്രതീക്ഷിക്കുന്നതിനാലും നിക്ഷേപ ശേഖരണത്തിന് വരുംനാളുകളില്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് മിസ്ത്രി ചൂണ്ടിക്കാട്ടി.
ഫെഡ് റിസര്‍വ് നയം വന്നതിനാല്‍ പണം സമാഹരിക്കുന്നതിന് അനുകൂല സാഹചര്യമല്ല ഇപ്പോള്‍ ഉള്ളത്. പാശ്ചാത്യ രാജ്യങ്ങളിലെ അവധിക്കാലം കഴിഞ്ഞതിനുശേഷം ജനുവരിയില്‍ മാത്രമേ നിക്ഷേപ ശേഖരണത്തിന് കമ്പനി തയാറെടുക്കുകയുള്ളൂ- അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതിനാല്‍ ആഭ്യന്തര തലത്തില്‍ വായ്പാ ആവശ്യകത കുറഞ്ഞിട്ടുണ്ട്. എങ്കിലും ചെറിയ ഇടവേളയ്ക്ക് ശേഷം വായ്പാ ആവശ്യകത ഉയരാനുള്ള സാധ്യതയുണ്ട്. ഒന്നുകില്‍ ബജറ്റ് നിര്‍ദേശങ്ങളാവും അതിനു വഴിതെളിക്കുക. നോട്ട് പിന്‍വലിക്കല്‍ ധനകാര്യ സേവന മേഖലയിലെ അവസരങ്ങള്‍ കുറച്ചിട്ടുണ്ടെന്ന് മിസ്ത്രി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Banking