പ്രസിഡന്റ് പദവി ഉറപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്; ഇലക്ട്രല്‍ കോളെജിലും ട്രംപിന്റെ വിജയത്തിന് അംഗീകാരം

പ്രസിഡന്റ് പദവി ഉറപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്;  ഇലക്ട്രല്‍ കോളെജിലും ട്രംപിന്റെ വിജയത്തിന് അംഗീകാരം

 

വാഷിംഗ്ടണ്‍ : യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെ പുതിയ പ്രസിഡന്റായി ഡൊണാള്‍ഡ് ജെ ട്രംപിനെ ഇലക്ടറല്‍ കോളേജ് തെരഞ്ഞെടുത്തു. ജനകീയ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന സ്ഥാനാര്‍ത്ഥി തന്നെ സ്വാഭാവികമായി ഇലക്ടറല്‍ കോളേജ് തെരഞ്ഞെടുപ്പിലും ജയിക്കുന്നതാണ് പതിവ്. എന്നാല്‍ ട്രംപിന് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് സെനറ്റ് അംഗങ്ങള്‍ക്ക് ആയിരക്കണക്കിന് ടെലിഫോണ്‍ കോളുകളും ഇ-മെയിലുകളും ലഭിച്ചത് അനിശ്ചിതത്വം സൃഷ്ടിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇലക്ടറല്‍ കോളേജിലെ തെരഞ്ഞെടുപ്പിന് വലിയ പ്രാധാന്യമാണ് ലഭിച്ചത്.

പ്രസിഡന്റാകുന്നതിന് ഇലക്ടറല്‍ കോളേജില്‍ കുറഞ്ഞത് 270 വോട്ടുകളാണ് വേണ്ടത്. എന്നാല്‍ ട്രംപിന് 304 വോട്ടുകള്‍ നേടാന്‍ സാധിച്ചു. ഇതോടെ ഔദ്യോഗിക വിജയം ഉറപ്പിച്ച ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ ഐക്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും താന്‍ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിക്കുമെന്നും പറഞ്ഞു. അതേസമയം 306 ഇലക്ടറല്‍ കോളേജ് വോട്ടുകളുള്ള ട്രംപിന് രണ്ട് റിപ്പബ്ലിക്കന്‍ വോട്ടുകള്‍ കുറഞ്ഞു. 306 വോട്ട് ലഭിക്കേണ്ടിടത്ത് 304 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹില്ലരി ക്ലിന്റണ് നാല് ഡെമോക്രാറ്റിക് വോട്ടുകളും ലഭിച്ചില്ല. വൈസ് പ്രസിഡന്റായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മൈക് പെന്‍സും ഇലക്ടറല്‍ കോളേജില്‍ വിജയിച്ചു.

ജനുവരി 6 ന് ഇലക്ടറല്‍ കോളേജ് വോട്ടുകളുടെ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തും. ജനുവരി 20 ന് അമേരിക്കയുടെ 45-മത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇലക്ടറല്‍ കോളേജ് വോട്ടെടുപ്പിനിടെ വിവിധ നഗരങ്ങളില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി.

Comments

comments

Categories: Slider, Top Stories