നൈപുണ്യ വികസനമില്ലെങ്കില്‍ മേക്ക് ഇന്‍ ഇന്ത്യ ഫലം കാണില്ല: രാജീവ് പ്രതാപ് റൂഡി

നൈപുണ്യ വികസനമില്ലെങ്കില്‍ മേക്ക് ഇന്‍ ഇന്ത്യ ഫലം കാണില്ല: രാജീവ് പ്രതാപ് റൂഡി

 

ന്യൂഡെല്‍ഹി: നൈപുണ്യ വികസന പരിശീലനത്തിലൂടെ വൈദഗ്ധ്യം നേടിയ തൊഴില്‍ ശക്തിയില്ലെങ്കില്‍ മേക്ക് ഇന്‍ പദ്ധതി ഫലം കാണില്ലെന്ന് കേന്ദ്ര നൈപുണ്യ വികസന (സംരംഭകത്വം) വകുപ്പ് മന്ത്രി രാജീവ് പ്രതാപ് റൂഡി. ഫിക്കി (എഫ്‌ഐസിസിഐ) സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് രാജ്യത്ത് നൈപുണ്യ പരിശീലന കേന്ദ്രങ്ങളുടെ അഭാവമുണ്ടെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്.

ഇന്ത്യയില്‍ ഏകദേശം 14 ലക്ഷം പെയിന്റര്‍മാരുണ്ട്. എന്നാല്‍ അവര്‍ക്ക് പരിശീലനം നല്‍കാന്‍ ഒരൊറ്റ ട്രെയിനിംഗ് സെന്റര്‍ പോലുമില്ല എന്നതാണ് വസ്തുത. പ്ലംബര്‍മാരുടെയും, ആശാരിമാരുടെയും, വാര്‍ക്കപണിക്കാരുടെയും എല്ലാം അവസ്ഥ ഇതു തന്നെയാണ്, രാജീവ് പ്രതാപ് റൂഡി പറയുന്നു. കഴിഞ്ഞ 68 വര്‍ഷം കൊണ്ട് രാജ്യം വികസിപ്പിച്ചെടുത്ത തൊഴില്‍ അന്തരീക്ഷത്തില്‍ ഘടനാപരമായ മാറ്റം ഉണ്ടാകേണ്ടതുണ്ടെന്നും ആ മാറ്റം സാധ്യമാക്കുന്നതിലാണ് നമ്മള്‍ പ്രതിസന്ധി നേരിടുന്നതെന്നും അദ്ദേഹം പറയുന്നു.

മേക്ക് ഇന്‍ പദ്ധതി ലക്ഷ്യം കാണണമെങ്കില്‍ രാജ്യത്ത് ഘടനാപരമായ പരിഷ്‌കാരങ്ങള്‍ അനിവാര്യമാണ്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് അനുയോജ്യമായ തൊഴില്‍ വിപണി വികസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും തൊഴില്‍ ശക്തി വ്യാവസായിക മേഖലയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായിരിക്കണമെന്നും റൂഡി അഭിപ്രായപ്പെട്ടു.

ആഗോളവല്‍ക്കരണം കാലഘട്ടത്തില്‍ ഇംഗ്ലീഷ് ഭാഷയ്ക്കുള്ള പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ലാസ് റൂമുകള്‍ക്ക് പുറത്തേക്ക് പരിശീലനം പോകേണ്ടതുണ്ടെന്നും, അതുകൊണ്ടാണ് തൊഴില്‍ പരിശീലനത്തിന് പ്രാധാന്യം നല്‍കികൊണ്ട് നാഷണല്‍ അപ്രന്റിസ്ഷിപ്പ് പ്രമോഷന്‍ സ്‌കീം പോലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളതെന്നും റൂഡി പറഞ്ഞു.

Comments

comments

Categories: Politics