പനാമ ഗേറ്റുകള്‍ ശ്രീ ശ്രീക്ക് വേണ്ടി തുറന്നപ്പോള്‍

പനാമ ഗേറ്റുകള്‍ ശ്രീ ശ്രീക്ക് വേണ്ടി തുറന്നപ്പോള്‍

ഇതിഹാസ സമാനമായ പനാമ കനാലിന്റെ ഗേറ്റുകള്‍ അടുത്തിടെ ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറിനു വേണ്ടി പനാമ സര്‍ക്കാര്‍ തുറന്നുകൊടുത്തത് ശ്രദ്ധേയമായി. ഒരു ഇന്ത്യക്കാരനു വേണ്ടി പനാമ കനാലിന്റെ വാതിലുകള്‍ തുറക്കപ്പെടുന്നത് ആദ്യമായിട്ടാണെന്നതാണ് ശ്രദ്ധേയം.

പസഫിക് സമുദ്രത്തെയും അറ്റ്‌ലാന്റിക് സമുദ്രത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മനുഷ്യ നിര്‍മിത കനാലാണ് പനാമ. ഏകദേശം 80 കിലോമീറ്റര്‍ നീളമുണ്ട് ഇതിന്. ഇന്നേവരെ നടപ്പിലാക്കപ്പെട്ടിട്ടുള്ള എന്‍ജിനീയറിംഗ് പദ്ധതികളില്‍ ഏറ്റവും വലുതും പ്രയാസമേറിയതുമായവയില്‍ ഒന്നാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്തുള്ള ഡ്രേക്ക് പാസേജും ഹോണ്‍ മുനമ്പും വഴിയുള്ള ദൈര്‍ഘ്യമേറിയ ജലമാര്‍ഗ്ഗത്തെ ചരിത്രമാക്കിയ പനാമ കനാല്‍ ഈ രണ്ട് സമുദ്രങ്ങള്‍ തമ്മിലുള്ള ഗതാഗതത്തില്‍ വന്‍ സ്വാധീനം ചെലുത്തി. ന്യൂയോര്‍ക്ക് മുതല്‍ സാന്‍ഫ്രാന്‍സിസ്‌കോ വരെ സഞ്ചരിക്കുന്ന ഒരു കപ്പല്‍ ഹോണ്‍ മുനമ്പ് ചുറ്റിയാണെങ്കില്‍ 22,500 കിലോമീറ്ററും (14,000 മൈല്‍) പനാമ കനാല്‍ വഴിയാണെങ്കില്‍ വെറും 9,500 കിലോമീറ്ററുമാണ് (6,000 മൈല്‍) സഞ്ചരിക്കേണ്ടത്. പനാമയ്ക്കടുത്ത് ഒരു കനാല്‍ എന്ന സങ്കല്‍പ്പത്തിന് 16ാം നൂറ്റാണ്ട് വരെ പഴക്കമുണ്ടെങ്കിലും അത് നിര്‍മ്മിക്കാനുള്ള ആദ്യ ശ്രമം ആരംഭിച്ചത് 1880ല്‍ ഫ്രഞ്ച് നേതൃത്വത്തിലാണ്. എന്നാല്‍ 21,900 തൊഴിലാളികളുടെ മരണത്തിനിടയാക്കിയ ഈ പദ്ധതി പരാജയത്തില്‍ കലാശിച്ചു. 1900കളുടെ ആദ്യ കാലയളവില്‍ അമേരിക്ക കനാല്‍ നിര്‍മ്മാണം ഏറ്റെടുക്കുകയും അത് വിജയകരമായി പൂര്‍ത്തീകരിക്കുകയും ചെയ്തു. 1914ല്‍ കനാല്‍ പ്രവര്‍ത്തനമാരംഭിച്ചു. കനാല്‍ പൂര്‍ത്തിയായപ്പോഴേക്കും ഫ്രാന്‍സിന്റെയും അമേരിക്കയുടേയും 27,500 തൊഴിലാളികളുടെ ജീവനാണ് നഷ്ടമായതെന്നാണ് കണക്കാക്കപ്പെടുന്നത്.

അഞ്ച് ബില്ല്യണ്‍ ഡോളറിന്റെ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കി ആഗോള വ്യാപാരം ശക്തിപ്പെടുത്തുന്നതിന് കനാല്‍ തുറന്നത് ഇക്കഴിഞ്ഞ ജൂണിലായിരുന്നു. ശ്രീ ശ്രീ രവിശങ്കറിന്റെ മെഡിറ്റേഷന്‍ കാംപുകള്‍ കഴിഞ്ഞ 14 വര്‍ഷമായി പനാമയില്‍ നടന്നുവരുന്നുണ്ട്. അദ്ദേഹത്തിന്റെ സമാധാന ശ്രമങ്ങളുടെയും ശാന്തി സന്ദേശത്തിന്റെയും ഫലമെന്നോണം വലിയ സ്വീകരണമാണ് പനാമയില്‍ ലഭിച്ചത്. പ്രസിഡന്റ് ജുവാന്‍ കാര്‍ലോസ് വരേല ശ്രീ ശ്രീയെ സ്വീകരിക്കാനെത്തിയെന്നതും ശ്രദ്ധേയമായി. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന മയക്കുമരുന്നു സംസ്‌കാരത്തിന് മാറ്റങ്ങള്‍ വരുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. അതില്‍ ശ്രീ ശ്രീക്ക് വിജയം കൈവരിക്കാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

Comments

comments

Categories: Editorial