സിറിയന്‍ യുദ്ധം: യഥാര്‍ഥ വിജയി ഇറാന്‍

സിറിയന്‍ യുദ്ധം: യഥാര്‍ഥ വിജയി ഇറാന്‍

പോരാട്ടം രൂക്ഷമായ കിഴക്കന്‍ അലെപ്പോയില്‍നിന്നും കഴിഞ്ഞ ബുധനാഴ്ച സമാധാന സന്ദേശം വഹിക്കുന്ന പച്ച നിറമുള്ള ബസ് പ്രദേശവാസികളുമായി തുര്‍ക്കി ലക്ഷ്യംവച്ചു മെല്ലെ നീങ്ങിയപ്പോള്‍, അത് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന റഷ്യയുടെയും ഇറാന്റെയുമൊക്കെ വിജയമായി ചിത്രീകരിച്ചു. പക്ഷേ, അഭയാര്‍ഥികളെയും വഹിച്ചു നീങ്ങിയ ബസ് അലെപ്പോ വിട്ടു പോകാന്‍ റഷ്യ അനുവാദം നല്‍കിയപ്പോള്‍, ഇറാന്‍ ആ തീരുമാനത്തെ എതിര്‍ക്കുകയുണ്ടായി. ബസില്‍ അഭയാര്‍ഥികളെന്ന പേരില്‍ യാത്ര ചെയ്തതു ഭൂരിഭാഗവും അസദിനെതിരേ പോരാട്ടം നയിച്ച വിമതര്‍ തന്നെയായിരുന്നു.
തീരുമാനത്തിലൂടെ യുദ്ധമുഖത്തു മാനുഷിക പരിവേഷം പ്രകടമാക്കുകയെന്ന ഉദ്ദേശ്യം റഷ്യയ്ക്കുണ്ടായിരുന്നു. സിറിയയില്‍ 15 മാസക്കാലം സേനാവിന്യാസം നടത്തിയ റഷ്യയ്ക്ക് ഈ തീരുമാനത്തിലൂടെ സമാധാനപാലകരെന്ന വിശേഷണം നേടുകയെന്ന ലക്ഷ്യവുമുണ്ടായിരുന്നു. എന്നാല്‍ അലെപ്പോയില്‍ വിമതപോരാട്ടം നടത്തിയവരെ രക്ഷപ്പെടാന്‍ അനുവദിച്ചാല്‍ അത് തങ്ങളുടെ സ്വാധീനം നഷ്ടപ്പെടാന്‍ ഇടയാകുമെന്നാണ് ഇറാന്‍ വാദിച്ചത്. സിറിയന്‍ യുദ്ധ മുഖത്ത് റഷ്യ പുലര്‍ത്തിയ സ്വാധീനവും ശക്തിയും ഏറെക്കുറെ ഇറാനും ലഭിച്ചിരുന്നു. ഇതു നിലനിര്‍ത്താനുള്ള ശ്രമമാണ് ഇറാന്‍ നടത്തുന്നത്. വിമതര്‍ അഭയാര്‍ഥികളെന്ന പേരില്‍ രക്ഷപ്പെടാന്‍ ഇടയായാല്‍ സിറിയയില്‍ കൈവരിച്ച മേല്‍ക്കോയ്മ നഷ്ടപ്പെടുമെന്നു ഇറാന്‍ ഭയപ്പെടുന്നുണ്ട്.
സിറിയന്‍ യുദ്ധമുഖത്ത് പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനോടൊപ്പം തോളോടു തോല്‍ ചേര്‍ന്നു പിന്തുണച്ച നിര്‍ണായക ശക്തികളാണ് റഷ്യയും ഇറാനും. ഇരുരാജ്യങ്ങളും സമീപകാലത്ത് ഒരുമിച്ചത് സിറിയന്‍ വിഷയത്തിലാണ്. എന്നാല്‍ അതേ വിഷയത്തിന്റെ പേരില്‍ ഇപ്പോള്‍ ഇരുവിഭാഗങ്ങളും തര്‍ക്കിക്കുന്ന സാഹചര്യം ഉടലെടുത്തിരിക്കുന്നു. മേഖലയില്‍ സ്വാധീനം കൈവരിക്കാന്‍ ലക്ഷ്യമിടുന്ന ഇറാന്, അലെപ്പോ നഗരത്തിലെ സ്വാധീനം തിരിച്ചുപിടിക്കുക എന്നത് ആശയപരമാണ് ആവശ്യമാണ്. റഷ്യയ്ക്കാവട്ടെ, രാഷ്ട്രീയപരവും. ഇതാണ് രണ്ട് രാജ്യങ്ങളെയും അലെപ്പോ വിഷയത്തില്‍ അഭിപ്രായ വ്യത്യാസത്തിലേക്കു നയിച്ചിരിക്കുന്നതും.
അസദിനെതിരേ കലാപം നയിച്ച് ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച വിമതരെ രക്ഷപെടാനാവാത്ത വിധം പൂട്ടുന്നതില്‍ ഇറാന്‍ വഹിച്ച പങ്ക് വലുതാണ്. അസദ് ഭരണകൂടത്തിനു മതിയായ സുരക്ഷയൊരുക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും ഇറാന്‍ എന്നും കൂടെയുണ്ടായിരുന്നു. വിമതരെ അലെപ്പോയില്‍നിന്നും പലായനം ചെയ്യാന്‍ അനുവദിക്കുക എന്നത് ഇറാന്റെ പദ്ധതിയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അഭയാര്‍ഥികളുടെ കാര്യത്തില്‍ തുര്‍ക്കിയും റഷ്യയും തമ്മില്‍ ഉടമ്പടി പ്രഖ്യാപിച്ചതോടെ, അത് അട്ടിമറിക്കാന്‍ ഇറാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി വടക്കന്‍ അലെപ്പോയിലെ ഫ്യുയായിലും കെഫ്രായിലും ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു. അല്‍ഖ്വയ്ദയില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ജബാ ഫത്തേ അല്‍ ഷാ എന്ന സംഘടനയ്ക്കു നിര്‍ണായക സ്വാധീനമുള്ള ഗ്രാമങ്ങളായിരുന്നു ഇത്.
