അടിതെറ്റി വെനെസ്വല

അടിതെറ്റി വെനെസ്വല

 

നവംബര്‍ എട്ടിനായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ നോട്ട് അസാധുവാക്കല്‍ നടപടി എല്ലാവരെയും അത്ഭുതപ്പെടുത്തി പ്രഖ്യാപിച്ചത്. പല മേഖലകളും ഇപ്പോഴും നോട്ട് അസാധുവാക്കല്‍ നടപടിയില്‍ ഞെരുങ്ങുന്നുണ്ടെങ്കിലും വലിയൊരു ഭൂകമ്പം അത് രാജ്യത്ത് സൃഷ്ടിച്ചില്ല. എന്നാല്‍ മോദി കാണിച്ച വഴിയേ പോയ വെനെസ്വല അടുത്തിടെയാണ് രാജ്യത്ത് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയത്. പക്ഷേ അവിടെ ആകെ കൈവിട്ടുപോയി കാര്യങ്ങള്‍.
പിന്‍വലിച്ചതിനു പകരം പണമെത്താതെ എടിഎമ്മുകളും ബാങ്കുകളും കാലിയായതോടെ ജനങ്ങള്‍ വന്‍ പ്രക്ഷോഭത്തിനിറങ്ങി. വ്യാപക കൊള്ളയും അരങ്ങേറാന്‍ തുടങ്ങിയതോടെ നാട്ടില്‍ അരാജകത്വമായി ഫലം. യാതൊരു വിധത്തിലും കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ ഇപ്പോള്‍ നോട്ട് അസാധുവാക്കല്‍ നടപടി മരവിപ്പിച്ചിരിക്കുകയാണ് പ്രസിഡന്റ് നിക്കൊളാസ് മഡുറോ. അസാധു നോട്ടുകള്‍ക്ക് പകരം 500 ബൊളിവര്‍ നോട്ടുകള്‍ യഥാസമയം എത്തിക്കാന്‍ കഴിയാത്തതിനു പിന്നില്‍ അന്താരാഷ്ട്ര അട്ടിമറി നടന്നെന്നെല്ലാം അദ്ദേഹം ആരോപിക്കുമ്പോഴും പ്രശ്‌നം അടിസ്ഥാനപരമായി ആസൂത്രണമില്ലായ്മയാണ്. ആയിരക്കണക്കിന് കടകളാണ് നോട്ട് അസാധുവാക്കല്‍ മൂലം രാജ്യത്ത് പൂട്ടിപ്പോയത്. സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ഒറ്റയടിക്ക് നടപ്പാക്കേണ്ടതല്ലെന്ന് ഓര്‍മിപ്പിക്കുകയാണ് വെനെസ്വല.

Comments

comments

Categories: Editorial