ആഴ്‌സണലിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി

ആഴ്‌സണലിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി

 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ കരുത്തന്മാര്‍ തമ്മില്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ ആഴ്‌സണലിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. എത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന കളിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ആതിഥേയര്‍ ആഴ്‌സണലിനെ പരാജയപ്പെടുത്തിയത്. ലെറോയ് സെയ്ന്‍, റഹീം സ്‌റ്റെര്‍ലിംഗ് എന്നിവരാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി ഗോളുകള്‍ നേടിയത്.

മത്സരത്തിന്റെ നാലാം മിനുറ്റില്‍ തന്നെ ഇംഗ്ലണ്ട് താരം തിയോ വാല്‍ക്കോട്ടിലൂടെ ആഴ്‌സീന്‍ വെംഗറുടെ പരിശീലനത്തില്‍ കീഴിലിറങ്ങിയ ആഴ്‌സണലാണ് മുന്നിലെത്തിയത്. എന്നാല്‍ 47, 71 മിനുറ്റുകളില്‍ യഥാക്രമം ജര്‍മനിയുടെ ലെറോയ് സെയ്ന്‍, ഇംഗ്ലീഷ് താരം ജെറോം സ്‌റ്റെര്‍ലിഗ് എന്നിവര്‍ ഗോളുകള്‍ കണ്ടെത്തി പെപ് ഗ്വാര്‍ഡിയോള പരിശീലകനായ മാഞ്ചസ്റ്റര്‍ സിറ്റിയെ വിജയത്തിലെത്തിക്കുകയായിരുന്നു.

അതേസമയം, മാഞ്ചസ്റ്റര്‍ സിറ്റിക്ക് അനുവദിക്കപ്പെട്ടത് ഓഫ് സൈഡ് ഗോളുകളായിരുന്നുവെന്ന് കളി നിയന്ത്രിച്ച റഫറിമാര്‍ക്കെതിരെ ആരോപണമുന്നയിച്ച് ആഴ്‌സണല്‍ പരിശീലകനായ ആഴ്‌സീന്‍ വെംഗര്‍ രംഗത്തെത്തി. മാഞ്ചസ്റ്റര്‍ സിറ്റിയെ പെപ് ഗ്വാര്‍ഡിയോള 4-3-3 ശൈലിയില്‍ മൈതാനത്തിറക്കിയപ്പോള്‍ 4-2-3-1 ഫോര്‍മാറ്റിലായിരുന്നു ആഴ്‌സണല്‍ പന്ത് തട്ടിയത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മറ്റ് മത്സരങ്ങളില്‍ ടോട്ടന്‍ഹാം ഹോട്‌സ്പറും സതാപ്ടണും വിജയിച്ചു. ടോട്ടന്‍ഹാം ഹോട്‌സ്പര്‍ ബേണ്‍ലിയെയും സതാംപ്ടണ്‍ ബോണ്‍മൗത്തിനെയുമാണ് പരാജയപ്പെടുത്തിയത്. ടോട്ടന്‍ഹാം ഹോട്‌സ്പര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചപ്പോള്‍ ഒരു ഗോളിന് പകരം മൂന്ന് ഗോളുകളുടെ മറുപടി നല്‍കിയായിരുന്നു സതാംപ്ടണിന്റെ ജയം.

ടോട്ടന്‍ഹാം ഹോട്‌സ്പറിന്റെ ഹോം ഗ്രൗണ്ടായ വൈറ്റ് ഹാര്‍ട്ട് ലെയ്‌നില്‍ നടന്ന കൡയുടെ 21-ാം മിനുറ്റില്‍ ആഷ്‌ലി ബാര്‍നെസിലൂടെ ആദ്യം മുന്നിലെത്തിയത് ബേണ്‍ലിയായിരുന്നു. എന്നാല്‍ ഇംഗ്ലീഷ് താരങ്ങളായ ഡെലെ അല്ലിയും ഡാനി റോസും യഥാക്രമം 27, 71 മിനുറ്റുകളിലെ ഗോളുകളിലൂടെ ടോട്ടന്‍ഹാം ഹോട്‌സ്പറിന് വിജയം നേടിക്കൊടുക്കുകയായിരുന്നു.

ടോട്ടന്‍ഹാം ഹാം ഹോട്‌സ്പര്‍ 4-2-3-1 ഫോര്‍മാറ്റില്‍ പന്ത് തട്ടിയപ്പോള്‍ 4-4-2 ശൈലിയിലാണ് ബേണ്‍ലി കളത്തിലിറങ്ങിയത്. ബേണ്‍ലിക്കെതിരായ മത്സര വിജയത്തോടെ പതിനേഴ് കളികളില്‍ നിന്നും 33 പോയിന്റായ ടോട്ടന്‍ഹാം ഹോട്‌സ്പര്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ അഞ്ചാമതെത്തി. പോയിന്റ് നിലയില്‍ ബേണ്‍ലി പതിനാറാം സ്ഥാനത്താണ്.

സതാംപ്ടണിനെതിരെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ നാഥന്‍ ആക്കെയിലൂടെ ആതിഥേയരായ ബോണ്‍മൗത്താണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ റയാന്‍ ബെര്‍ട്രാന്‍ഡ് സതാംപ്ടണിനെ ഒപ്പമെത്തിച്ചു. പിന്നീട് ജേ റോഡ്രിഗസിന്റെ ഇരട്ട ഗോളുകള്‍ കൂടി വന്നതോടെ സതാംപ്ടണ്‍ ബോണ്‍മൗത്തിനെതിരെ ആധികാരിക വിജയം സ്വന്തമാക്കി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ അന്റോണിയോ കോന്റെ പരിശീലകനായ ചെല്‍സിയാണ് ഒന്നാമത്. ബേണ്‍ലിക്കെതിരായ മത്സര വിജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തേക്കും കയറി. പതിനേഴ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ചെല്‍സിക്കും മാഞ്ചസ്റ്റര്‍ സിറ്റിക്കും യഥാക്രമം 43, 36 പോയിന്റ് വീതമാണുള്ളത്.

34 പോയിന്റ് വീതമുള്ള ലിവര്‍പൂള്‍, ആഴ്‌സണല്‍ ടീമുകളാണ് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളില്‍. അതേസമയം, ആഴ്‌സണല്‍ 17 തവണ കളത്തിലിറങ്ങിയപ്പോള്‍ ലിവര്‍പൂളിന് കളിക്കണക്കില്‍ ഒപ്പമെത്താന്‍ ഒരു മത്സരം കൂടി ബാക്കിയുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മറ്റൊരു കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്.

Comments

comments

Categories: Sports