പുതുതലമുറ ഗെയിമിംഗ് ഡിവൈസുകളുമായി എച്ച്പി

പുതുതലമുറ ഗെയിമിംഗ് ഡിവൈസുകളുമായി എച്ച്പി

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗെയിമിംഗ് മേഖലയില്‍ പുതിയ മാറ്റങ്ങള്‍ക്കൊരുങ്ങി എച്ച്പി. വരും മാസങ്ങളില്‍ പൂര്‍ണ്ണമായും പുതിയ ശ്രേണിയിലുള്ള പ്രോഗ്രാമുകള്‍ പുറത്തിറക്കും. ചലച്ചിത്രങ്ങളെയും ഗെയിമുകളെയും ലക്ഷ്യം വച്ച് വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി സാധ്യതകള്‍ ഉപഭോക്താക്കള്‍ക്ക് കമ്പനി ലഭ്യമാക്കും. കമ്പ്യൂട്ടര്‍ ഗെയിമിംഗ് മേഖല ഇനിയും വളരേണ്ടതുണ്ട്. കുറച്ചു നാളുകള്‍ക്കു മുമ്പ് വരെ ഇന്ത്യന്‍ വിപണിയില്‍ ഗെയിമുകളുടെ സാധ്യത വളരെ കുറവായിരുന്നു. എന്നാല്‍ ഇന്ന് ഈ അവസ്ഥയ്ക്ക് മാറ്റം വന്നു. കുട്ടികളും കോളെജ് വിദ്യാര്‍ത്ഥികളും ഇന്ന് ഓണ്‍ലൈന്‍ ഗെയിമുകളിലേക്ക് തിരിഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ കൂടുതല്‍ വേഗത്തില്‍ ഓരോരുത്തരുടെയും പിസിയില്‍ കൂടതല്‍ നല്ല ഗെയിമുകള്‍ക്കുള്ള സാധ്യതകള്‍ ഒരുക്കേണ്ടതുണ്ട്-എച്ച്പി ഇന്ത്യ എംഡി രാജീവ് ശ്രീവാസ്തവ പറഞ്ഞു.

ഗെയിമിംഗ് മേഖലയിലെ ഈ വളര്‍ച്ചയെ വെര്‍ച്വല്‍ റിയാലിറ്റിയുടെ സഹായത്തോടെ ശക്തിപ്പെടുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പേഴ്‌സണലൈസേഷനുള്ള സാധ്യതയാണ് ഇതിന്റെ പ്രധാന സവിശേഷതകളില്‍ ഒന്നായി എച്ച്പി എടുത്തുകാട്ടുന്നത്. ഉദാഹരണത്തിന് പാദരക്ഷകളില്‍ താല്‍പര്യമുള്ള ഒരാള്‍ക്ക് പാദത്തിന്റെ അളവെടുത്ത് അത് ഉപയോഗിച്ച് അയാള്‍ ആഗ്രഹിക്കുന്ന സവിശേഷതകളോടെ ചെരുപ്പുകള്‍ ഡിസൈന്‍ ചെയ്‌തെടുക്കുവാന്‍ സാധിക്കും.

JD.com വഴി ചൈനയില്‍ ഞങ്ങളുടെ ഗെയിമിംഗ് മെഷീനുകള്‍ അവതരിപ്പിച്ച് ഒരു മണിക്കൂറിനുള്ളില്‍ 10000 യൂണിറ്റുകളാണ് വിറ്റു പോയത്-ശ്രീവാസ്തവ പറഞ്ഞു. എച്ച്പി ടെക്‌നോളജിയുടെ സാധ്യതകള്‍ ഉപയോഗിച്ച് സിനിമാ നിര്‍മ്മാണം കൂടുതല്‍ മനോഹരവും സ്വകാര്യവുമാക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എച്ച്പി സിനിമനിര്‍മ്മാതാക്കളുമായും ചര്‍ച്ച നടത്തും. ആനിമേഷന്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സിനിമകളിലും വീഡിയോകളിലും വെര്‍ച്ച്വല്‍ റിയാലിറ്റിയുടെ സാധ്യതകള്‍ വളരെ വലുതാണ്.

പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ മേഖലയില്‍ ആകെ മാര്‍ക്കറ്റ് ഷെയറിന്റെ 28.8 ശതമാനവും എച്ച്പിക്ക് സ്വന്തമാണ്. ഐഡിസിയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ പിസി മാര്‍ക്കറ്റില്‍ മൂന്നാം പാദത്തില്‍ എച്ച്പി 18.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
ഇന്ത്യാ ഗവണ്‍മെന്റിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയോടും വളരെ അനുകൂലമായ നിലപാടാണ് കമ്പനി പുലര്‍ത്തുന്നത്. കഴിഞ്ഞ എട്ടുമാസത്തിനിടെ പ്രത്യേക ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാമിലും എച്ച്പി നിക്ഷേപം നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ 200 മുതല്‍ 500 വരെ നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനിയിപ്പോള്‍. ഇന്ത്യ മുഴുവനായി മള്‍ട്ടി മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് കമ്പനി നടത്തിയിരിക്കുന്നത്

ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, ഉല്‍പ്പാദനം, മെയ്ക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ ഗവണ്‍മെന്റിന്റെ പദ്ധതികളുമായും കമ്പനി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. നോട്ട് അസാധുവാക്കല്‍ പിസിയുടെയും വലിയ സ്‌ക്രീന്‍ ഡിവൈസുകളുടെയും ആവശ്യകത വര്‍ദ്ധിപ്പിക്കുമെന്നും എച്ച്പി പ്രതീക്ഷ പ്രകടിപ്പിച്ചു.

Comments

comments

Categories: Branding