റിയല്‍റ്റി ഹോട്ട്‌സ്‌പോട്ട് എന്ന നിലയില്‍ അമൃത്സറിന്റെ ഉദയം

റിയല്‍റ്റി ഹോട്ട്‌സ്‌പോട്ട് എന്ന നിലയില്‍ അമൃത്സറിന്റെ ഉദയം

എ ശങ്കര്‍

സുവര്‍ണ ക്ഷേത്രം സ്ഥിതി ചെയ്യുന്ന അമൃത്സര്‍, ഇന്ത്യയുടെ പ്രധാനപ്പെട്ട ആത്മീയ, സാംസ്‌കാരിക കേന്ദ്രങ്ങളിലൊന്നാണ്. താജ്മഹലിനേക്കാല്‍ അധികം സന്ദര്‍ശകരെയാണ് ഇവിടം ആകര്‍ഷിക്കുന്നത്. ഒരു ദിവസം ശരാശരി ഒരു ലക്ഷത്തിനടുത്ത് സന്ദര്‍ശകര്‍ ഇവിടെ എത്തുന്നതായാണ് കണക്കാക്കുന്നത്. ലുധിയാനയ്ക്ക് ശേഷം പഞ്ചാബിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് അമൃത്സര്‍. പഞ്ചാബിലെ സിഖുകാരുടെ പുരാതന നഗരവും ചരിത്രയിടവുമാണിവിടം. ഇന്ത്യയിലെ പ്രവാസികളുടെ ഏറ്റവും ഇഷ്ടകേന്ദ്രവും അമൃത്സര്‍ തന്നെ.

ഇന്ത്യ-പാക്കിസ്ഥാന്‍ ബോര്‍ഡറില്‍ നിന്ന് 28 കിലോ മീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഈ പട്ടണത്തിന് പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും പ്രഥമ നഗരങ്ങളുമായി മികച്ച ബന്ധമാണുള്ളത്. കൂടാതെ, മികച്ച റോഡ്, റെയ്ല്‍വെ സൗകര്യങ്ങള്‍ നല്‍കുന്ന അമൃത്സറിന് ആഴ്ചയില്‍ 150 വാണിജ്യ വിമാനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള അന്താരാഷ്ട്ര വിമാനത്താവളവും സ്വന്തമാണ്. ഏകദേശം 1.21 മില്ല്യണ്‍ ജനസംഖ്യ (2016) രേഖപ്പെടുത്തിയ ഇവിടെ, ട്രാഫിക് തിരക്ക് കുറയ്ക്കുക നഗരത്തിലെ പൊതുജനത്തിന്റെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമായി നിര്‍മിക്കുന്ന 31 കിലോ മീറ്റര്‍ നീളമുള്ള ബിആര്‍ടി കോറിഡോറിന്റെ പണി ഏകദേശം പൂര്‍ത്തിയായികൊണ്ടിരിക്കുന്നു.

സിറ്റിയിലെ സാമ്പത്തിക സ്രോതസുകള്‍ വൈവിധ്യ പൂര്‍ണമാണ്. ഉല്‍പ്പാദന മേഖലയും സേവന മേഖലയും ചേര്‍ന്നാണ് സാമ്പത്തിക ഇടപാടുകള്‍ക്ക് ജീവന്‍ പകരുന്നത്. 93 ശതമാനത്തോളം തൊഴില്‍ ശക്തി നിലനില്‍ക്കുന്നത് ദ്വിതീയ, ത്രിതീയ സേവനങ്ങളിലാണ്. ഭാവിയില്‍ വലിയതോതിലെ നിക്ഷേപങ്ങള്‍ക്കാണ് അമൃത്സര്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. അതിനുള്ള കാരണങ്ങള്‍ ചുവടെ വിവരിക്കുന്നു

