സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കരുത്

സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കരുത്

സീനിയോരിറ്റി മാത്രമാണോ കഴിവിന്റെ മാനദണ്ഡം. തീര്‍ത്തും യുക്തിരഹിതമായ ഇത്തരം വാദങ്ങളില്‍ കുരുങ്ങി കിടക്കുകയാണ് നമ്മുടെ പ്രതിപക്ഷ പാര്‍ട്ടികള്‍. രണ്ട് മുതിര്‍ന്ന ഓഫിസര്‍മാരെ മറികടന്നാണ് പുതിയ കരസേന മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചതെന്നാണ് കോണ്‍ഗ്രസിന്റെയും ഇടതുപാര്‍ട്ടികളുടെയും ആരോപണം. സര്‍വീസ് സീനിയോരിറ്റി മറികടന്ന് റാവത്തിനെ നിയമിച്ചതിന് പിന്നിലുള്ള ചോതോവികാരം എന്താണെന്ന് വ്യക്തമാക്കണമെന്നാണ് ഇരുകക്ഷികളുടെയും ആവശ്യം.

തീര്‍ത്തും അപക്വവും യുക്തിഹീനവുമായ ആവശ്യമാണ് കോണ്‍ഗ്രസും ഇടതുകക്ഷികളും ഉന്നയിക്കുന്നത്. ഇന്ത്യന്‍ ആര്‍മിയെ നയിക്കാനുള്ള ഉദ്യോഗസ്ഥനെ നിയമിക്കുമ്പോള്‍ സീനിയോരിറ്റി മാനദണ്ഡമാക്കുന്ന രീതി നരേന്ദ്ര മോദി സര്‍ക്കാര്‍ മാറ്റിയെങ്കില്‍ അതിനെ അഭിനന്ദിക്കുകയാണ് വേണ്ടത്. ഏത് പോസ്റ്റിലേക്കും സീനിയോരിറ്റി നോക്കി മാത്രമാകരുത് ഒരിക്കലും നിയമനങ്ങള്‍. ഒട്ടും മത്സരക്ഷമമല്ലാത്ത രീതിയാണിത്. നയിക്കാന്‍ പോകുന്ന വിഭാഗത്തില്‍ എത്രമാത്രം പ്രാവീണ്യമുള്ള ആളാണ്, ഇത്രയും നാള്‍ സര്‍വീസില്‍ എങ്ങനെയായിരുന്നു ആ വ്യക്തിയുടെ പ്രകടനം, എത്രമാത്രം ആത്മാര്‍ത്ഥതയോടും പ്രതിബദ്ധതയോടും കൂടിയാണ് കാര്യങ്ങള്‍ ചെയ്യുന്നത് തുടങ്ങിയ മാനദണ്ഡങ്ങള്‍ കണക്കാക്കി വേണം നിയമനങ്ങള്‍ നടത്താന്‍. അല്ലാതെ സീനിയോരിറ്റി ഉള്ളതുകൊണ്ടു മാത്രം ഒരാളെ പ്രസ്തുത പോസ്റ്റില്‍ നിയമിക്കുന്നത് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു നാടിന് ചേര്‍ന്നതല്ല.

നിലവില്‍ റാവത്തിനെ പുതിയ കരസേനാ മേധാവിയായി തെരഞ്ഞെടുത്തതില്‍ യാതൊരു തരത്തിലുള്ള വിവാദത്തിനും സാംഗത്യമില്ല. കാരണം അത്രമാത്രം മികച്ചതാണ് അദ്ദേഹത്തിന്റെ ട്രാക് റെക്കോഡ്. ഇന്ത്യന്‍ ആര്‍മിയെ എല്ലാവിധ ശേഷിയോടും കൂടി നയിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. മ്യാന്‍മറിലെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഉള്‍പ്പെടെ നിരവധി ഓപ്പറേഷനുകളില്‍ റാവത്ത് സജീവ പങ്കുവഹിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെയും നയങ്ങള്‍ക്ക് ചേര്‍ന്ന ഓഫീസറാണ് റാവത്ത്. അതുകൊണ്ടുതന്നെ ഭീകരതയ്‌ക്കെതിരെയുള്ള യുദ്ധത്തിനും വിദേശ നയങ്ങള്‍ രൂപീകരിക്കുന്നതിനും നരേന്ദ്ര മോദിക്ക് കുറച്ചുകൂടി കാര്യങ്ങള്‍ എളുപ്പമാകുന്നതിന് പുതിയ നിയമനം സഹായിക്കും. പരിഷ്‌കരണങ്ങളെ ആഗ്രഹിക്കുന്നവര്‍ ഇത്തരത്തിലുള്ള നിയമനങ്ങളെ വിവാദമാക്കാതെ സര്‍ക്കാരിനെ പിന്തുണയ്ക്കുകയാണ് വേണ്ടത്.

Comments

comments

Categories: Editorial