2030ഓടെ സേവനമേഖല മൊത്തം വ്യാപാരത്തിന്റെ 25 % ആകും

2030ഓടെ സേവനമേഖല മൊത്തം വ്യാപാരത്തിന്റെ 25 % ആകും

 
മുബൈ: ആഗോളതലത്തില്‍ 2030ഓടെ സേവന മേഖലയുമായി ബന്ധപ്പെട്ട അവസരങ്ങള്‍ വര്‍ധിക്കുമെന്ന് എച്ച്എസ്ബിസി റിപ്പോര്‍ട്ട്. സാമ്പത്തികവും രാഷ്ട്രീയപരവുമായ തിരിച്ചടികള്‍ കമ്മൊഡിറ്റി, മാനുഫാക്ചറിംഗ് മേഖലകളിലെ വ്യാപാരത്തില്‍ ഇടിവുണ്ടാക്കുമെങ്കിലും 2030 ആവുമ്പോഴേക്കും ലോക വ്യാപാരത്തില്‍ 25 ശതമാനത്തോളം പങ്കാളിത്തം വഹിക്കാനാകുന്ന തരത്തില്‍ സേവന മേഖലയ്ക്ക് വളര്‍ച്ചയുണ്ടാകുമെന്നാണ് എച്ച്എസ്ബിസി വിലയിരുത്തുന്നത്.

ഡോളറിന്റെ അടിസ്ഥാനത്തില്‍ ആഗോള വ്യാപാര കയറ്റുമതിയില്‍ ഈ വര്‍ഷം മൂന്ന് ശതമാനം ഇടിവുണ്ടായിട്ടുണ്ട്. അതേസമയം ടൂറിസം, ബാങ്കിംഗ്, കണ്‍സ്ട്രക്ഷന്‍, സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് തുടങ്ങിയ സേവനമേഖലകളിലെ രാജ്യാന്തര വ്യാപാരത്തില്‍ ഒരു ശതമാനം വര്‍ധന രേഖപ്പെടുത്തിയതായും എച്ച്എസ്ബിസി യുടെ ഗ്ലോബല്‍ ട്രേഡ് ഫോര്‍കാസ്റ്റ് വ്യക്തമാക്കുന്നു.

വ്യാപാര കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന പുതിയ പരിഷ്‌കാരങ്ങളില്‍ നിന്ന് സര്‍ക്കാരുകള്‍ വിട്ടുനില്‍ക്കുകയാണെങ്കില്‍ അടുത്ത വര്‍ഷം ഉല്‍പ്പന്ന കയറ്റുമതി തിരിച്ചുവരവിന്റെ പാതയിലെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2017ല്‍ മൂന്ന് ശതമാനം വളര്‍ച്ച രേഖപ്പെടുത്താനാകുമെന്നും, 2030ല്‍ ആറ് ശതമാനത്തിന്റെ വര്‍ധന പ്രകടമാക്കുമെന്നും എച്ച്എസ്ബിസി വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ സേവനമേഖലയിലെ കയറ്റുമതി ശരാശതി ഏഴ് ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 2030 ആകുമ്പോഴേക്കും ആഗോള വ്യാപാര കയറ്റുമതിയില്‍ 12.4 ട്രില്യണ്‍ ഡോളര്‍ സംഭാവന നല്‍കുമെന്നാണ് കണക്കുകൂട്ടല്‍. ഈ വര്‍ഷം സേവനമേഖലയില്‍ നിന്നും 4.9 ട്രില്യണ്‍ ഡോളറിന്റെ നേട്ടമാണ് ആഗോള വ്യപാരത്തിലുണ്ടായിട്ടുള്ളത്.

പുതിയ നികുതി പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുന്നതും, ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കുന്നതോടെ ഉണ്ടാകുന്ന യുഎസ് വ്യാപാര നയങ്ങളും, ബ്രെക്‌സിറ്റും ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും മൊത്തം വ്യാപാര മൂല്യത്തില്‍ പ്രതിഫലിക്കുമെന്ന സൂചനയാണ് റിപ്പോര്‍ട്ട് തരുന്നത്.

Comments

comments

Categories: Slider, Top Stories