കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

 
തൃശൂര്‍: പഠനത്തില്‍ മികവ് പുലര്‍ത്തുന്ന കൊളെജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള പുതിയ സ്‌കോളര്‍ഷിപ്പ് പദ്ധതി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ‘എസ്‌ഐബി സ്‌കോളര്‍’ ഡിഎംആര്‍സി പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ പദ്മവിഭൂഷണ്‍ ഡോ. ഇ ശ്രീധരന്‍ ഔപചാരികമായി അവതരിപ്പിച്ചു. ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായുള്ള ദീര്‍ഘകാല സംരംഭമായ എസ്‌ഐബി സ്‌കോളര്‍ പഠനത്തില്‍ മികവു പുലര്‍ത്തകയും എന്നാല്‍ സാമ്പത്തികമായി പിന്നോക്കമായ ചുറ്റുപാടുകളില്‍ നിന്നു വരുന്നതിനാല്‍ തങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാല്‍കരിക്കാന്‍ വെല്ലുവിളി നേരിടുകയും ചെയ്യുന്ന റഗുലര്‍ ബിരുദ വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചുള്ളതാണ്.

തൃശൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഡോ. ഈ ശ്രീധരന്‍ കേരളത്തിലെ 14 ജില്ലകളില്‍ നിന്നും മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കു വീതം ആകെ 42 വിദ്യാര്‍ത്ഥികള്‍ക്ക് എസ്‌ഐബി സ്‌കോളര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ചടങ്ങില്‍ ബാങ്കിന്റെ എംഡിയും സിഇഒ യുമായ വി ജി മാത്യു അദ്ധ്യക്ഷനായിരുന്നു.

സ്വഭാവം ആര്‍ജവം, നല്ല ആരോഗ്യം എന്നിവയാണ് ഇന്നത്തെ ലോകത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായിരിക്കേണ്ടത്. സ്‌കോളര്‍ഷിപ്പ് പദ്ധതി അവതരിപ്പിച്ചു കൊണ്ട് ഡോ. ഇ ശ്രീധരന്‍ പറഞ്ഞു. സമൂഹത്തിന് വളരാനുളള സാഹചര്യം സൃഷ്ടിക്കുവാന്‍ സഹായിക്കുന്ന പുതുമയേറിയ ഒരു പദ്ധതിയാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ആരംഭിച്ചിരിക്കുന്നത്, അതിനാല്‍ ഈ അവസരം ഉപയോഗിച്ച് കൂടുതല്‍ ഉയരങ്ങളില്‍ എത്തിചേരുക എന്നത് വിദ്യാര്‍ത്ഥികളുടെ കടമയാണ്. കൂടാതെ അവരുടെ ഏറ്റവും മികച്ച കഴിവും സേവനവും തിരികെ സമൂഹത്തിന് പ്രയോജനപ്പെടുത്തുകയും വേണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ സ്വപ്‌നങ്ങളെ പിന്തുടരുവാന്‍ മികച്ച പിന്തുണ ഈ സ്‌കോളര്‍ഷിപ്പ് പദ്ധതി നല്‍കും. വിദ്യാര്‍ത്ഥി സമൂഹത്തിന് പ്രയോജനപ്പെടുന്ന ഏറ്റവും പുതിയ സാമ്പത്തിക വിഷയങ്ങളെ സംബന്ധിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രസിദ്ധീകരിച്ച ബുക്ക്‌ലെറ്റായ സ്റ്റുഡന്‍സ് എക്കണോമിക് ഫോറത്തിന്റെ സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ തന്നെ ഈ പദ്ധതി അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നത് ഏറെ അഭിമാനകരമാണ്- ബാങ്കിന്റെ എംഡിയും സിഇഒ യുമായ വി ജി മാത്യു പറഞ്ഞു.

2015-2016 അദ്ധ്യയന വര്‍ഷത്തില്‍ ഗവണ്‍മെന്റ് സ്‌കൂളുകളില്‍ നിന്നും പ്ലസ് ടു പരീക്ഷയില്‍ 80 ശതമാനം മാര്‍ക്ക് നേടിയതും ഗവണ്‍മെന്റ് അല്ലെങ്കില്‍ എയിഡഡ് കോളെജുകളില്‍ റെഗുലര്‍ കോഴ്‌സിന് പ്രവേശനം ലഭിച്ചതുമായ വിദ്യാര്‍ത്ഥികളെയാണ് സ്‌കോളര്‍ഷിപ്പിനായി പരിഗണിച്ചത്. വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു യോഗ്യത. ബിപിഎല്‍, വൈകല്യം, ഒരു രക്ഷിതാവ് മാത്രമുള്ളവര്‍ എന്നിവര്‍ക്ക് അധിക പരിഗണന നല്‍കി. യഥാര്‍ത്ഥ രസീത് ഹാജരാക്കുമ്പോള്‍ കോഴ്‌സ് കാലാവധിയില്‍ ഉടനീളം നിശ്ചിത കോഴ്‌സ് ഫീസ്/ട്യൂഷന്‍ ഫീസ് തിരികെ കൊടുക്കും. കോഴ്‌സ് തുടങ്ങുമ്പോള്‍ മുതല്‍ 4000 രൂപയുടെ നിശ്ചിത അലവന്‍സ് ഓരോ വിദ്യാര്‍ത്ഥിക്കും കോഴ്‌സ് കാലാവധിയില്‍ ഉടനീളം നല്‍കും.
അവതരണയോഗത്തില്‍ ഇവിപി (ക്രഡിറ്റ്) ശിവകുമാര്‍ ആളുകളെ സ്വാഗതം ചെയ്തു. ജനറല്‍ മാനേജര്‍ (അഡ്മിന്‍) വിഎല്‍ പോള്‍ കൃതജ്ഞത രേഖപ്പെടുത്തി.

Comments

comments

Categories: Banking
Tags: Scholarship, SIB