പൊതുജനരോഷത്തെ തുടര്‍ന്ന് വെനസ്വേലയില്‍ ഡീമോണിട്ടൈസേഷന്‍ നടപടി റദ്ദാക്കി

പൊതുജനരോഷത്തെ തുടര്‍ന്ന്  വെനസ്വേലയില്‍ ഡീമോണിട്ടൈസേഷന്‍ നടപടി റദ്ദാക്കി

 

കരാക്കസ്: ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ കറന്‍സി നോട്ട് അസാധുവാക്കിയ നടപടിക്കെതിരേ പൊതുജന രോഷം ഉയര്‍ന്നതോടെ തീരുമാനത്തില്‍നിന്നും സര്‍ക്കാര്‍ താത്കാലികമായി പിന്മാറി. ഈ മാസം 11നാണു തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 72 മണിക്കൂറിനകം 100 ബൊളിവര്‍ നോട്ടുകള്‍ അസാധുവാകുമെന്നും, ഇത്തരത്തില്‍ അസാധുവായ നോട്ടുകള്‍ മാറിയെടുക്കാന്‍ 10 ദിവസത്തെ സമയം അനുവദിച്ചിരിക്കുന്നു എന്നുമായിരുന്നു പ്രഖ്യാപനം. വെനസ്വേലയുടെ അയല്‍രാജ്യമായ കൊളംബിയയുടെ അതിര്‍ത്തിയില്‍ കള്ളപ്പണക്കാര്‍ കറന്‍സി നോട്ടുകള്‍ പൂഴ്ത്തിവയ്ക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണു സര്‍ക്കാര്‍ നടപടിയുമായി രംഗത്തിറങ്ങിയത്. എന്നാല്‍ നോട്ട് അസാധുവാക്കിയ തീരുമാനം ജനങ്ങളെ ബാധിച്ചു. ഇതേത്തുടര്‍ന്നാണ് പ്രതിഷേധം ഉയര്‍ന്നത്.
100 ബൊളിവര്‍ കറന്‍സിയാണ് (കരിഞ്ചന്തയില്‍ ഇതിന്റെ മൂല്യം 4 യുഎസ് സെന്റാണ്) അസാധുവാക്കിയത്. തീരുമാനം പ്രഖ്യാപിച്ചതിനെ തുടര്‍ന്നു ബാങ്കുകള്‍ക്കു മുന്‍പില്‍ നീണ്ട വരി പ്രത്യക്ഷപ്പെടുകയും നിരവധി കടകളും വ്യാപാരസ്ഥാപനങ്ങളും കൊള്ളയടിക്കപ്പെടുകയുമുണ്ടായി. ഇതിനു പുറമേ നിരത്തുകളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂപപ്പെടുകയും ചെയ്തു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചിലയിടങ്ങളില്‍ മരണം റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി.
കറന്‍സി നോട്ടുകള്‍ അസാധുവാക്കിയ തീരുമാനത്തെ തുടര്‍ന്നു ക്രിസ്മസ് വിപണിയിലും വ്യാപാരികള്‍ക്കു തിരിച്ചടി നേരിട്ടിരുന്നു. ജനങ്ങളാകട്ടെ, ക്രിസ്മസിനു ഒരുങ്ങാന്‍ ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കുവാന്‍ പോലുമാവാതെ വീര്‍പ്പുമുട്ടി. വെനസ്വേലയുടെ ജനസംഖ്യയുടെ നാല്‍പത് ശതമാനത്തോളം പേര്‍ക്കും ബാങ്ക് അക്കൗണ്ട് ഇല്ലെന്നത് പ്രശ്‌നങ്ങളുടെ വ്യാപ്തി വര്‍ധിപ്പിച്ചു. ഇത്തരം ഘടകങ്ങള്‍ പ്രതിഷേധത്തിന്റെ ആക്കം കൂടാനും കാരണമായി.
എണ്ണ വ്യാപാരത്തിലൂടെ വരുമാനം കണ്ടെത്തുന്ന വെനസ്വേലയ്ക്കു സമീപകാലത്ത് രാജ്യാന്തര വിപണിയിലുണ്ടായ എണ്ണ വിലയിടിവ് വന്‍ തിരിച്ചടിയാണ് സമ്മാനിച്ചത്. ഇതേത്തുടര്‍ന്ന് രാജ്യത്ത് സാമ്പത്തിക മാന്ദ്യവും പണപ്പെരുപ്പവും പട്ടിണിയും തൊഴിലില്ലായ്മയും രൂക്ഷമായിരിക്കുമ്പോഴാണ് ഡീമോണിട്ടൈസേഷന്‍ നടപടിയുമായി പ്രസിഡന്റ് മദൂറോ രംഗത്തുവന്നത്. പ്രസിഡന്റിന്റെ ഡീ മോണിട്ടൈസേഷന്‍ നടപടിയെ വിമര്‍ശിച്ച് നിരവധി പേരാണ് തെരുവിലിറങ്ങിയത്.

Comments

comments

Categories: Slider, Top Stories