തിരിച്ചടിച്ച് ടീം ഇന്ത്യ

തിരിച്ചടിച്ച് ടീം ഇന്ത്യ

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയുടെ അഞ്ചാം മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ അതിഥികള്‍ നേടിയ 477 റണ്‍സ് പിന്തുടര്‍ന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റിന് 391 എന്ന നിലയില്‍. അര്‍ധ സെഞ്ച്വറിയുമായി മലയാളി താരം കരുണ്‍ നായരും (71) പതിനേഴ് റണ്‍സുമായി മുരളി വിജയുമാണ് ക്രീസില്‍.

ടീം ഇന്ത്യയ്ക്ക് ലോകേഷ് രാഹുല്‍, പാര്‍ത്ഥിവ് പട്ടേല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഡബിള്‍ സെഞ്ച്വറിക്ക് ഒരു റണ്‍സ് അകലെയായിരുന്നു ലോകേഷ് രാഹുലിന്റെ പുറത്താകല്‍. 311 പന്തുകളില്‍ നിന്നായിരുന്നു ലോകേഷ് രാഹുല്‍ 199 റണ്‍സ് നേടിയത്. രാഹുലിന്റെ പന്തില്‍ ബട്‌ലറുടെ കൈയിലകപ്പെട്ടാണ് അദ്ദേഹം പുറത്തായത്.

ടീം ഇന്ത്യയ്ക്ക് വേണ്ടി പാര്‍ത്ഥിവ് പട്ടേല്‍ 112 പന്തുകളില്‍ നിന്നും 71 റണ്‍സ് നേടി. മൊയീന്‍ അലിയുടെ പന്തില്‍ അദ്ദേഹം ബട്‌ലര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി എന്നിവര്‍ യഥാക്രമം 16, 15 റണ്‍സ് വീതമാണ് നേടിയത്. ചേതേശ്വര്‍ പൂജാര ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലൈസ്റ്റര്‍ കുക്കിനാണ് പിടി കൊടുത്തത്.

അതേസമയം, ടീം ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ബ്രോഡിന്റെ പന്തില്‍ ജെന്നിംഗ്‌സിന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. 136 പന്തുകളില്‍ നിന്നാണ് പാതി മലയാളി താരമായ കരുണ്‍ നായര്‍ 71 റണ്‍സ് നേടിയത്. അതേസമയം, 31 പന്തുകള്‍ നേരിട്ടാണ് മൂന്നാം ദിനം അവസാനിക്കുമ്പോള്‍ മുരളി വിജയ് 17 റണ്‍സ് സ്വന്തമാക്കിയിരിക്കുന്നത്.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് മൊയീന്‍ അലിയുടെ സെഞ്ച്വറി മികവിലും (146) ജോ റൂട്ട് (88), ഡോവ്‌സണ്‍ (66), റാഷിദ് (60) എന്നിവരുടെ അര്‍ധ സെഞ്ച്വറി നേട്ടത്തിലുമാണ് 477 റണ്‍സ് സ്‌കോര്‍ ചെയ്തത്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ടീം ഇന്ത്യ നേരത്തെ തന്നെ 3-0ത്തിന് സ്വന്തമാക്കിയിരുന്നു.

Comments

comments

Categories: Sports