ഇ-ഗവേണന്‍സ് ഇടപാടുകള്‍ 1,000 കോടി കടന്നു

ഇ-ഗവേണന്‍സ് ഇടപാടുകള്‍ 1,000 കോടി കടന്നു

 

ന്യൂഡെല്‍ഹി: രാജ്യത്ത് ഈ വര്‍ഷം നടന്നിട്ടുള്ള ഇ-ഗവേണന്‍സ് ഇടപാടുകളുടെ എണ്ണം ആയിരം കോടി കടന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ വെബ് പോര്‍ട്ടലായ ഇ-ടാല്‍ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ദേശീയ-സംസ്ഥാന തലങ്ങളിലെ ഇ-ഗവേണന്‍സ് ഇടപാടുകളുടെ സ്ഥിതിവിവരക്കണക്കുകളാണ് ഇ-ടാല്‍ പുറത്തുവിട്ടത്.

കഴിഞ്ഞ വര്‍ഷം 760 കോടി ഇ-ഗവേണന്‍സ് ഇടപാടുകളാണ് ഇന്ത്യയില്‍ നടന്നിട്ടുള്ളത്. ഇത് ഈ വര്‍ഷം 33 ശതമാനം വര്‍ധിച്ച് ആയിരം കോടിയിലെത്തിയതായി പോര്‍ട്ടലില്‍ പറയുന്നു. ഇ-ടാല്‍ പുറത്തുവിട്ട കണക്കനുസരിച്ച്, 2014 മുതല്‍ ഇ-ഗവേണന്‍സ് പദ്ധതിക്കു കീഴില്‍ വന്‍ തോതിലുള്ള ഇ-ഇടപാടുകളാണ് നടന്നിട്ടുള്ളത്. 2014ല്‍ ആകെ 350 കോടി ഇ-ഇടപാടുകളാണ് നടന്നിട്ടുള്ളത്. 2015ല്‍ ഇത് 760 കോടിയിലേക്ക് വര്‍ധിച്ചിട്ടുണ്ടെന്നും ഇ-ടാല്‍ വ്യക്തമാക്കുന്നു.

സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളിലെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ വേഗതയാണ് 2016ല്‍ നടന്നിട്ടുള്ള 1000 കോടി രൂപയുടെ ഇ-ഗവേണന്‍സ് ഇടപാടുകള്‍ വ്യക്തമാക്കുന്നതെന്നും, ഇ-ഗവേണന്‍സ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള ലളിതവും സൗകര്യപ്രദവുമായ സംവിധാനമാണ് ഡിജിറ്റല്‍ മാധ്യമങ്ങളെന്നും ഇലക്ട്രോണിക്‌സ് ഐടി വകുപ്പ് സെക്രട്ടറി അരുണ സുന്ദരരാജന്‍ പറഞ്ഞു. കാര്‍ഷികം, ആരോഗ്യം, ഗതാഗതം, ടെലികമ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ നിന്നും ജനങ്ങളിലേക്കെത്തിയിട്ടുള്ള ഇ-ഇടപാടുകളെയാണ് ഇ-ടാല്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

Comments

comments

Categories: Tech