1. ഹെറിറ്റേജ്, സ്പിരിച്ച്വല്‍  ടൂറിസത്തിന് നല്‍കുന്ന പ്രാധാന്യം

സര്‍ക്കാരിന്റെ ഹെറിറ്റേജ് സിറ്റി ഡെവലപ്‌മെന്റ് ആന്‍ഡ് ആഗുമെന്റേഷന്‍ സ്‌കീം അമൃത്സറിനെ ഇന്ത്യയിലെ ഹെറിറ്റേജ് സിറ്റികളിലൊന്നായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ സഹായിച്ചു. സുരക്ഷിതവും ആവശ്യമായ വിവരങ്ങള്‍ പങ്കുവെയ്ക്കുന്ന പരിതസ്ഥിതിയും ഉറപ്പുവരുത്തി, സൗന്ദര്യ ആകര്‍ഷകത്വവും പ്രവേശനക്ഷമതയുമുള്ള പന്ത്രണ്ട് ഹെറിറ്റേജ് സിറ്റികളെ വാര്‍ത്തെടുക്കുകയാണ് ഈ സ്‌കീമിന്റെ ലക്ഷ്യം. ഈ ഹെറിറ്റേജ് സിറ്റികളിലൊന്നില്‍ അമൃത്‌സറും ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍, ഇവിടെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ മെച്ചപ്പട്ട സൗകര്യങ്ങളും രമ്യമായ കാഴ്ചകളും ഒരുക്കുമെന്ന് പ്രതീക്ഷിക്കാം. ഇത് ഇവിടുത്തെ ടൂറിസം വളര്‍ച്ചയെ വളരെയധികം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

2. വളരുന്ന ഗതാഗത ശൃംഖല

നഗരം ക്രമാനുഗതമായി വളരുന്നതിനനുസരിച്ച് അവിടത്തെ നിലവിലെ റോഡുകളുടെയും റിംഗ് റോഡുകളുടെയും വികസനം നടന്നുകൊണ്ടിരിക്കുകയാണ്. അമൃത്സറിലെ വിമാനത്താവളത്തിന്റെ വികസനവും ആധുനികവല്‍ക്കരണവുമാണ് മറ്റൊരു പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്ന്. ഇതിനുവേണ്ടി 1,613 ഹെക്ടര്‍ ഭൂമി ആവശ്യമാണ്. ഇതില്‍ 44 ഏക്കര്‍ ഭൂമി ഏറ്റെടുത്തുകഴിഞ്ഞു. 31 കിലോമീറ്റര്‍ നീളമുള്ള ബിആര്‍ടി കോറിഡോറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഡെല്‍ഹി-ചണ്ഡീഗഡ്-അമൃത്‌സര്‍ എന്നിവയെ ബന്ധിപ്പിച്ചു കൊണ്ടുള്ള അതിവേഗ റെയ്ല്‍ പാതയും ഒരുങ്ങുന്നു. ടൂറിസത്തിന് ഇത് ഉത്തേജനം പകരും. യാത്രാ സമയം ചുരുക്കുന്നതിനും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി വളരെ വേഗം അടുക്കുന്നതിനും ഇവിടുത്തെ ഗതാഗത സംവിധാനങ്ങള്‍ വേദിയൊരുക്കുമെന്ന് നിസംശയം പറയാം.

3. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം  പകര്‍ന്നു കൊണ്ടുള്ള വ്യാവസായ വികസനം

550,000 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ അമൃത്സര്‍-ഡെല്‍ഹി-കൊല്‍ക്കത്ത ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ നിര്‍മിക്കുന്നതിന് കേന്ദ്ര വാണിജ്യ മന്ത്രാലയം അനുമതി നല്‍കിക്കഴിഞ്ഞു. ആദ്യഘട്ടത്തില്‍ 5,749 കോടി രൂപയാണ് ഇതിനുവേണ്ടി നീക്കിവെച്ചിരിക്കുന്നത്. ഏഴ് സംസ്ഥാനങ്ങളിലായി 20 സിറ്റികളെ ബന്ധിപ്പിച്ചു കൊണ്ട് ഒരു ഇന്‍ഡസ്ട്രിയല്‍ സോണ്‍ സൃഷ്ടിക്കാന്‍ ഇതിന് കഴിയും. മാത്രമല്ല, ഇവിടത്തെ തൊഴില്‍ശക്തി വര്‍ധിപ്പിക്കുന്നതിനും വളര്‍ച്ചാ ഉല്‍പ്രേരകമായും ഈ വ്യവസായിക ഇടനാഴി മാറുമെന്നുറപ്പാണ്. കൂടാതെ ഐടി പാര്‍ക്കുകള്‍, 100 ഏക്കര്‍ വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന ടെക്‌സ്റ്റൈല്‍ സ്‌പെഷല്‍ ഇക്കണോമിക് സോണ്‍, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് എന്നിവയും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

4. രണ്ടാം ഘട്ട സ്മാര്‍ട്ട്‌സിറ്റി പദ്ധിതിയിലെ  പ്രമുഖ സ്ഥാനം

സ്മാര്‍ട്ട്‌സിറ്റി മിഷനു കീഴില്‍ നഗരവികസന മന്ത്രാലയം നടപ്പിലാക്കുന്ന സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുത്ത 27 നഗരങ്ങളുടെ പട്ടികയില്‍ അമൃത്സര്‍ ഒന്നാം സ്ഥാനത്താണ്. സ്മാര്‍ട്ട്‌സിറ്റി വെല്ലുവിളിക്ക് കീഴില്‍ സിവിക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍, പബ്ലിക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍, ഇ-ഗവണന്‍സ് എന്നിവ കേന്ദ്രീകരിച്ചുള്ള സുസ്ഥിര വികസനത്തിനാണ് അമൃത്‌സര്‍ നേതൃത്വം കൊടുക്കുന്നത്.

