നിയന്ത്രണങ്ങള്‍ക്ക് മുകളിലായിരിക്കും പുതിയ കണ്ടെത്തലുകള്‍: അമിതാഭ് കാന്ത്

നിയന്ത്രണങ്ങള്‍ക്ക് മുകളിലായിരിക്കും പുതിയ കണ്ടെത്തലുകള്‍: അമിതാഭ് കാന്ത്

 

ന്യൂഡെല്‍ഹി: നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും മുകളിലായിരിക്കും പുതിയ കണ്ടെത്തലുകള്‍ക്കുള്ള സ്ഥാനമെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. നവസംരംഭങ്ങള്‍ക്ക് പലപ്പോഴും പഴയ നിയമങ്ങളുടെ കുരുക്കില്‍ പെട്ട് മുമ്പോട്ട് പോകാനാവതെ വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. പുതിയ മാറ്റങ്ങളെ ഗവണ്‍മെന്റ് സ്വീകരിക്കേണ്ടതുണ്ട്.
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുബര്‍ ഇന്ത്യയില്‍ ബിസിനസ് നടത്തുമ്പോള്‍ ഇന്ത്യന്‍ നിയമങ്ങളും ചട്ടങ്ങളും എന്തുകൊണ്ട് പാലിക്കുന്നില്ല എന്ന ചോദ്യത്തിന് ടൈ ഗ്ലോബല്‍ സമ്മിറ്റില്‍ ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം.
യുബര്‍ മോഡലിനോടുള്ള ഗവണ്‍മെന്റ് നിലപാട് അദ്ദേഹം വ്യക്തമാക്കി. ഇന്നൊവേഷന് പഴയ നിയമങ്ങളും ചട്ടങ്ങളും തടസ്സമാകാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ രാജ്യത്തിന് ഒരിക്കലും വളരാന്‍ കഴിയില്ല. അതിനാല്‍ തന്നെ കാലത്തിന് അനുയോജ്യമായി നിയമങ്ങള്‍ പരിഷ്‌കരിക്കേണ്ടതുണ്ട്. കാന്ത് പറഞ്ഞു.

പത്ത് ബില്ല്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഇന്ത്യന്‍ റൈഡ് ഹെയ്‌ലിംഗ് മാര്‍ക്കറ്റില്‍ നിയമങ്ങളിലും നിയന്ത്രണങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ ഗവണ്‍മെന്റ് ഉടന്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ആപ്പ് അധിഷ്ഠിത വാഹന ഗതാഗത സേവന ദാതാക്കളില്‍ പ്രമുഖരായ യുബറിന്റെ സിഇഒ ട്രാവിസ് കലാനിക് ഇന്ത്യയിലെ യുബറിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുവാന്‍ മന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു.

അമിതാഭ് കാന്ത്, ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി, ഇലക്ട്രോണിക്‌സ്, ഐറ്റി മന്ത്രി രവി ശങ്കര്‍ പ്രസാദ്, ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരുമായി കലാനിക് കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ വിപണിയിലെ പ്രധാന എതിരാളിയായ ഒലയുടെ സ്ഥാപകന്‍ ഭവിഷ് അഗര്‍വാളുമായും വരും ദിവസങ്ങളില്‍ കലാനിക് കൂടികാഴ്ച നടത്തും.

യുബര്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ശക്തമാക്കുന്നതിന് ഇന്ത്യന്‍ ഗവണ്‍മെന്റിന് എതിര്‍പ്പില്ല. ബിസിനസുകള്‍ കൂടുതല്‍ എളുപ്പത്തില്‍ മുമ്പോട്ട് കൊണ്ടു പോകാന്‍ കഴിയും വിധം നിയമങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതിന് ഗവണ്‍മെന്റ് തയാറാണ്-അമിതാഭ് കാന്ത് പറഞ്ഞു. യുബറിന്റെ മുഖ്യ എതിരാളിയായ ഇന്ത്യന്‍ കമ്പനി ഒലയുടെ സ്ഥാപകന്‍ ഭവിഷ് അഗര്‍വാളിനെ അനുമോദിക്കാനും അദ്ദേഹം മറന്നില്ല.

Comments

comments

Categories: Business & Economy

Write a Comment

Your e-mail address will not be published.
Required fields are marked*