ഇന്ത്യന്‍ ജിഡിപി ബ്രിട്ടനെ മറികടക്കുന്നു

ഇന്ത്യന്‍ ജിഡിപി ബ്രിട്ടനെ മറികടക്കുന്നു

ന്യൂഡെല്‍ഹി: ബിട്ടന്റെ സാമ്പത്തികശേഷിയേക്കാള്‍ വലിയ സമ്പദ്‌വ്യവസ്ഥായായി ഇന്ത്യ വളരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നൂറ് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ബ്രിട്ടനെ മറികടക്കുന്നത്. കഴിഞ്ഞ 25 വര്‍ഷക്കാലത്തിനിടയില്‍ ഇന്ത്യയിലുണ്ടായിട്ടുള്ള സാമ്പത്തികമായ മുന്നേറ്റത്തിനൊപ്പം ബ്രെക്‌സിറ്റ് ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയില്‍ ഏല്‍പ്പിച്ച ആഘാതവും കൂടിച്ചേര്‍ന്നപ്പോഴാണ് ഇത് യാഥാര്‍ത്ഥ്യമായത്.

നേരത്തേ 2020ഓടെ ഇന്ത്യയ്ക്ക് യുകെ ജിഡിപിയെ മറികടക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഉണ്ടായിട്ടുള്ള പൗണ്ടിന്റെ മൂല്യത്തകര്‍ച്ചയാണ് ഇക്കാര്യത്തില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് ശക്തി പകരുന്നത്. 12 മാസത്തിനുള്ളില്‍ പൗണ്ടിന്റെ മൂല്യത്തില്‍ 20 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ യുകെയുടെയും ഇന്ത്യയുടെയും ജിഡിപി യെ അമേരിക്കന്‍ ഡോളറിലേക്ക് പരിവര്‍ത്തനം ചെയ്യുമ്പോള്‍ ഇന്ത്യയുടെ ജിഡിപി മുന്നിലെത്തിക്കഴിഞ്ഞുവെന്നാണ് വ്യക്തമാകുന്നത്. നിലവിലെ വിനിമയ നിരക്ക് പ്രകാരം യുകെയുടെ ജിഡിപി 2.29 ട്രില്യണ്‍ യുഎസ് ഡോളറാണെങ്കില്‍ ഇന്ത്യയുടേത് 2.30 ട്രില്യണ്‍ യുഎസ് ഡോളറാണ്. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 6-8 ശതമാനത്തിലും ബ്രിട്ടന്റെത് 1-2 ശതമാനത്തിലും തുടരുന്നതിനാല്‍ ഈ വ്യത്യാസം കൂടുതലായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
1991ലെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കു ശേഷമാണ് ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയില്‍ വലിയ മാറ്റമുണ്ടാകുന്നത്. യുകെയുടെ സാമ്പത്തിക വളര്‍ച്ചയേക്കാള്‍ വേഗത്തിലുള്ള മുന്നേറ്റത്തിനാണ് ഇക്കാലയളവില്‍ ഇന്ത്യ സാക്ഷ്യം വഹിച്ചത്. ഇതിനൊപ്പം ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ ആന്തരികമായി നേരിട്ട വെല്ലുവിളികള്‍ കൂടിചേരുകയായിരുന്നു.

Comments

comments

Categories: Slider, Top Stories

Related Articles