നോട്ട് അസാധുവാക്കലില്‍ തൊഴിലന്വേഷകര്‍ വലയും

നോട്ട് അസാധുവാക്കലില്‍ തൊഴിലന്വേഷകര്‍ വലയും

ന്യൂഡെല്‍ഹി: ആഗോള വിപണിയിലെ പ്രശ്‌നങ്ങളും രാജ്യത്തെ പണ പ്രതിസന്ധിയും കാരണം ജോലി അന്വേഷിക്കുന്നവര്‍ക്ക് പുതു വര്‍ഷത്തിലും വെല്ലുവിളി തുടര്‍ന്നേക്കാമെന്ന് വിദഗ്ധര്‍.

മാസം തോറുമുള്ള വിശകലന പ്രകാരം 2015 വര്‍ഷത്തോട് താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം നിയമന പ്രക്രിയ കുറഞ്ഞിട്ടുണ്ട്. ഉയര്‍ന്ന മൂല്യമുള്ള 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ സര്‍ക്കാര്‍ നടപടിയും യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പും പുതു വര്‍ഷത്തില്‍ ചില മേഖലകളില്‍ സ്വാധീനം ചെലുത്താന്‍ സാധ്യതയുണ്ട്.

ഉപഭോക്തൃ പങ്കാളിത്ത മേഖലകളായ ഇ-കൊമേഴ്‌സ്, എഫ്എംസിജി, റീട്ടെയ്ല്‍ എന്നിവ തുടക്കത്തില്‍ നന്നായി പ്രവര്‍ത്തിച്ചു. എന്നാല്‍ അടുത്തിടെ നടന്ന നോട്ട് അസാധുവാക്കല്‍ നടപടി വില്‍പ്പനയെ ഗുരുതരമായി ബാധിച്ചുവെന്ന് റിക്രൂട്ട്‌മെന്റ് കമ്പനിയായ അന്തല്‍ ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്റര്‍ ജോസഫ് ദേവസ്യ പറഞ്ഞു.

നോട്ട് അസാധുവാക്കലിനുശേഷം ഇന്ത്യക്കാരുടെ തൊഴിലിനു വേണ്ടിയുള്ള അന്വേഷണം മന്ദഗതിയിലായിട്ടുണ്ട്. റിയല്‍ എസ്‌റ്റേറ്റ്, ഉല്‍പ്പാദനം, അടിസ്ഥാന സൗകര്യം, ഓട്ടോമൊബീല്‍ എന്നീ മേഖലകളെ ദീര്‍ഘകാലം ഇത് ബാധിക്കുമെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

അതേസമയം നോട്ട് അസാധുവാക്കല്‍ നടപടി മുന്‍പ് ഒരിക്കലും ഇല്ലാതിരുന്ന ഔപചാരിക ജോലികള്‍ സൃഷ്ടിക്കുന്നതിന് വഴിയൊരുക്കിയിട്ടുണ്ട്. രാജ്യത്തിനും ഇവിടുത്തെ യുവാക്കള്‍ക്കും ഇത് ഗുണം ചെയ്യും.

നോട്ട് അസാധുവാക്കിയത് ധീരമായ നീക്കമാണ്. ഔപചാരിക ജോലികള്‍ തെരഞ്ഞെടുക്കുന്നതിന് ഇത് അനുകൂലമായിരിക്കും. പുറത്തു നിന്നുള്ള നിക്ഷേപകര്‍ക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ഇത്തരം നീക്കം വിശ്വാസ്യത പകരും-ടീംലീസിന്റെ സഹസ്ഥാപകനായ ഇവിപി റിതുപര്‍ണ ചക്രബര്‍ത്തി വ്യക്തമാക്കി. ഫിന്‍ടെക്, ഡിജിറ്റല്‍ പേയ്‌മെന്റ്, ബാങ്ക് തുടങ്ങിയ മേഖലകളെ നോട്ട് അസാധുവാക്കല്‍ നടപടി അനുകൂലമായി ബാധിച്ചിട്ടുണ്ട്. അതിനാല്‍ ഈ മേഖലകള്‍ നിയമന പ്രക്രിയ വര്‍ധിപ്പിച്ചേക്കും.

Comments

comments

Categories: Slider, Top Stories