ഡിജിറ്റല്‍ റെക്കോഡുകളുടെ സുരക്ഷിതത്വത്തിന് ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജിയുമായി ആന്ധ്ര

ഡിജിറ്റല്‍ റെക്കോഡുകളുടെ സുരക്ഷിതത്വത്തിന് ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജിയുമായി ആന്ധ്ര

 

ഹൈദരാബാദ്: സര്‍ക്കാരിന്റെ കൈവശമുള്ള ഡിജിറ്റല്‍ റെക്കോര്‍ഡുകള്‍ സുരക്ഷിതമായി ശേഖരിക്കുന്നതിന് ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജി ഉപയോഗിക്കാന്‍ ഒരുങ്ങുകയാണ് ആന്ധ്ര പ്രദേശ്. സര്‍ക്കാരിന്റെ ബൃഹത്തായ ഡിജിറ്റല്‍ രൂപത്തിലുള്ള റെക്കോഡുകള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ വിശാഖപട്ടണത്താരംഭിച്ച ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജി പരിശീലന കേന്ദ്രം മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ഉദ്ഘാടനം ചെയ്തു. മുന്‍നിര ഐടി കമ്പനികളാണ് ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജിയില്‍ പരിശീലനം നല്‍കുന്നത്.

സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലും അതിവേഗത്തില്‍ ഡിജിറ്റല്‍വല്‍ക്കരണം നടന്നു കൊണ്ടിരിക്കുകയാണെന്നും ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാനം ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി സ്വീകരിക്കുന്നതെന്നും ആന്ധ്ര സര്‍ക്കാരിന്റെ ഐടി ഉപദേഷ്ടാവ് ജെ എ ചൗധരി പറഞ്ഞു. ബ്ലോക്ക്‌ചെയിന്‍ സങ്കീര്‍ണവും ചെലവേറിയതുമായ ടെക്‌നോളജിയാണെന്നും സൈബര്‍ കുറ്റകൃതങ്ങളും ആക്രമണങ്ങളും തടയുന്നതിനുള്ള വളരെ സുരക്ഷിതമായ സംവിധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരീക്ഷണാടിസ്ഥാനത്തില്‍ സിവില്‍ സപ്ലൈസ്, ഭൂമി രജിസ്‌ട്രേഷന്‍ എന്നിങ്ങനെ രണ്ട് ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ് ടെക്‌നോളജി അവതരിപ്പിക്കുന്നത്. മറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കു കൂടി വ്യാപിപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്തു വരികയാണ്. ആദ്യ രണ്ടു ഡിപ്പാര്‍ട്ട്‌മെന്റുകളിലെ പരീക്ഷണം വിജയിക്കുകയാണെങ്കില്‍ ആറു മാസത്തിനുള്ളില്‍ സംസ്ഥാനസര്‍ക്കാരിന്റ എ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളിലും ടെക്‌നോളജി ഉപയോഗപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആന്ധ്ര സര്‍ക്കാര്‍ 1.3 കോടിയുടെ റേഷന്‍ റെക്കോര്‍ഡുകളും 4.5 കോടിയുടെ വ്യക്തിവിവരങ്ങളും വിവിധ വകുപ്പുകളിലായി ലക്ഷക്കണക്കിന് മറ്റ് റെക്കോര്‍ഡുകളും സൂക്ഷിക്കുന്നുണ്ടെന്ന് സിവില്‍ സപ്ലൈസ് സെക്രട്ടറി ഡി രാജശേഖര്‍ പറഞ്ഞു.

നിലവില്‍ രാജ്യത്ത് ബ്ലോക്ക് ചെയിന്‍ ടെക്‌നോളജിയെക്കുറിച്ച് ആഴത്തില്‍ അറിവുള്ള വളരെ കുറച്ചുപേര്‍ മാത്രമാണുള്ളത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടെക്‌നോളജി പരിശീലനം നല്‍കുന്നതിന് വിവിധ ഐടി കമ്പനികളുമായി സഹകണം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് ചൗധരി അറിയിച്ചു. കഴിഞ്ഞ ആഴ്ച്ച വിശാഖപട്ടണത്ത് ഐബിഎമ്മുമായി ചേര്‍ന്ന് ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജിയില്‍ സെമിനാര്‍ സംഘടിപ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Tech