കടബാധ്യത ഗൗനിക്കുന്നില്ല, പുതിയ മേഖലകള്‍ കേന്ദ്രീകരിച്ച് നിക്ഷേപം നടത്തും: ഗൗതം അദാനി

കടബാധ്യത ഗൗനിക്കുന്നില്ല, പുതിയ മേഖലകള്‍ കേന്ദ്രീകരിച്ച് നിക്ഷേപം നടത്തും: ഗൗതം അദാനി

 

അഹമ്മദാബാദ്: ഗ്രൂപ്പിന്റെ കടബാധ്യത സംബന്ധിച്ച് ആശങ്കപ്പെടുന്നില്ലെന്നും പ്രതിരോധം, കല്‍ക്കരി പരിവര്‍ത്തനം, ജലം തുടങ്ങിയ മേഖലകളിലെ നിക്ഷേപ അവസരങ്ങള്‍ ഉപയോഗപ്പെടുത്താനാണ് താല്‍പ്പര്യപ്പെടുന്നതെന്നും അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് ചെയര്‍മാന്‍ ഗൗതം അദാനി. ഖനന മേഖലയിലെ സാധ്യതകളെ തേടികൊണ്ടിരിക്കുമെന്നും, ഖനനം, തുറമുഖം, റെയില്‍ മേഖലകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സംയോജിത പദ്ധതിയാണ് ഗ്രൂപ്പിന്റെ ലക്ഷ്യമെന്നും അദാനി പറഞ്ഞു.

ഓസ്‌ട്രേലിയയിലെ 16 ബില്യണ്‍ ഡോളറിന്റെ സംയോജിത ഖനന പദ്ധതിയില്‍ 2020ന്റെ അവസാനത്തോടെ ഉല്‍പ്പാദനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. പരിസ്ഥിതി സംഘടനകളില്‍ നിന്നുമുണ്ടായിട്ടുള്ള കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഏകദേശം നാല് വര്‍ഷത്തോളമായി പദ്ധതി മമന്ദഗതിയിലാണ് മുന്നോട്ടുപോകുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ ഗ്രൂപ്പിന്റെ മൊത്തം കടം 49,130 കോടി രൂപയായിരുന്നു. അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിന്റെ കടബാധ്യത 19,500 കോടി രൂപയും, അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റേത് 19,298 കോടി രൂപയുമാണ്. എന്നാല്‍ ഇതിനെ കുറിച്ച് കൂടുതല്‍ ആശങ്കപ്പെടുന്നില്ലെന്നും പുതിയ മേഖലകളില്‍ നിക്ഷേപിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും ഗൗതം അദാനി വ്യക്തമാക്കി. 1.25 ട്രില്യണ്‍ രൂപയുടെ അറ്റ സ്ഥിരാസ്തി ഗ്രൂപ്പിന്റെ കൈവശമുണ്ടെന്നും അദാനി പറഞ്ഞു.

പുതിയ മേഖലകള്‍ തേടുമെങ്കിലും തുറമുഖം, ഊര്‍ജം, ഖനനം തുടങ്ങിയ നിലവിലുള്ള ബിസിനസുകള്‍ തന്നെയായിരിക്കും ഗ്രൂപ്പിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കുകയെന്നും അദാനി പറഞ്ഞു. കല്‍ക്കരി പരിവര്‍ത്തനം, പ്രതിരോധം, ജലം തുടങ്ങിയ മറ്റു മേഖലകള്‍ക്കും തീര്‍ച്ചയായും ഗ്രൂപ്പ് ഊന്നല്‍ നല്‍കും. പ്രതിരോധ മേഖലയിലെ ഗ്രൂപ്പിന്റെ പദ്ധതികള്‍ മേക്ക് ഇന്‍ ഇന്ത്യ പ്രോഗ്രാമിന്റെ ഭാഗമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും അതിനെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നത് വളരെ നേരത്തെ ആയിപ്പോകുമെന്നും അദാനി പറഞ്ഞു. എന്നാല്‍, പ്രതിരോധ മേഖലയ്ക്കു വേണ്ടി കപ്പല്‍ നിര്‍മിക്കാന്‍ ഗ്രൂപ്പിനു പദ്ധതിയില്ലെന്ന് അദാനി വ്യക്തമാക്കിയിട്ടുണ്ട്.
ഊര്‍ജ്ജ മേഖലയിലെ ബിസിനസ് വിപുലീകരിക്കാനും അദാനി ഗ്രൂപ്പ് പദ്ധതിടുന്നുണ്ട്. 2020ഓടെ 10,000 മെഗാ വാട്ട് ഉല്‍പ്പാദന ശേഷിയുള്ള സോളാര്‍ പവര്‍ പ്ലാന്റും പരമാവധി പതിനായിരം മെഗാവാട്ടി് ഉല്‍പ്പാദിപ്പിക്കാനാകുന്ന സോളാര്‍ പാര്‍ക്കും നിര്‍മിക്കുകയാണ് ഗ്രൂപ്പിന്റെ ലക്ഷ്യം. ഗുജറാത്തിലെ കുച്ചില്‍ സോളാര്‍ മാനുഫാക്ച്ചറിംഗ് പ്രൊജക്റ്റിനു വേണ്ടി ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താനും ഗ്രൂപ്പ് ആസൂത്രണം ചെയ്യുന്നുണ്ട്.

Comments

comments

Categories: Entrepreneurship