കരുണിന് ട്രിപ്പിള്‍ സെഞ്ച്വറി

കരുണിന് ട്രിപ്പിള്‍ സെഞ്ച്വറി

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ പുറത്താകാതെ ട്രിപ്പില്‍ സെഞ്ച്വറി തികച്ച് മലയാളി താരം കരുണ്‍ നായര്‍. കരുണ്‍ നായര്‍ ട്രിപ്പിള്‍ സെഞ്ച്വറി തികച്ചതോടെ ടീം ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് 759 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. ടെസ്റ്റ് ക്രിക്കറ്റില്‍ ടീം ഇന്ത്യ നേടുന്ന ഏറ്റവും വലിയ സ്‌കോര്‍ കൂടിയാണിത്.

ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറി തന്നെ ട്രിപ്പിളാക്കിയാണ് കരുണ്‍ നായര്‍ ചരിത്രമെഴുതിയത്. 381 പന്തുകളില്‍ നിന്നും 32 ഫോറുകളും നാല് സിക്‌സറുകളും ഉള്‍പ്പെടെയായിരുന്നു കരുണ്‍ നായരുടെ ട്രിപ്പിള്‍ സെഞ്ച്വറി. ഇതോടെ, അന്താരാഷ്ട്ര ക്രിക്കറ്റില്‍ കന്നി സെഞ്ച്വറി തന്നെ ട്രിപ്പിളാക്കി മാറ്റിയ മൂന്നാമത്തെ ക്രിക്കറ്റ് താരം കൂടിയായി കരുണ്‍ നായര്‍.

ഒരു മലയാളി താരത്തിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറി കൂടിയാണ് കരുണിന്റേത്. കരുണ്‍ നായര്‍ ഇംഗ്ലണ്ടിനെതിരെ ഡബിള്‍ സെഞ്ച്വറി നേടിയപ്പോള്‍ നേരിട്ടത് 306 പന്തുകളായിരുന്നു. ഇതില്‍ 23 ഫോറുകളും ഒരു സിക്‌സും ഉള്‍പ്പെട്ടിരുന്നു. 185 പന്തുകളില്‍ നിന്നും എട്ട് ഫോറുകളും ഒരു സിക്‌സും ഉള്‍പ്പെടെയായിരുന്നു സെഞ്ച്വറി തികച്ചത്.

കരുണ്‍ നായരെ കൂടാതെ രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും അര്‍ധ സെഞ്ച്വറി സ്വന്തമാക്കി. അശ്വിന്‍ 67 റണ്‍സ് നേടിയപ്പോള്‍ പുറത്താകാതെ 51 റണ്‍സായിരുന്നു ജഡേജയുടെ സമ്പാദ്യം. മുരളി വിജയ് 29 റണ്‍സും നേടി. മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ ഒരു റണ്‍സിന് ഡബിള്‍ സെഞ്ച്വറി നഷ്ടപ്പെട്ട ലോകേഷ് രാഹുലാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് മികച്ച തുടക്കമിട്ടത്.

311 പന്തുകളില്‍ നിന്നും 16 ഫോറുകളും മൂന്ന് സിക്‌സും ഉള്‍പ്പെടെയായിരുന്നു രാഹുല്‍ 199 റണ്‍സെടുത്തത്. അദ്ദേഹത്തിന്റെ കരിയറിലെ നാലാം സെഞ്ച്വറി കൂടിയായിരുന്നു അത്. കളിയുടെ ആദ്യ ദിനങ്ങളില്‍ പാര്‍ത്ഥിവ് പട്ടേലും കരുണ്‍ നായരും ടീം ഇന്ത്യയ്ക്ക് വേണ്ടി അര്‍ധ സെഞ്ച്വറി നേടിയിരുന്നു. അതേസമയം, ചേതേശ്വര്‍ പൂജാര, ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി എന്നിവര്‍ യഥാക്രമം 16, 15 റണ്‍സ് വീതമാണ് നേടിയത്.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ഇന്നിംഗ്‌സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ടീം ഇന്ത്യ 759 റണ്‍സ് നേടിയത്. 2009ല്‍ ശ്രീലങ്കയ്‌ക്കെതിരെ ടീം ഇന്ത്യ നേടിയ 726 റണ്‍സും ഇതോടെ തിരുത്തപ്പെട്ടു. അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇപ്പോള്‍ ടീം ഇന്ത്യയ്ക്ക് 282 റണ്‍സിന്റെ ലീഡായി. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവാര്‍ട്ട് ബ്രോഡ്, ഡോസണ്‍ (രണ്ട് വീതം) മൊയീന്‍ അലി, ബെന്‍ സ്‌റ്റോക്‌സ്, ആദില്‍ റഷീദ് എന്നിവര്‍ വിക്കറ്റുകള്‍ നേടി.

Comments

comments

Categories: Slider, Top Stories