2024 ഓടെ 1,38,089 ഡ്രൈവറില്ലാ കാറുകള്‍ നിരത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

2024 ഓടെ 1,38,089 ഡ്രൈവറില്ലാ കാറുകള്‍ നിരത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

 

ന്യൂയോര്‍ക് : 2024ഓടെ ലോകത്താകമാനമായി 1,38,089 ഡ്രൈവറില്ലാ കാറുകള്‍ നിരത്തുകള്‍ കീഴടക്കുമെന്ന് യുഎസ് ആസ്ഥാനമായ ഗ്രാന്‍ഡ് വ്യൂ റിസര്‍ച്ച് എന്ന മാര്‍ക്കറ്റ് റിസര്‍ച്ച് ആന്‍ഡ് കണ്‍സല്‍ട്ടിംഗ് കമ്പനിയുടെ റിപ്പോര്‍ട്ട്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് പാര്‍ക്കിംഗ്, ഫോര്‍വേഡ് കോളീഷന്‍ അവോയ്ഡന്‍സ് തുടങ്ങിയ സാങ്കേതികവിദ്യകള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡ്രൈവറില്ലാ കാറുകളോടുള്ള ആളുകളുടെ ആഭിമുഖ്യം അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ വലിയ തോതില്‍ വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓണ്‍-റോഡ് സുരക്ഷ, കുറച്ച് ഊര്‍ജം ഉപയോഗിച്ചാല്‍ മതിയെന്ന മേന്‍മ തുടങ്ങിയവ നല്‍കുന്ന സെല്‍ഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ അനന്തമായ സാധ്യതകളാണ് കാഴ്ചവെക്കുന്നതെന്ന് പഠനം നിരീക്ഷിക്കുന്നു. 2017ല്‍ ലോകത്താകെയുള്ള ഡ്രൈവറില്ലാ കാറുകളുടെ 40 ശതമാനം വടക്കേ അമേരിക്കയിലാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ഏഴ് വര്‍ഷം ഈ ഭൂഖണ്ഡത്തില്‍ ഡ്രൈവറില്ലാ കാറുകള്‍ക്ക് വന്‍തോതില്‍ ആവശ്യക്കാരുണ്ടാകും.

ഡ്രൈവറില്ലാ കാറുകള്‍ അധീശത്വം സ്ഥാപിക്കുന്ന അടുത്ത മേഖല യൂറോപ്പ് ആയിരിക്കും. 2017ല്‍ ഇത്തരത്തിലുള്ള ആകെ കാറുകളുടെ 35 ശതമാനം യൂറോപ്പിലായിരിക്കും. വോള്‍വോ, ഫോക്‌സ് വാഗണ്‍, ഫിയറ്റ് തുടങ്ങിയ കമ്പനികളുടെ സാന്നിധ്യമാണ് യൂറോപ്പിനെ ഡ്രൈവറില്ലാ വാഹനങ്ങളുടെ പ്രിയപ്പെട്ട വിപണിയായി മാറ്റുന്നത്.

വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവയെ അപേക്ഷിച്ച് ഏഷ്യാ പസഫിക്കില്‍ ഡ്രൈവറില്ലാ കാറുകളെത്തുന്നതിന് സമയമെടുത്തേക്കും. എന്നാല്‍ ചൈനീസ് മികവില്‍ ഏഷ്യ-പസഫിക്കിലും ഡ്രൈവറില്ലാ കാറുകള്‍ അധികം വൈകാതെ ഓടിത്തുടങ്ങും. ഡ്രൈവറില്ലാ കാറുകള്‍ വികസിപ്പിക്കുന്നതിന് ജപ്പാന്‍ സര്‍ക്കാരും പദ്ധതികള്‍ തയാറാക്കിയിട്ടുണ്ട്. ഡ്രൈവറില്ലാ കാറുകള്‍ക്കായി പ്രത്യേക പാതകള്‍തന്നെ നിര്‍മിക്കാന്‍ തയാറെടുക്കുകയാണ് സിംഗപ്പൂര്‍ സര്‍ക്കാര്‍.
സൗകര്യവും സുരക്ഷയും ഉറപ്പാക്കുന്നതിനാല്‍ മുതിര്‍ന്ന പൗരന്‍മാര്‍ കൂടുതലുള്ള രാജ്യങ്ങള്‍ ഡ്രൈവറില്ലാ കാറുകളുടെ വലിയ ഉപയോക്താക്കളായി മാറുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Comments

comments

Categories: Slider, Top Stories