5, വിദ്യാഭ്യാസ, ആരോഗ്യമേഖലകളിലെ  സൗകര്യങ്ങള്‍ മെച്ചപ്പെടുന്നു

മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ അമൃത്സര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. മുപ്പതിലധികം സ്വകാര്യ ആശുപത്രികളും നിരവധി നെഴ്‌സിംഗ് ഹോമുകളും യോഗ സെന്ററുകളും ഇവിടുണ്ട്. 60 ഏക്കര്‍ വിസ്തൃതിയില്‍ പഞ്ചാബ് സര്‍ക്കാരിന്റെ സഹായത്തോടെ പതിനഞ്ചാമത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ലോകോത്തര നിലവാരമുള്ള മാനേജ്‌മെന്റ് വിദ്യാഭ്യാസമാണ് ഇവിടെ നിന്ന് ലഭിക്കുക.

റസിഡന്‍ഷ്യല്‍ വിപണി വളര്‍ച്ചയുടെ പാതയില്‍

അമൃത്സറിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് സ്ഥിരതയുള്ളതാണ്. കഴിഞ്ഞ ഒന്നു രണ്ട് വര്‍ഷമായി നിയമങ്ങളിലെ മാറ്റങ്ങള്‍ കാരണം പ്രോപ്പര്‍ട്ടി വിലയില്‍ സ്തംഭനാവസ്ഥയാണ് ദൃശ്യമാകുന്നത്. ദേശീയപാത വികസനം, എയര്‍പോര്‍ട്ട് നിര്‍മാണം എന്നിവയുമായി ബന്ധപ്പെട്ട് പുതിയ ടൗണ്‍ഷിപ്പ് പദ്ധതികള്‍ പരിഗണയിലുണ്ട്. ഇത് ഇവിടുത്തെ റിയല്‍ എസ്റ്റേറ്റ് വിപണിയെ പ്രചോദിപ്പിക്കും.

റീട്ടെയ്ല്‍, ഓഫീസ് വിപണികള്‍: പരിവര്‍ത്തനം പ്രകടമാണ് . തെരുവുകളിലെ റീട്ടെയ്ല്‍ വിപണികള്‍, സംഘടിത മാളുകള്‍, വ്യവസായ ശാലകള്‍ എന്നിവയാല്‍ അമൃത്സറിലെ വാണിജ്യ വിപണി സജീവമാണ്. ഈ പ്രവണത വാണിജ്യ കേന്ദ്രങ്ങള്‍ സൃഷ്ടിക്കുന്നതിന് ഡെവലപ്പേഴ്‌സിനെ സഹായിക്കുന്നു. കൂടാതെ, നിക്ഷേപം നടത്താനുള്ള വാതിലുകളും തുറന്നിടുന്നു. ബിസിനസ്, കൃഷി എന്നിവയിലേക്കായി പഞ്ചാബ് സേവന മേഖലയെ ക്ഷണിക്കുകയും ചെയ്യുന്നുണ്ട്. ഇതും ഇവിടത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിക്കുന്നു.

താരതമ്യേന കുറഞ്ഞ റിയല്‍റ്റി വിലയും അടിസ്ഥാന സൗകര്യങ്ങളിലെ വികസനവും റെസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍, റീട്ടെയ്ല്‍ പ്രവര്‍ത്തനങ്ങളുടെ ഹബ്ബായി അമൃത്സറിനെ മാറ്റും. അവിടത്തെ നിക്ഷേപകര്‍ കാണിക്കുന്ന ചുറുചുറുക്ക് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ധര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. പുണ്യ നഗരം എന്നതിനു പുറമെ മികച്ച റിയല്‍ എസ്റ്റേറ്റ് നിക്ഷേപ കേന്ദ്ര പേരെടുക്കാനുള്ള തയാറെടുപ്പിലുമാണ് അമൃത്സര്‍.

(ജെഎല്‍എല്‍ ഇന്ത്യയുടെ നാഷണല്‍ ഡയറക്റ്ററാണ് ലേഖകന്‍)

Comments

comments

Categories: FK Special