അനുദിനം വളരുന്ന വിദ്യാഭ്യാസ പ്രതിസന്ധി

അനുദിനം വളരുന്ന വിദ്യാഭ്യാസ പ്രതിസന്ധി

അഭിഷേക് വാംഗ്മെയര്‍

രാജ്യത്തെ സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കുന്ന പ്രാഥമിക വിദ്യാലയങ്ങളില്‍ 18 ശതമാനവും സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ 15 ശതമാനവും അധ്യാപകരുടെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്ന് ഡിസംബര്‍ അഞ്ചിന് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി ലോക്‌സഭയുടെ മേശപ്പുറത്തുവെച്ച കണക്കുകളില്‍ വ്യക്തമാക്കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ആറില്‍ ഒരു സ്ഥാനം ഒഴിഞ്ഞു കിടക്കുന്നു. ദശലക്ഷം അധ്യാപകരുടെ കൂട്ടായ ക്ഷാമമാണ് ഉണ്ടായിരിക്കുന്നത്.

ഈ സംഖ്യകള്‍ രാജ്യത്താകമാനമുള്ള അധ്യാപകരുടെ ശരാശരി ഒഴിവുകളെ പ്രതിനിധീകരിക്കുന്നു. ചില സംസ്ഥാനങ്ങളില്‍ എല്ലാ പോസ്റ്റുകളിലും നിയമനം നടത്തിയിട്ടുണ്ട്. അതേസമയം, ചില സംസ്ഥാനങ്ങളില്‍ പകുതിയിലധികം പോസ്റ്റുകളും ഒഴിഞ്ഞു കിടക്കുന്നു. കുറഞ്ഞ സാക്ഷരത രേഖപ്പെടുത്തിയ സംസ്ഥാനങ്ങളിലാണ് അധ്യാപക ക്ഷാമം ഏറെ. 2015-16 വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍, ഇന്ത്യയിലെ 260 മില്ല്യണ്‍ വരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ 55 ശതമാനത്തിലധികം പേരും വിദ്യാഭ്യാസത്തിനായി സര്‍ക്കാര്‍ സ്‌കൂളുകളെയാണ് ആശ്രയിക്കുന്നതെന്ന് മനസിലാക്കാന്‍ സാധിക്കും. 29 സംസ്ഥാനങ്ങളും ഏഴ് കേന്ദ്ര ഭരണ പ്രദേശങ്ങളും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍, ഝാര്‍ഖണ്ഡിലാണ് ഏറ്റവും കൂടുതല്‍ അധ്യാപക ഒഴിവുകള്‍ ഉള്ളത്. ഏകദേശം 70 ശതമാനത്തോളം വരുമിത് (പ്രാഥമിക തലത്തില്‍ 38 ശതമാനം).

കൃത്യമായ സമയങ്ങളില്‍ റിക്രൂട്ട്‌മെന്റ് നടത്താത്തതും ഒഴിവുകള്‍ ബോധിപ്പിക്കാത്തതും ശരിയായ രീതിയില്‍ വിന്യസിക്കാത്തതും ചില വിഷയങ്ങളിലെ സ്‌പെഷലിസ്റ്റുകളുടെ അഭാവവും ചെറിയ സ്‌കൂളുകളും അധ്യാപകരുടെ സീറ്റുകള്‍ ഇത്രയധികം ഒഴിഞ്ഞു കിടക്കുന്നതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

രാജ്യത്താകമാനമുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലെ ആറ് മില്ല്യണോളം വരുന്ന അധ്യാപക സ്ഥാനങ്ങളില്‍, പ്രാഥമിക വിദ്യാലയങ്ങളില്‍ 9,00,000 ഉം സെക്കന്‍ഡറി സ്‌കൂളുകളില്‍ 100,000 ഉം അധ്യാപക ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഹിന്ദി സംസാരിക്കുന്ന വലിയ സംസ്ഥാനങ്ങളായ ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ് (മൂന്നും കൂടി ചേര്‍ന്നാല്‍ 333 മില്ല്യണ്‍ ജനസംഖ്യ) എന്നിവിടങ്ങളിലെ പ്രഥമിക, സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ ആവശ്യമായ അധ്യാപകരുടെ സീറ്റുകളില്‍ കാല്‍ഭാഗവും ഒഴിഞ്ഞു കിടക്കുകയാണ്. ഗോവ, ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ പ്രാഥമിക വിദ്യാലയങ്ങളില്‍ ഒരു അധ്യാപക ഒഴിവു പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

അസം, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ യഥാക്രമം 3.9 ശതമാനം, 3.9 ശതമാനം, രണ്ട് ശതമാനം എന്നിങ്ങനെയാണ് അധ്യാപക ഒഴിവുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ അധ്യാപകരുടെ ഒഴിവുകള്‍ പൂര്‍ണമായും നികത്തിയിട്ടുണ്ട്. മിസോറാം, സിക്കിം എന്നിവിടങ്ങളിലും സെക്കന്‍ഡറി തലത്തില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പൊതുവായി പറഞ്ഞാല്‍, ഇന്ത്യയിലെ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ അധ്യാപക ഒഴിവുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രാഥമിക, സെക്കന്‍ഡറി സ്‌കൂളുകളില്‍ ഒറ്റ അധ്യാപക ഒഴിവു പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഏക സംസ്ഥാനം സിക്കിം ആണ്.

ഹിന്ദി സംസാരിക്കുന്ന വടക്കേ ഇന്ത്യയില്‍ നിന്നുള്ള വലിയ നഗരങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും- രാജ്യ തലസ്ഥാനമായ ഡെല്‍ഹി, ചണ്ഡീഗഡ് പോലുള്ളവ- വലിയ തോതിലെ അധ്യാപക ക്ഷാമത്തെ നേരിടുന്നുണ്ട്. രണ്ട് നഗരങ്ങളിലും സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കുന്ന പ്രാഥമിക വിദ്യാലയങ്ങളില്‍ 25 ശതമാനത്തോളം അധ്യാപകരുടെ ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

(വിശകലന വിദഗ്ധനാണ് ലേഖകന്‍)

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: FK Special
Tags: education, States