തിരിച്ചുവരവിന്റെ പാതയില്‍ ഹാന്‍ടെക്‌സ്

തിരിച്ചുവരവിന്റെ പാതയില്‍ ഹാന്‍ടെക്‌സ്

കേരളത്തിന്റെ കാലാവസ്ഥയില്‍ ധരിക്കാന്‍ ഏറെ അനുയോജ്യമായവയാണ് കൈത്തറി വസ്ത്രങ്ങള്‍. ഒരു കാലത്ത് ഏറെ ജനകീയമായിരുന്ന കൈത്തറിക്ക് ഇടയ്‌ക്കെപ്പോഴോ ആ പ്രതാപം നഷ്ടപ്പെടാന്‍ തുടങ്ങിയിരുന്നു. എന്നാലിപ്പോള്‍ ശക്തമായ തിരിച്ചുവരവു നടത്താന്‍ കൈത്തറിക്കു കഴിഞ്ഞിട്ടുണ്ട്.
കൈത്തറി ഉല്‍പ്പന്ന നിര്‍മാണ മേഖലയിലെ കേരള സര്‍ക്കാര്‍ സംരംഭമാണ് ഹാന്‍ടെക്‌സ്. 55 വര്‍ഷത്തോളമായി വസ്ത്ര വിപണിയിലുള്ള ഹാന്‍ടെക്‌സിനെ കൈപിടിച്ചുയര്‍ത്തിയവരില്‍ പ്രമുഖനാണ് ഇപ്പോഴത്തെ ഹാന്‍ടെക്‌സ് മാനേജിംഗ് ഡയറക്ടര്‍ കെ എസ് അനില്‍കുമാര്‍. തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളെജില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദം സ്വന്തമാക്കിയ അനില്‍കുമാര്‍ വിദ്യാഭ്യാസത്തിനുശേഷം നേരേ ചെന്നെത്തിയത് വ്യവസായ വകുപ്പില്‍ ടെക്‌നിക്കല്‍ ഓഫീസര്‍ പദവിയിലേക്കാണ്.
പിന്നീട് വളര്‍ച്ചയുടെ നാളുകളായിരുന്നു അദ്ദേഹത്തെ കാത്തിരുന്നത്. അതേവകുപ്പില്‍ തന്നെ ജോയിന്റ് ഡയറക്ടര്‍, അതിനുശേഷം സമാനവകുപ്പില്‍ തൃശൂര്‍ ജില്ലയിലെ ജനറല്‍ മാനേജര്‍ പദവി, അവിടെ നിന്ന് ഡെപ്യൂട്ടേഷനില്‍ ഹാന്‍ടെക്‌സിന്റെ മാനേജിംഗ് ഡയറക്ടറിലേക്കെത്തി നില്‍ക്കുകയാണ് ഇപ്പോള്‍ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല.
കഴിഞ്ഞ ഒന്നരവര്‍ഷമായി ഹാന്‍ടെക്‌സ് മാനേജിംഗ് ഡയറക്ടറുടെ ചുമതല വഹിക്കുകയാണ് അനില്‍ കുമാര്‍. രണ്ടുവര്‍ഷ കാലാവധിയിലാണ് അദ്ദേഹം ഹാന്‍ടെക്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍ പദവി ഏറ്റെടുത്തിരിക്കുന്നത്. അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ മാറ്റങ്ങളുടെ പരമ്പര തന്നെയാണ് ഹാന്‍ടെക്‌സില്‍ അരങ്ങേറുന്നത്. പ്രതാപം നഷ്ടപ്പെട്ട ഹാന്‍ടെക്‌സിനെ കൈപിടിച്ചുയര്‍ത്താന്‍നിര്‍ണായക ഇടപെടലുകളാണ് അദ്ദേഹം നടത്തിയത്. അനില്‍കുമാര്‍ ചുമതലയേറ്റെടുക്കുമ്പോള്‍ ഹാന്‍ടെക്‌സിന്റെ വിറ്റുവരവ് 24 കോടി മാത്രമായിരുന്നു. 2016-ലെ കണക്കുകള്‍ പ്രകാരം 36 കോടിയായി ഇപ്പോഴത്തെ വിറ്റുവരവ് വര്‍ധിച്ചിരിക്കുന്നു.
” കൃത്യമായ പ്രൊഫഷണല്‍ രീതികളിലൂടെയായിരുന്നില്ല പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോയിരുന്നത്. പ്രൈമറി , കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് ഹാന്‍ടെക്‌സിന്റെ ഉല്‍പ്പന്നങ്ങള്‍
നിര്‍മ്മിക്കുന്നത്. എക്കൗണ്ടുകള്‍ കൃത്യമായി രേഖപ്പെടുത്തുകയെന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. എന്നാല്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റി സൂക്ഷിക്കാന്‍ തുടങ്ങിയത് സങ്കീര്‍ണ്ണതകളെ ലഘൂകരിച്ചു. ഇപ്പോള്‍ എല്ലാ ഡാറ്റകളും ഇലക്ട്രോണിക് ആക്കി സൂക്ഷിക്കാന്‍ തുടങ്ങി. കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്തുന്നത് ഒരു പരിധിവരെ നഷ്ടത്തില്‍ നിന്ന് കരകയറാന്‍ സഹായിക്കുമെന്നുറപ്പാണ്. എല്ലാ സ്ഥിതിവിവരക്കണക്കുകളും ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റി സൂക്ഷിക്കേണ്ടിയിരിക്കുന്നു. എല്ലാ ഡാറ്റകളും ഇലക്ട്രോണിക് ആക്കാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്. ഉല്‍പ്പന്നങ്ങളുടെ വിപണനവും സ്റ്റോക്ക് ലഭ്യതയും ഇപ്പോള്‍ ഒരു ക്ലിക്കിലൂടെ അറിയാനാവും, ” അനില്‍ കുമാര്‍ പറയുന്നു.
