നാനൂറടി നീളമുള്ള ചൈനീസ് കലാസൃഷ്ടിയുമായി കോട്ടപ്പുറം കോട്ടയിലെ ബിനാലെ വേദി

നാനൂറടി നീളമുള്ള ചൈനീസ് കലാസൃഷ്ടിയുമായി  കോട്ടപ്പുറം കോട്ടയിലെ ബിനാലെ വേദി

കൊച്ചി: അന്തരിച്ച ചൈനീസ് ഇതിഹാസ കലാകാരന്‍ ലി ബുവാന്റെ കലാസൃഷ്ടിയുടെ പകര്‍പ്പാണ് കൊടുങ്ങല്ലൂരിനടുത്തുള്ള കോട്ടപ്പുറം കോട്ടയിലെ കൊച്ചിമുസിരിസ് ബിനാലെ വേദിയുടെ പ്രധാന ആകര്‍ഷണം. ആറടി ഉയരവും നാനൂറടി നീളവുമുള്ള ഈ ചിത്രച്ചുരുള്‍ പാശ്ചാത്യരീതിയില്‍ നിന്നു വേറിട്ടു നില്‍ക്കുന്ന ചൈനീസ് കലയുടെ ഉത്തമോദാഹരണമാണ്.

അമേരിക്കയിലെ കൊളംബിയ യൂണിവേഴ്‌സിറ്റി പ്രൊഫസറായ ലി ടുവില്‍ നിന്നാണ് കൊച്ചി ബിനാലെ ക്യൂറേറ്ററായ സുദര്‍ശന്‍ ഷെട്ടിയും ശര്‍മ്മിഷ്ഠ മൊഹന്തിയും ഈ സൃഷ്ടിയെപ്പറ്റി അറിയുന്നത്. ഇതു കാണിക്കുന്നതിനായി നീളമുള്ള മേശയോടു കൂടിയ ഒരു കോഫി ഷോപ്പില്‍ കാണാമെന്ന് ലി ടൂ പറഞ്ഞപ്പോള്‍ അത് ബിനാലെയിലേക്കുള്ള സൃഷ്ടിയായി മാറുമെന്നോര്‍ത്തില്ലെന്ന് സുദര്‍ശന്‍ പറയുന്നു. വൈവിദ്ധ്യമാര്‍ന്ന നിറങ്ങളും രചനാരീതികളും കണ്ടപ്പോള്‍ തന്നെ ഈ സൃഷ്ടി തന്റെ ബിനാലെയില്‍ വേണമെന്ന് അദ്ദേഹം മനസിലുറപ്പിച്ചു. ഏറെ നിര്‍ബന്ധിച്ചതിനു ശേഷമാണ് ലി ടൂ ഇതിന്റെ പകര്‍പ്പ് കൊച്ചി ബിനാലെയില്‍ പ്രദര്‍ശിപ്പിക്കാന്‍ സമ്മതിച്ചതെന്ന് അദ്ദേഹം ഓര്‍ക്കുന്നു.

കേരളവും ചൈനയുമായുള്ള പൗരാണിക ബന്ധത്തിന്റെ ചരിത്ര ശേഷിപ്പുകളുള്ള കോട്ടപ്പുറത്തു തന്നെയാണ് ഈ ഇതിഹാസ സൃഷ്ടി പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. കോട്ടപ്പുറം കോട്ടയിലെ ഉത്ഖനനത്തില്‍ ചൈനീസ് നാണയം ഉള്‍പ്പെടെയുള്ള ചരിത്രപ്രാധാന്യമുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

ലി ബുവാന്‍ പത്തു വര്‍ഷം കൊണ്ടാണ് ഈ കലാസൃഷ്ടിപൂര്‍ത്തിയാക്കിയത്. 1998 ല്‍ അദ്ദേഹം അന്തരിച്ചു. ടിബറ്റന്‍ ഗ്രാമങ്ങളിലെ ജീവിതമാണ് അദ്ദേഹം ചുരുളുകളിലേക്ക് പകര്‍ത്തിയത്. 266 മനുഷ്യരാണ് ഈ ചിത്രത്തിലുള്ളത്.
പ്ലാസ്റ്റിക് പ്രതലത്തിലേക്ക് യഥാര്‍ത്ഥ ചിത്രത്തിന്റെ പകര്‍പ്പെടുത്താണ് കോട്ടപ്പുറത്തെ ബിനാലെ വേദിയില്‍ പ്രദര്‍ശിപ്പിക്കുന്നത്. യഥാര്‍ത്ഥ ചിത്രം നിര്‍മ്മിക്കാന്‍ ചൈനീസ് മഷി, കനം കുറഞ്ഞ ചൈനീസ് കടലാസ്, ബ്രഷ് എന്നിവയാണ് ഉപയോഗിച്ചിട്ടുള്ളത്. വളരെ കനം കുറഞ്ഞ കടലാസില്‍ വരച്ച ഈ സൃഷ്ടി ഏറെ ശ്രമകരമായ അര്‍പ്പണബോധത്തിന്റെ ഉദാഹരണമാണെന്ന് ലി ടൂ പറയുന്നു.

നവോന്മേഷകരമായ ചിന്തകളുടെ പ്രതിഫലനമാണ് ഈ സൃഷ്ടിയെന്ന് സുദര്‍ശന്‍ ചൂണ്ടിക്കാട്ടി. കോട്ടപ്പുറം കോട്ടയില്‍തന്നെ ഈ സൃഷ്ടി സ്ഥാപിച്ചത് ചൈനയും കേരളവും തമ്മിലുള്ള ബന്ധത്തെ പ്രതിനിധീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

1341 ല്‍ പെരിയാറിലുണ്ടായ കൂറ്റന്‍ വെള്ളപ്പൊക്കത്തില്‍ അക്കാലം വരെ കൊടുങ്ങല്ലൂരും സമീപ പ്രദേശങ്ങളിലും നില നിന്നിരുന്ന മുസിരിസ് തുറമുഖം മണ്ണിനടിയിലായി നശിച്ചു. മുസിരിസിന്റെ പതനത്തിനു ശേഷമാണ് കൊച്ചി വന്‍ തുറമുഖമായി ഉയര്‍ന്നു വന്നത്. ഈയര്‍ത്ഥത്തിലാണ് ‘കൊച്ചിമുസിരിസ്’ എന്ന് ബിനാലെയ്ക്ക് ചരിത്രപ്രാധാന്യമുള്ള പേര് സംഘാടകര്‍ നല്‍കിയത്.

Comments

comments

Categories: Branding, Trending