ഇറ്റാലിയന്‍ സീരി എ: എസ് റോമയെ തകര്‍ത്ത് യുവന്റസ്

ഇറ്റാലിയന്‍ സീരി എ:  എസ് റോമയെ തകര്‍ത്ത് യുവന്റസ്

 

മിലാന്‍: ഇറ്റാലിയന്‍ സീരി എ ലീഗ് ഫുട്‌ബോളില്‍ കരുത്തരായ യുവന്റസിന് ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ ഇരുപത്തഞ്ചാം വിജയം. എ എസ് റോമയെ മറുപടിയില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് യുവന്റസ് 2014ല്‍ സൃഷ്ടിച്ച ക്ലബ് റെക്കോര്‍ഡിനൊപ്പെമെത്തിയത്. 2013 ആഗസ്റ്റ് മുതല്‍ 2014 നവംബര്‍ വരെയുള്ള കാലയളവിലായിരുന്നു ഇതിന് മുമ്പ് യുവന്റസ് തുടര്‍ച്ചയായ 25 ഹോം മത്സരങ്ങളില്‍ വിജയമറിഞ്ഞത്.

അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വെയിനാണ് എഎസ് റോമയ്‌ക്കെതിരെ യുവന്റസിനായി ഗോള്‍ സ്വന്തമാക്കിയത്. മത്സരത്തിന്റെ പതിനാലാം മിനുറ്റില്‍ പതിനെട്ട് വാര അകലെ നിന്നുള്ള തകര്‍പ്പന്‍ ഷോട്ടിലൂടെയാണ് 29-കാരനായ ഹിഗ്വെയിന്‍ എതിര്‍ വല കുലുക്കിയത്. ലീഗ് സീസണില്‍ ഹിഗ്വെയിന്‍ നേടുന്ന പത്താം ഗോളായിരുന്നു റോമയ്‌ക്കെതിരായത്.

ഗോണ്‍സാലോ ഹിഗ്വെയിനിന്റെ ഷോട്ടിന് മുന്നില്‍ എഎസ് റോമ ഗോള്‍ കീപ്പറായ വോസിച്ച് നിസഹായനായിരുന്നു. എഎസ് റോമയ്‌ക്കെതിരായ ജയത്തോടെ പതിനേഴ് മത്സരങ്ങളില്‍ നിന്നും 42 പോയിന്റുള്ള യുവന്റസ് ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുകയാണ്. പരാജയപ്പെട്ടതോടെ ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള എഎസ് റോമ യുവന്റസുമായി ഏഴ് പോയിന്റ് അകലത്തിലായി.

മറ്റൊരു മത്സരത്തില്‍, സ്വന്തം തട്ടകത്തില്‍ അറ്റലാന്റയോട് ഗോള്‍ രഹിത സമനില വഴങ്ങിയ എസി മിലാന്‍ 35 പോയിന്റുള്ള എഎസ് റോമയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്താനുള്ള ഒരവസരം നഷ്ടപ്പെടുത്തി. എസി മിലാന് 33 പോയിന്റാണുള്ളത്. കാഗ്‌ലിയാരിക്കെതിരായ ലീഗിലെ മറ്റൊരു കളിയില്‍ എംപോലി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയിച്ചു.

Comments

comments

Categories: Sports