പ്രൈമറി , കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ ഉല്‍പ്പാദിപ്പിക്കുന്ന വസ്തുക്കള്‍ വിപണയില്‍ മുന്നിലെത്തിക്കാനാണ് ഹാന്‍ടെക്‌സ് ലക്ഷ്യമിടുന്നത്. പരമ്പരാഗത വസ്തുക്കളോടൊപ്പം ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഉല്‍പ്പന്നങ്ങളാണ് ഹാന്‍ടെക്‌സ് മുന്നില്‍ കാണുന്നത്. ഇതിന് ഉല്‍പ്പന്നങ്ങള്‍ക്ക് പുതുമ അനിവാര്യമാണ്. ഇ-കോമേഴ്‌സ് രംഗം സജീവമാക്കുകയാണ് ഹാന്‍ടെക്‌സിന്റെ മറ്റൊരു ദൗത്യം. ഇതിലൂടെ ഇടപാടുകളില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരാനുമാവും.
”ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഇടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോകണം , ചെയ്യുന്ന ജോലി ആര്‍ക്കും തലവേദനയാകരുത്. ഇതോടൊപ്പം പരമ്പരാഗത കൈത്തറി തൊഴിലാളികളുടെ ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് കൃത്യമായി വേതനം നല്‍കാനും ശ്രമിക്കുന്നുണ്ട്.,’ അനില്‍കുമാര്‍ വ്യക്തമാക്കുന്നു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കൈത്തറി വസ്ത്രമേഖലയ്ക്കും കനത്ത തിരിച്ചടിയായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
ഹാന്‍ടെക്‌സിന്റെ പ്രധാന ഷോറൂമുകളുടെയെല്ലാം നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സാധാരണക്കാരുമായി കൂടുതല്‍ അടുക്കുന്നതിലൂടെ കൂടുതല്‍ മെച്ചപ്പെടാന്‍ ഹാന്‍ടെക്‌സിന് കഴിയുമെന്നും അനില്‍കുമാര്‍ പ്രതീക്ഷിക്കുന്നു. കച്ചവടത്തിനപ്പുറം കേരളത്തിന്റെ തനത് കരകൗശല വസ്തുക്കള്‍കൂടി ഇതിനോടൊപ്പം പ്രോത്സാഹിപ്പിക്കാനാവും. ഹാന്‍ടെക്‌സിന്റെ ഷര്‍ട്ടുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറെയാണ്. ആദ്യകാലങ്ങളില്‍ കേരളത്തിനു വെളിയില്‍ ഹാന്‍ടെക്‌സിന് ഔട്ട്‌ലെറ്റുകളുണ്ടായിരുന്നുവെങ്കില്‍ ഇന്ന് അവ കേരളത്തിനുള്ളില്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു. ”നിലവില്‍ 98 ഔട്ട്‌ലെറ്റുകളാണ് ഹാന്‍ടെക്‌സിനുള്ളത്. 300-ഓളം സ്ഥിരം ജീവനക്കാരും അത്രത്തോളം തന്നെ താല്‍ക്കാലിക ജീവനക്കാരും ഇവിടെയുണ്ട്. കൈത്തറി തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വരുമാനം വളരെക്കുറവായതിനാല്‍ പരമ്പരാഗത നെയ്ത്തുകാര്‍
പോലും ഈ തൊഴിലിനോട് വിമുഖതകാട്ടാന്‍ തുടങ്ങിയിട്ടുണ്ട്, ” അനില്‍കുമാര്‍ പറയുന്നു. ഹാന്‍ടെക്‌സിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ തന്നെയാണ് കെ എസ് അനില്‍ കുമാറിന്റെ ശ്രമം. ഹാന്‍ടെക്‌സിനെ സംബന്ധിച്ചിടത്തോളം പുതിയ വളര്‍ച്ച നേടാന്‍ അനില്‍ കുമാറിനു മുന്നില്‍ വെല്ലുവിളികള്‍ ഏറെയായിരുന്നു, ഇതെല്ലാം തരണംചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞത് തന്റെ കഴിവിലുള്ള വിശ്വാസവും പ്രവര്‍ത്തന മേഖലയോടുള്ള ആത്മാര്‍ഥതയും മൂലമായിരുന്നു.
” നമുക്ക് നാം തന്നെ മാതൃകയാവുകയാണ് വേണ്ടത്. ഒരാളും പൂര്‍ണമായും തികഞ്ഞവരല്ല, ശരികളെളെപ്പോലെ തെറ്റുകളും എല്ലാവരിലുമുണ്ടാകും. അതുകൊണ്ടുതന്നെ നമ്മള്‍ സ്വയം മാതൃകയാവണം”. അദ്ദേഹം പറയുന്നു.

Comments

comments

Categories: FK Special