ഡീസല്‍ഗേറ്റ്: ഫോക്‌സ്‌വാഗണ്‍ 200 മില്ല്യന്‍ ഡോളര്‍ കൂടി നല്‍കിയേക്കും

ഡീസല്‍ഗേറ്റ്: ഫോക്‌സ്‌വാഗണ്‍ 200 മില്ല്യന്‍ ഡോളര്‍ കൂടി നല്‍കിയേക്കും

 

ഫ്രാങ്ക്ഫര്‍ട്ട്: വാഹനങ്ങള്‍ പുറത്തുവിടുന്ന മലിനീകരണങ്ങള്‍ കുറച്ച് കാണിക്കുന്നതിനായി സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വെട്ടിലായ ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ അമേരിക്കന്‍ അതോറിറ്റിയുമായി 200 മില്ല്യന്‍ ഡോളര്‍ കൂടി നഷ്ടപരിഹാരം നല്‍കാന്‍ ധാരണയായി. പ്രമുഖ വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അമേരിക്കയില്‍ വില്‍പ്പന നടത്തിയ മൂന്ന് ലിറ്റര്‍ ഡീസല്‍ എന്‍ജിനുള്ള 80,000 വാഹനങ്ങളുടെ ഉടമകള്‍ക്കാണ് കമ്പനി നഷ്ടപരിഹാരം നല്‍കുക. ഈ വര്‍ഷം ആദ്യത്തില്‍ രണ്ട് ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ വാഹന ഉടമകള്‍ക്ക് 5,100 മുതല്‍ 10,000 ഡോളര്‍ വരെ നഷ്ടപരിഹാരം നല്‍കാന്‍ അമേരിക്കന്‍ അതോറിറ്റിയുമായി ഫോക്‌സ്‌വാഗണ്‍ ഒത്തുതീര്‍പ്പിലെത്തിയിരുന്നു. 475,000 വാഹനങ്ങള്‍ക്കാണ് അന്ന് കമ്പനി നഷ്ടപരിഹാരം നല്‍കാമെന്ന കരാറിലെത്തിയത്.
കഴിഞ്ഞ മാസമാണ് പുതിയ ഒത്തുതീര്‍പ്പ് കരാറുണ്ടാക്കിയതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫോക്‌സ്‌വാഗണ്‍ എജി ബ്രാന്‍ഡുകളായ ഔഡി, പോര്‍ഷെ, ഫോക്‌സ്‌വാഗണ്‍ എന്നിവയുടെ 3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ വാഹനങ്ങളലും മലിനീകരണം കുറച്ചുകാണിക്കുന്ന സംവിധാനം കമ്പനി ഉപയോഗിച്ചിരുന്നു.
2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ വാഹനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിനായി 2.7 ബില്ല്യന്‍ ഡോളറാണ് കമ്പനി നല്‍കേണ്ടത്. അതേസമയം, ഈ ഒത്തുതീര്‍പ്പ് കരാറില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഈ വാഹനങ്ങള്‍ വില്‍പ്പന നടത്തുന്നതിനോ, അഴിച്ചുപണി നടത്തുന്നതിനോ ഉപഭോക്താക്കള്‍ക്ക് വരുന്ന ചെലവ് അടിസ്ഥാനമാക്കിയാകും നഷ്ടപരിഹാര തുക നിശ്ചയിക്കുക.
വാഹന മലിനീകരണവുമായി ബന്ധപ്പെട്ട് തെറ്റായ പരസ്യം നല്‍കിയതിന് ദക്ഷിണ കൊറിയയില്‍ നിന്നും കമ്പനി വന്‍ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇത്തരം പരസ്യം നല്‍കിയതിലൂടെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിന് 37.3 ബില്ല്യന്‍ യെന്‍ എന്ന റെക്കോഡ് തുക പിഴയടയ്ക്കാന്‍ കൊറിയ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Comments

comments

Categories: Auto