പഠാന്‍കോട്ട് ഭീകരാക്രമണം: മസൂദ് അസറിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചു

പഠാന്‍കോട്ട് ഭീകരാക്രമണം: മസൂദ് അസറിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഈ വര്‍ഷം ജനുവരിയില്‍ പഠാന്‍കോട്ട് വ്യോമസേനാ താവളത്തിലുണ്ടായ ആക്രമണത്തിനു ഗൂഢാലോചന നടത്തിയതിനു ജെയ്ഷ്-ഇ-മുഹമ്മദ് തലവന്‍ മസൂദ് അസറിനെതിരേ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) തിങ്കളാഴ്ച കുറ്റപത്രം സമര്‍പ്പിച്ചു.
അസറിന്റെ സഹോദരന്‍ അബ്ദുല്‍ റൗഫ് അസ്ഗര്‍, ആക്രമണത്തിനു നേതൃത്വം കൊടുത്ത ഷഹീദ് ലത്തീഫ്, കാസിഫ് ജാന്‍ തുടങ്ങിയവര്‍ക്കെതിരേയും കുറ്റം ചുമത്തിയിട്ടുണ്ട്. മൊഹാലിയിലെ പഞ്ച്കുള പ്രത്യേക കോടതിയിലാണു കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ആക്രമണം നടപ്പിലാക്കിയ ജെയ്ഷ്-ഇ-മുഹമ്മദ് തീവ്രവാദികളായ നസീര്‍ ഹുസൈന്‍, ഹാഫിസ് അബുബക്കര്‍, ഉമര്‍ ഫാറുഖ്, അബ്ദുള്‍ ഗയൂം തുടങ്ങിയവര്‍ക്കെതിരേയും കുറ്റം ചുമത്തിയിട്ടുണ്ട്. പഠാന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ടു പാകിസ്ഥാന്‍ തെളിവുകള്‍ ഹാജരാക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയുമുണ്ടായില്ല. മാത്രമല്ല, അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഐഎ പാകിസ്ഥാന്‍ സന്ദര്‍ശിക്കാനൊരുങ്ങിയപ്പോള്‍, പാകിസ്ഥാന്‍ സഹകരിച്ചിരുന്നുമില്ല. ഇത്തരത്തില്‍ എന്‍ഐഎ പാകിസ്ഥാന്‍ സന്ദര്‍ശിക്കുകയാണെങ്കില്‍, മസൂദ് അസറിനെ ചോദ്യം ചെയ്യാനുള്ള സാഹചര്യമുണ്ടാകും. ഇത് ഭയന്നാണ് പാകിസ്ഥാന്‍ സഹകരിക്കാതിരുന്നത്.
പഠാന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്ഷ്-ഇ-മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന സാങ്കേതിക, ഫൊറന്‍സിക് തെളിവുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇ-മെയ്ല്‍, ചാറ്റ് സംഭാഷണങ്ങള്‍ എന്നിവയും തെളിവുകളായി പരിഗണിച്ചിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories