പ്രതിപക്ഷത്തിന്റെ അജണ്ട സഭാസ്തംഭനം: മോദി

പ്രതിപക്ഷത്തിന്റെ അജണ്ട സഭാസ്തംഭനം: മോദി

 

കാണ്‍പൂര്‍: അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുമ്പോള്‍ പാര്‍ലമെന്റ് സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാണ്‍പൂരില്‍ നടന്ന ബിജെപി പരിവര്‍ത്തന്‍ റാലി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിക്കാരെ പ്രതിരോധിക്കാന്‍ ഇന്ത്യയില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ ഉണ്ടായിരിക്കുകയാണെന്നും എന്നാല്‍ ആ ഉദ്ദേശശുദ്ധിയെ മാനിക്കാതെ രാഷ്ട്രപതിയുടെ അഭ്യര്‍ത്ഥന പോലും നിരസിച്ച് പ്രതിപക്ഷം സഭാ സ്തംഭനവുമായി മുന്നോട്ടു പോയെന്നും മോദി കുറ്റപ്പെടുത്തി. അഴിമതി ചെയ്യുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചു. അഴമതിവിരുദ്ധ പോരാട്ടങ്ങള്‍ ലക്ഷ്യം കാണുമെന്ന് പറഞ്ഞ മോദി ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ ഗുണ്ടായിസം കണ്ടു മടുത്തെന്നും കൂട്ടിച്ചേര്‍ത്തു.
ബാങ്കുകളെല്ലാം ശക്തമായ നിരീക്ഷണത്തിലാണെന്നും കഴിഞ്ഞ ഒരു മാസമായി ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ താമസിയാതെ മാറുമെന്ന് ആവര്‍ത്തിക്കുന്നതായും നരേന്ദ്ര മോദി പറഞ്ഞു. ഡിജിറ്റല്‍ ഇടപാടുകള്‍ കള്ളപ്പണത്തിനു തടയിടും. ഗ്രാമീണ ഇന്ത്യയിലെ ജീവിത നിലവാരം ഉയര്‍ത്താന്‍ പുതിയ ഊര്‍ജ പദ്ധതികള്‍ സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി യുവജനതയാണ്. മാറ്റത്തിന്റെ കൊടുങ്കാറ്റ് രാജ്യത്ത് ആഞ്ഞടിക്കുകയാണ്. ഉത്തര്‍പ്രദേശിലെ യുവത ഒറ്റക്കെട്ടായി നില്‍ക്കുകയാണെങ്കില്‍ പിന്നെ ആര്‍ക്കും ഇന്ത്യയുടെ പുരോഗതിയെ തടയാന്‍ സാധിക്കില്ലെന്നും മോദി വിശദീകരിച്ചു.

Comments

comments

Categories: Slider, Top Stories