മാര്‍ച്ച് 31 വരെ കള്ളപ്പണം വെളിപ്പെടുത്താന്‍ അവസരം

മാര്‍ച്ച് 31 വരെ കള്ളപ്പണം വെളിപ്പെടുത്താന്‍ അവസരം

 

ന്യൂഡെല്‍ഹി: നികുതി വെട്ടിപ്പു നടത്തിയവര്‍ക്ക് മാര്‍ച്ച് 31 വരെ വരുമാനം വെളിപ്പെടുത്താന്‍ സമയമനുവദിച്ചു. പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജന എന്ന പേരിലുള്ള പുതിയ വരുമാനം വെളിപ്പെടുത്തല്‍ പദ്ധതിയിലാണ് ഡിസംബര്‍ 17 മുതല്‍ മാര്‍ച്ച് 31 വരെ കള്ളപ്പണം വ്യക്തമാക്കുന്നതിന് സമയമനുവദിച്ചിട്ടുള്ളത്. 50 ശതമാനം നികുതിയും പിഴയുമായിരിക്കും വെളിപ്പെടുത്തുന്ന കള്ളപ്പണത്തിന് നല്‍കേണ്ടിവരിക.

ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് അനധികൃത സമ്പാദ്യം പുറത്തുകൊണ്ടുവന്ന് നിയമവിധേയമാക്കാന്‍ സര്‍ക്കാര്‍ അവസരം നല്‍കുന്നത്. നേരത്തെ സെപ്റ്റംബര്‍ 30 വരെയായിരുന്നു അനധികൃത സമ്പാദ്യം വെളിപ്പെടുത്തുന്നതിന് സമയം അനുവദിച്ചിരുന്നത്. 2016 ലെ ടാക്‌സേഷന്‍ ലോ ആക്ടി(രണ്ടാം ഭേദഗതി)ലെ വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ വരുമാനം വെളിപ്പെടുത്തല്‍ സ്‌കീം പുറത്തിറക്കിയിരിക്കുന്നത്.

പുതിയ സ്‌കീം പ്രാകരം കള്ളപ്പണം വെളിപ്പെടുത്തിയ വ്യക്തി 30 ശതമാനം നികുതി, പത്ത് ശതമാനം പിഴ, 33 ശതമാനം പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ സെസ് തുടങ്ങിയവ ഉള്‍പ്പെടുത്തി ഒരു തുക സര്‍ക്കാരിലേക്ക് നല്‍കേണ്ടി വരും. ഇത് ഏകദേശം മൊത്തം വെളിപ്പെടുത്തിയ വരുമാനത്തിന്റെ പകുതിയോളം വരും. ഇതിനുപുറമെ പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ ഡെപ്പോസിറ്റ് സ്‌കീമിന്റെ ഭാഗമായി നാല് വര്‍ഷത്തേക്ക് സീറോ പലിശ നിരക്കില്‍ വെളിപ്പെടുത്തിയ തുകയുടെ 25 ശതമാനം നിക്ഷേപം നടത്തേണ്ടതായും വരും. വരുമാനം വെളിപ്പെടുത്തുന്നയാള്‍ അവരുടെ സ്ഥിര എക്കൗണ്ട് നമ്പറും ഹാജരാക്കണം. സ്‌കീമിന്റെ ഭാഗമായുള്ള ഇത്തരം നടപടികളിലൂടെ ലഭിക്കുന്ന പണം വിവിധ ക്ഷേമ പദ്ധതികള്‍ക്കായി ഉപയോഗിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. .

നേരത്തെ ഉണ്ടായിരുന്ന വരുമാനം വെളിപ്പെടുത്തല്‍ പദ്ധതിയില്‍ നിന്നും വ്യത്യസ്തമായി നികുതി വെട്ടിപ്പു നടത്തിയവര്‍ ആദ്യം നികുതി അടച്ച്, നിക്ഷേപ പദ്ധതി പ്രകാരം 25 ശതമാനം നിക്ഷേപം നടത്തിയ ശേഷം മാത്രമെ വരുമാനം വെളിപ്പെടുത്തേണ്ടതുള്ളു. ഓണ്‍ലൈന്‍ വഴിയോ ആദായ നികുതി ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ടോ വരുമാനം വെളിപ്പെടുത്താവുന്നതാണെന്നും സര്‍്ക്കാര്‍ അറിയിച്ചിട്ടുണ്ട്. പുതിയ പദ്ധതിയില്‍ കള്ളപ്പണം വെളിപ്പെടുത്തുന്നവര്‍ക്ക് നിയമനടപടി നേരിടേണ്ടി വരില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സ്‌കീം പ്രകാരമുള്ള വെളിപ്പെടുത്തലുകള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും കേന്ദ്ര റവന്യു സെക്രട്ടറി ഹസ്മുഖ് ആധിയ അറിയിച്ചിട്ടുണ്ട്.

ഈ പദ്ധതി പ്രകാരം മെഷീനുകളും ഡാറ്റ അനലിറ്റിക്‌സ് സംവിധാനവുമുപയോഗിച്ചായിരിക്കും നികുതി വെട്ടിപ്പുനടത്തിയവരെ നിരീക്ഷിക്കുക. വിവര ശേഖരണത്തിന് സഹായിക്കാന്‍ പ്രൊഫഷണല്‍ ഏജന്‍സികളെ ഉപയോഗപ്പെടുത്തുന്നതിനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

Comments

comments

Categories: Slider, Top Stories