സംഘര്‍ഷാവസ്ഥ: മണിപ്പൂരില്‍ മൊബൈല്‍ഡേറ്റ സര്‍വീസ് നിരോധിച്ചു

 സംഘര്‍ഷാവസ്ഥ: മണിപ്പൂരില്‍ മൊബൈല്‍ഡേറ്റ സര്‍വീസ് നിരോധിച്ചു

ഇംഫാല്‍(മണിപ്പൂര്): സര്‍ദാര്‍ ഹില്‍സ്, ജിരിബാം പ്രദേശങ്ങളെ ജില്ലയായി ഉയര്‍ത്താനുള്ള മണിപ്പൂര് സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത് യുണൈറ്റഡ് നാഗ കൗണ്‍സില്‍ (യുഎന്‍സി) രംഗത്തു വന്നതിനെ തുടര്‍ന്നു നവമാധ്യമങ്ങളായ വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയവയിലൂടെയും എസ്എംഎസിലൂടെയും തെറ്റായ പ്രചരണം നടക്കുന്നതിന്റെ അടിസ്ഥാനത്തില്‍ മണിപ്പൂരില്‍ മൊബൈല്‍ ഡേറ്റ സേവനം താത്കാലികമായി നിറുത്തിവയ്ക്കാന്‍ ഇംഫാല്‍ പടിഞ്ഞാറന്‍ ജില്ലയുടെ ജില്ലാ മജിസ്‌ട്രേറ്റ് ഈ മാസം 17ന് ഉത്തരവിറക്കി.
മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വരുത്താനും ക്രമസമാധാന നില തകരാതിരിക്കുവാനും വേണ്ടിയാണ് ഉത്തരവ് ഇറക്കിയത്.
സര്‍ദാര്‍ ഹില്‍സ്, ജിരിബാം പ്രദേശങ്ങളെ ജില്ലയായി ഉയര്‍ത്താനുള്ള മണിപ്പൂര് സര്‍ക്കാരിന്റെ തീരുമാനം നവംബര്‍ ഒന്നിനാണ് പുറത്തുവന്നത്. തുടര്‍ന്നു തീരുമാനത്തെ എതിര്‍ത്ത് യുണൈറ്റഡ് നാഗ കൗണ്‍സില്‍ ഇംഫാല്‍-ദിമാപൂര്, ഇംഫാല്‍-ജിരിബാം ദേശീയപാത ഉപരോധിച്ചിരുന്നു. യുണൈറ്റഡ് നാഗ കൗണ്‍സിലിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ഈ മാസം 12ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Comments

comments

Categories: Politics