അലെപ്പോയില്‍ വിമതര്‍ക്കു മേല്‍ അസദ് ഭരണകൂടം നേടിയ പോരാട്ട വിജയം ഇറാനും റഷ്യയ്ക്കും അവകാശപ്പെട്ടതാണ്. പക്ഷേ വിജയത്തിന്റെ കണക്കെടുപ്പ് നടത്തുമ്പോള്‍ ഇറാനു തന്നെയാണു മുന്‍തൂക്കം. സിറിയയിലെ രണ്ടാമത്തെ വലിയ നഗരവും വ്യവസായങ്ങളുടെ ഹൃദയവുമായ അലെപ്പോയില്‍ സ്വാധീനമുറപ്പിക്കുന്നതിലൂടെ മേഖലയില്‍ ഇറാന് തന്ത്രപ്രധാന സ്ഥാനമാണു വാഗ്ദാനം ചെയ്യുന്നത്. ഇതിലൂടെ ഇറാന് തങ്ങളുടെ അജന്‍ഡ നടപ്പിലാക്കുവാന്‍ സാധിക്കുകയും ചെയ്യും. മെഡിറ്ററേനിയന്‍ തീരത്തേയ്ക്കു ഇടനാഴി നിര്‍മിക്കാനുള്ള ഇറാന്റെ പദ്ധതിയില്‍ അലെപ്പോയാണു കുറുകെയുള്ള വഴി. അതുമാത്രമല്ല, ഭൗമരാഷ്ട്രീയത്തില്‍ ഇറാന്റെ ആസ്ഥാനകേന്ദ്രമാകാന്‍ അലെപ്പോയ്ക്കു സാധിക്കുകയും ചെയ്യുമെന്നും കണക്കുകൂട്ടുന്നുണ്ട്.
ഡമാസ്‌കസിലും ലെബനീസ് അതിര്‍ത്തിയിലും സുന്നികളുടെ സാന്നിധ്യം ഇറാന്‍ ആഗ്രഹിക്കുന്നില്ല. അതിര്‍ത്തിയിലെ വിഭാഗീയതയില്‍ വ്യക്തമായ മാറ്റം കൈവരിക്കുകയെന്നത് ഇറാന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ഇതിനു വേണ്ടിയുള്ള ചര്‍ച്ചകളാണ് ഇറാന്‍ അധികൃതര്‍ ഇപ്പോള്‍ പ്രതിപക്ഷ സംഘടനയായ അഹ്‌രാര്‍ അല്‍ ഷാമുമായി നടത്തുന്നത്. സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിന്റെ പടിഞ്ഞാറന്‍ നഗരമായ സബാദാനി വിമതസ്വാധീന കേന്ദ്രമായിരുന്നു. ഇവിടെ ഇപ്പോള്‍ ഇറാന്റെ പിന്തുണയോടെ അസദിന്റെ സൈന്യം സ്വാധീനം വീണ്ടെടുത്തിരിക്കുകയാണ്. സബാദാ പ്രവിശ്യയിലെ സുന്നികളെ ഇഡ്‌ലിബ് പ്രവിശ്യയിലേക്കു മാറ്റിപ്പാര്‍പ്പിച്ച്, പകരം ഫ്യുയാ, കെഫ്രാ തുടങ്ങിയ രണ്ട് ഗ്രാമങ്ങളിലുമുള്ള ഷിയാ വിഭാഗക്കാരെ സബാദാനിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇറാന്‍ നടത്തുന്നത്. ഷിയാ വിഭാഗങ്ങളുമായി ബന്ധപ്പെടുത്തുന്ന ഇടനാഴികള്‍ ഉറപ്പാക്കുക എന്നതാണ് ഇറാന്റെ ഇപ്പോഴത്തെ ലക്ഷ്യം. 1979ലെ ഇസ്ലാമിക് വിപ്ലവത്തിനു ശേഷം ഇറാന്‍ നടത്തുന്ന സുപ്രധാന നീക്കമായിട്ടാണ് ഇപ്പോഴത്തെ ശ്രമങ്ങളെ വിലയിരുത്തുന്നത്.
മറുവശത്ത് റഷ്യയാകട്ടെ, ഇറാന്റെ പോലെ ആശയപരമായ നീക്കങ്ങളൊന്നും ലക്ഷ്യമിടുന്നില്ല. അവര്‍ തികച്ചും രാഷ്ട്രീയ നേട്ടമാണ് ലക്ഷ്യമിടുന്നത്. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്, തന്റെ പിന്‍ഗാമി ഒബാമയെ പോലെ സിറിയന്‍ വിഷയത്തില്‍ വലിയ താത്പര്യമില്ല. ഇത് പശ്ചിമേഷ്യയില്‍ റഷ്യയ്ക്കു മേല്‍ക്കൈ നേടിക്കൊടുക്കുകയും ചെയ്യുന്നുണ്ട്.

Comments

comments

Categories: World